സോളോ യാത്രികരുടെ ഇഷ്ടയിടം; ന്യൂ ഓര്‍ലീന്‍സിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്
Mail This Article
വനിതകളായ സഞ്ചാരികള്‍ക്ക് ഒറ്റക്ക് സുരക്ഷിതമായി ആസ്വദിക്കാവുന്ന നിരവധി കാഴ്ചകളാണ് ന്യൂ ഓര്‍ലീന്‍സിലുള്ളത്. ഷോപ്പിങ് മുതല്‍ ഭക്ഷണവൈവിധ്യവും സംഗീതവും നൈറ്റ് ലൈഫും വരെ ഇവിടെ ആസ്വദിക്കാനാവും. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തിലെ മെക്‌സിക്കന്‍ ഉള്‍ക്കടല്‍ തീരത്തായുള്ള ന്യൂ ഓര്‍ലീന്‍സ് തിളക്കമാര്‍ന്ന രാത്രി ജീവിതത്തിന് പേരു കേട്ടതാണ്. എന്തൊക്കെയാണ് ന്യൂ ഓര്‍ലീന്‍സിലെ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങളെന്നു നോക്കാം.
നൈറ്റ് ലൈഫിനു പേരുകേട്ട ന്യൂ ഓര്‍ലീന്‍സിലാണ് ബ്രേക്ക് ഫാസ്റ്റും ലഞ്ചും ചേര്‍ന്ന ബ്രഞ്ച് പ്രചാരം നേടിയതെന്ന് കരുതപ്പെടുന്നു. രുചികരമായ ബ്രഞ്ചിന് കണ്‍ട്രി ക്ലബിലേക്കോ ജാക്ക് റോസിലേക്കോ പോവാം. കമാന്‍ഡേഴ്‌സ് പാലസിലെത്തിയാല്‍ ജാസ് സംഗീതം ആസ്വദിച്ച് ബ്രഞ്ച് കഴിക്കാനാവും. ഷാംപെയിന്‍ വിഭവമായ മിമോസാസോ ബ്ലഡി മേരിയോ ആണ് ലക്ഷ്യമെങ്കില്‍ ഫ്രഞ്ച് ക്വാര്‍ട്ടറിലെ സെയിന്റ് ജോണ്‍ മികച്ച ഓപ്ഷനാണ്.
കോക്‌ടെയിലുകള്‍ക്കും പേരുകേട്ട സ്ഥലമാണ് ന്യൂ ഓര്‍ലീന്‍സ്. നഗരത്തിലെ ആദ്യ കോക്‌ടെയില്‍ ഉണ്ടാക്കിയവരെന്ന് അവകാശപ്പെടുന്നവരാണ് സാസെറാക് ഹൗസ്. ഇവരുടെ മദ്യ നിര്‍മാണശാലകള്‍ സന്ദര്‍ശിക്കാനും കോക്ടെയില്‍ നിര്‍മിക്കുന്നത് കാണാനുമെല്ലാം അവസരമുണ്ട്.
റസ്റ്ററന്റുകൾക്കും മനോഹരമായ തെരുവുകള്‍ക്കും ഷോപ്പിങ്ങിനും രാത്രിജീവിതത്തിനും നിര്‍മിതികള്‍ക്കും പേരുകേട്ട സ്ഥലമാണ് ഫ്രഞ്ച് ക്വാര്‍ട്ടര്‍. പ്രാദേശിക സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ നിരവധിയുള്ള ഡെക്കാറ്റുര്‍ തെരുവും ആര്‍ട്ട് ഗാലറികളുടെ സ്വന്തം റോയല്‍ സ്ട്രീറ്റും ഫ്രഞ്ച് ക്വാര്‍ട്ടറിലാണ്. മാഗസിന്‍ സ്ട്രീറ്റില്‍ ഒന്നു ചുറ്റിയടിക്കാതെ ഫ്രഞ്ച് ക്വാര്‍ട്ടറിലെ യാത്രാനുഭവം പൂര്‍ണമാവില്ല. സൈക്കിക്ക് റീഡിങിനു താല്‍പര്യമുള്ളവര്‍ക്ക് ജാക്‌സണ്‍ സ്‌ക്വയറിലേക്കു പോവാം. തണുത്ത ഐറിഷ് കോഫികള്‍ക്ക് പ്രസിദ്ധമാണ് എറിന്‍ റോസ്. പ്രീമിയം എസ്പ്രസോകളാണ് വേണ്ടതെങ്കില്‍ ഡ്രിപ് അഫൊഗാറ്റോ ബാറാണ് നല്ലത്. ചതുപ്പു നിലങ്ങള്‍ നിരവധിയുള്ള ന്യൂ ഓര്‍ലീന്‍സില്‍ ചതുപ്പു നിലത്തിലൂടെയുള്ള സ്പീഡ് ബോട്ട് യാത്രയും വ്യത്യസ്ത അനുഭവമായിരിക്കും. ഫ്രഞ്ച്‌മെന്‍ സ്ട്രീറ്റിലാണ് തല്‍സമയ സംഗീത പരിപാടികള്‍ നടക്കുക. ജംബാലയ, ഗുംബോ എന്നിങ്ങനെയുള്ള തനത് ന്യൂ ഓര്‍ലീന്‍സ് വിഭവങ്ങള്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ന്യൂ ഓര്‍ലീന്‍സ് സ്‌കൂള്‍ ഓഫ് കുക്കിങിലെയോ ഡിലൈറ്റ്ഫുള്‍ റോക്‌സ് സ്‌കൂള്‍ ഓഫ് കുക്കിങിലേയോ കുക്കിങ് ക്ലാസുകള്‍ വഴി പഠിക്കാനുമാവും.
ഫ്രഞ്ച് ക്വാര്‍ട്ടറിലെ ടിജോന്‍ സുഗന്ധം നിറഞ്ഞ സ്ഥലമാണ്. ഇവിടെ നിങ്ങള്‍ക്ക് സ്വന്തം നിലക്ക് പെര്‍ഫ്യൂം ഉണ്ടാക്കാനും അവസരമുണ്ട്. മുന്നൂറിലധികം സുഗന്ധങ്ങളില്‍ നിന്നും നിങ്ങള്‍ക്കിഷ്ടമുള്ള ഓയില്‍ ചേര്‍ത്ത് സ്വന്തം നിലക്ക് പെര്‍ഫ്യൂം ഉണ്ടാക്കാനുമാവും. അമേരിക്കയിലെ 50 ബെസ്റ്റ് ബാറുകളിലൊന്ന് എന്ന വിശേഷണമുള്ള ഹോട്ടല്‍ മോണ്ടലിയോണിലെ കറോസല്‍ ബാറും വ്യത്യസ്ത അനുഭവമായിരിക്കും. ന്യൂ ഓര്‍ലീന്‍സിലെ ഏക കറങ്ങുന്ന ബാറാണിത്. വേനലാണെങ്കില്‍ വൂ ഓര്‍ലീന്‍സ് പോലുള്ള റൂഫ് ടോപ് ബാറുകളും നല്ല തിരഞ്ഞെടുപ്പായിരിക്കും.