വൈൻ ഉണ്ടാക്കാം ഓൺലൈനായി, ഡോർ ടു ഡോർ ഡെലിവെറിയും; താരമായി ഡിസ്കവർ കാലിഫോർണിയ
Mail This Article
ഡിസ്കവർ കാലിഫോർണിയ എന്ന കമ്പനി ഇപ്പോൾ വൈൻപ്രേമികളുടെ ഇടയിലെ താരമാണ്. ലോക്ഡൗൺ കാരണം വീട്ടിൽ ഇരിക്കുന്നവർക്ക് വൈൻ രുചികൾ അറിയാനും വൈൻ യാർഡുകൾ സന്ദർശിക്കാനും വിർച്വലായി സൗകര്യമൊരുക്കി വേറിട്ട പാതയിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഡിസ്കവർ കാലിഫോർണിയ വൈൻ പ്രേമികളുടെ ഇഷ്ടഭാജനമായി തീർന്നിരിക്കുന്നത്. ലൈവ് ടേസ്റ്റിങ്, കുക്കിങ് ക്ലാസുകൾ, സെമിനാറുകൾ എന്നിവ ഓൺലൈൻ ആയി നടത്തി, പുത്തൻ ആശയവുമായി ബഹുദൂരം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് കമ്പനി.
വൈൻ ഫാക്ടറികളിൽ എപ്രകാരമാണോ വൈൻ നിർമിക്കുന്നത് അത്തരത്തിൽ വൈൻ നിർമാണത്തിലേർപ്പെടാൻ കമ്പനി ഉപഭോക്താക്കളെ സഹായിക്കും. എൺപതോളം വൈൻ പരീക്ഷണങ്ങൾ ഓൺലൈൻ ആയി വീട്ടിൽ ഇരുന്നു കാണാവുന്നതും പരീക്ഷിക്കാവുന്നതുമാണ്. കൂടാതെ കാലിഫോർണിയയിൽ ഡോർ ടു ഡോർ ഡെലിവെറിയുമുണ്ട്. വൈൻ സാംപിളുകൾ വീട്ടിലെത്തിച്ചു നൽകും. രുചിച്ചറിഞ്ഞു ഇഷ്ടപ്പെട്ടാൽ മാത്രം വൈൻ വാങ്ങിയാൽ മതിയാകും.
വീട്ടിൽ ഇരുന്നു വൈൻ രുചിക്കാനുള്ള സൗകര്യം മാത്രമല്ല, ലോക്ഡൗൺ കാരണം യാത്രകൾ പോകാൻ കഴിയുന്നില്ലല്ലോ എന്നു പരിതപിക്കുന്നവർക്കായി വിർച്വൽ ടൂറുകളും ഡിസ്കവർ കാലിഫോർണിയ സംഘടിപ്പിക്കുന്നുണ്ട്. യാത്രാപ്രേമികൾക്കു വൈൻ യാർഡുകളിലേയ്ക്ക് മൊബൈൽ ഫോൺ വഴി ഓൺലൈൻ ആയി യാത്രകൾ പോകാം. വൈൻ നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളെക്കുറിച്ചു വിശദീകരിക്കാനും വൈൻ യാർഡിന്റെ സവിശേഷതകളെപ്പറ്റി പറഞ്ഞു തരുന്നതിനും ഒരു വിർച്വൽ ഗൈഡും ഈ ഓൺലൈൻ യാത്രയിലുടനീളം അനുഗമിക്കുന്നതായിരിക്കും.
കാലിഫോർണിയയിൽ മാത്രമല്ല, അമേരിക്കയിലെ മെരിലാൻഡ്, ഒറിഗോൺ, ന്യൂയോർക്ക് തുടങ്ങിയയിടങ്ങളിലും ഡിസ്കവർ കാലിഫോർണിയയുടെ ഈ ആശയത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ ഈ സ്ഥലങ്ങളിലെ പല വൈൻ കമ്പനികളും സമാന ആശയവുമായി മുന്നോട്ട് വന്നിട്ടുണ്ട്.