ദൈവങ്ങളുടെ സ്വന്തം നാട് മാത്രമല്ല, ദൈവങ്ങളുടെ സ്വന്തം ദ്വീപുമുണ്ട്
Mail This Article
ആധുനിക ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ പെടുന്ന ജേജു ദ്വീപ് ലോകസഞ്ചാരികള്‍ക്ക് എക്കാലത്തും ഏറെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും സ്വയംഭരണാധികാരമുള്ള ഏകദ്വീപുമായ ജേജു പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അഗ്നിപര്‍വതങ്ങളും ലാവാ പ്രവാഹങ്ങളുമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. മികച്ച ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ജേജുവിലെ സാമ്പത്തിക വ്യവസ്ഥ വിനോദസഞ്ചാരത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ജെജു ദ്വീപ് പൂർണ്ണമായും അഗ്നിപർവ്വത സ്‌ഫോടനങ്ങളിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. 1,950 മീറ്റർ ഉയരമുള്ള അഗ്നിപർവ്വതവും ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരമുള്ള പർവതവുമാണ് ഹല്ല പർവതനിര. ഒരു കാലത്ത് ഈ ദേശങ്ങളിൽ വസിച്ചിരുന്നവർ ഡെമി-ദേവന്മാരുടെ കഥ പറയുന്ന ഒരു ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇൗ ദ്വീപിനെ “ദൈവങ്ങളുടെ ദ്വീപ്” എന്ന് നാമകരണം ചെയ്തത്.
ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ്.
കൊറിയയുടെ ഹവായ്
ജേജുവിലെ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാനഘടകമാണ് ടൂറിസം. അതുകൊണ്ടുതന്നെ ‘ദക്ഷിണ കൊറിയയുടെ ഹവായ്’ എന്നും ഇതിനെ വിളിക്കുന്നു. ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് മൂന്നുമാസം വരെ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ക്ക് ജേജുവില്‍ വീസ ആവശ്യമില്ല.
രണ്ടു മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സമുദ്രത്തിലെ ഒരു അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ഫലമായി ഉണ്ടായതെന്ന് കരുതപ്പെടുന്ന ജേജുവിന്‍റെ ആകര്‍ഷണീയമായ ബീച്ചുകളും മനോഹരമായ പ്രകൃതിയും ആരെയും ആകര്‍ഷിക്കും. പ്രതിവര്‍ഷം ഒന്നരക്കോടിയോളം സഞ്ചാരികള്‍ ഇവിടെ എത്തുന്നു എന്നാണു കണക്ക്. വെറും ആറരലക്ഷം പേര്‍ മാത്രം വസിക്കുന്ന ദ്വീപാണ് എന്നോര്‍ക്കണം!
കൂടുതല്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍
കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍ 2035 ഓടെ, വർഷത്തിൽ 45 ദശലക്ഷം ആളുകൾക്ക് സേവനം ലഭ്യമാക്കുന്ന ഒരു വിമാനത്താവളത്തിന്‍റെ നിര്‍മാണത്തെക്കുറിച്ച് ചർച്ചകള്‍ നടക്കുകയാണ് ഇവിടെയിപ്പോള്‍. നിലവിലുള്ള ജേജു രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിവർഷം 30 ദശലക്ഷത്തോളം ആളുകളെത്തുന്നു എന്നാണ് കണക്ക്. ടോക്കിയോ, ഒസാക്ക, ബെയ്ജിങ്, ഷാങ്ഹായ്, തായ്‌പേയ് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് നേരിട്ടു വിമാന സർവീസ് ലഭ്യമാക്കാനും പദ്ധതിയുണ്ട്.
കൂടിവരുന്ന മാലിന്യങ്ങള്‍
മറ്റേതു വിനോദസഞ്ചാര കേന്ദ്രത്തെയും പോലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ മൂലം മലിനീകരണം ഇവിടെയുമുണ്ട്. ഇതൊരു ഗുരുതര പ്രശ്നമായി കണക്കിലെടുത്ത് 2030 ഓടെ ദ്വീപ് കാര്‍ബണ്‍ രഹിതമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം. ഇതിന്‍റെ ഭാഗമായി ഇലക്ട്രിക് കാറുകളും മറ്റും പ്രോത്സാഹിപ്പിക്കുന്നു.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍
കൊറിയയിലെ ഏറ്റവും പ്രശസ്തമായ സർഫിങ് കേന്ദ്രങ്ങളില്‍ ഒന്നാണ് ജേജു. കൊറിയൻ സർഫിങ്ങിന്‍റെ ജന്മസ്ഥലം കൂടിയാണിത്. വിയോൾജംഗ് ബീച്ച്, ജംഗ്മുൻ ബീച്ച് എന്നിവയാണ് ഇവിടത്തെ ഏറ്റവും പ്രശസ്തമായ ചില ബീച്ചുകൾ. 1995 ൽ സ്ഥാപിതമായ കൊറിയയിലെ ആദ്യത്തെ സർഫിങ് ക്ലബ് ജംഗ്മുൻ ബീച്ചിലാണ്. കൂടാതെ മറ്റു ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടിയുണ്ട്.
* 8 കിലോമീറ്റർ നീളമുള്ള മഞ്‌ജംഗുൽ ലാവ ട്യൂബ്. ഇതിന്‍റെ 1 കിലോമീറ്റർ ഭാഗം സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു.
* സിയോങ്‌സാൻ ഇൽചുൽബോംഗ് അഥവാ ‘സൺറൈസ് പീക്ക്’
* ഹല്ലാസൻ പർവതം
* സിയോംഗൂപ്പ് ഫോക്ക് വില്ലേജ്
* ജേജു ടെഡി ബെയർ മ്യൂസിയം
* ജേജു ലവ്‌ലാൻഡ്
* ഒസുലോക്ക് ടീ മ്യൂസിയം.
സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം
ജേജു ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ്.
English Summary: Jeju Island, South Korea’s Island of the Gods