ADVERTISEMENT

വിദേശരാജ്യങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവയില്‍ ഒന്നാണ് ഊട്ടി. എത്ര തവണ പോയിക്കണ്ടാലും മതിവരാത്തത്ര മനോഹാരിതയാണ് ഊട്ടിയുടെ മുഖമുദ്ര. നിരവധി കാഴ്ചകള്‍ ഉണ്ടെങ്കിലും ഊട്ടിയിലെ ടോയ് ട്രെയിന്‍ യാത്രയെ കവച്ചുവെക്കാന്‍ മറ്റൊരു അനുഭവത്തിനും സാധിക്കില്ല എന്ന് എല്ലാ സഞ്ചാരികളും ഒരേപോലെ സമ്മതിക്കും. കണ്‍കുളിര്‍ക്കെ പച്ചപ്പും മലനിരകളും കണ്ട്, പശ്ചിമഘട്ടം തഴുകിവരുന്ന കുളിര്‍കാറ്റേറ്റ് ട്രെയിനില്‍ സ്വപ്നസമാനമായ യാത്രയാണിത്. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ മാസം അവസാനം ഊട്ടിയിലെ ട്രെയിന്‍ സര്‍വീസ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

 

ഇന്ത്യയുടെ പൈതൃകത്തീവണ്ടി

ooti-train44

 

ഇന്ത്യയിലെ മലയോര തീവണ്ടിപാതകളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസായ നീലഗിരി മൗണ്ടന്‍ റെയില്‍വേ. 1854 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാരാണ് ഇതിന്‍റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട്,  2005 ജൂലൈയിൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാത ലോകപൈതൃകസ്മാരക പട്ടികയിൽപ്പെടുത്തി. ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും ഇതേപോലെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

 

പതിയെ ആസ്വദിച്ച് കാണാം, കാഴ്ചകള്‍

 

ooty-train55

സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടി സഞ്ചരിക്കുന്നത്. നീലഗിരി ജില്ലയുടെ തലസ്ഥാനമായ ഊട്ടി, 'ഉദഗമണ്ഡലം' എന്ന പേരിലും പ്രശസ്തമാണ്. ഏറെക്കാലമായി ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹണിമൂൺ ഡെസ്റ്റിനേഷനാണ് ഇവിടം. അതുകൊണ്ടുതന്നെ ടോയ് ട്രെയിനില്‍ ഒരിക്കലും ഒരു സീറ്റ് പോലും ഒഴിവുണ്ടാവാറില്ല.

 

മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. 46 കിലോമീറ്റർ ദൂരത്തിൽ, നാലര മണിക്കൂറോളം നീളുന്ന യാത്രയാണിത്. ഈ ട്രെയിന്‍, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവയിലൂടെ കടന്നുപോകുന്നു.

 

പ്രധാന സ്റ്റേഷനുകള്‍

 

ദക്ഷിണേന്ത്യയിൽ ദിവസേന സർവീസ് നടത്തുന്ന ഏക പർവത റെയിൽവേയാണ് നീലഗിരി മൗണ്ടൻ റെയിൽവേ. ദിവസേന ഒരു ജോഡി ട്രെയിനുകൾ ഈ റൂട്ടില്‍ ഓടുന്നത്. ഇത് മേട്ടുപ്പാളയത്ത് നിന്ന് 07:10 ന് പുറപ്പെട്ട് ഊട്ടിയിൽ 12 മണിക്ക് എത്തും. വൈകീട്ട് 2 ന് ഊട്ടിയിൽനിന്ന് പുറപ്പെട്ട് 5.35 ന് മേട്ടുപ്പാളയത്തെത്തും. കൂനൂർ, വെല്ലിംഗ്ടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ ലഭിക്കും.

 

എങ്ങനെ ബുക്ക് ചെയ്യാം?

 

ടോയ് ട്രെയിന്‍ ടിക്കറ്റുകള്‍ ഇന്ത്യൻ റെയിൽവേയുടെ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം. കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് നിയന്ത്രണം ഉണ്ട്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും സീസണിലുമെല്ലാം സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലായിരിക്കും. കുറഞ്ഞത് രണ്ടോ മൂന്നോ മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്താലാകും ട്രെയിൻ യാത്ര സാധ്യമാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com