മനുഷ്യക്കുരുതി നടത്തിയ നദി; ഉപ്പുവെള്ളത്തിലൂടെ ശുദ്ധജല ഉറവ! ഇന്നും അവസാനിക്കാത്ത നിഗൂഢത

Mail This Article
സൂര്യരശ്മികള്‍ എത്തി നോക്കാതെ ഇരുണ്ട നീല നിറം വ്യാപിച്ചുകിടക്കുന്ന കൊടും കാട്. അതിനുള്ളില്‍ മനോഹരമായ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഒരു തടാകം. ഉള്ളിലെ വെള്ളത്തിനുമുണ്ട് പ്രത്യേകത, ഉപ്പുവെള്ളവും ശുദ്ധജലവുമുണ്ട് ഈ ജലാശയത്തില്‍. സഞ്ചാരികള്‍ക്ക് കാടിനുള്ളില്‍ ഒരേ സമയം കടലിലൂടെയും നദിയിലൂടെയും നീന്താം! നിഗൂഢതകള്‍ ഉള്ളിലൊളിപ്പിച്ച് വശ്യമായി പുഞ്ചിരിച്ച് സഞ്ചാരികളെ വലിച്ചടുപ്പിക്കുകയാണ് മെക്സിക്കോയിലെ യുക്കാറ്റാന്‍ ഉപദ്വീപിലുള്ള സേനോട്ടേ ഏഞ്ചലിറ്റ എന്ന ഭൂഗര്‍ഭ നദി.
മുകളില്‍ ഉപ്പുവെള്ളവും താഴെയായി ശുദ്ധജലമൊഴുകുന്ന നദിയുമാണ്. ഒരേ സമയം തന്നെ കടലിലും പുഴയിലും നീന്തുന്ന പോലെയുള്ള അനുഭവമായിരിക്കും ഇതിനുള്ളിലൂടെയുള്ള ഡൈവിങ്. ഹൈഡ്രജൻ സൾഫൈഡിന്‍റെ സാന്നിധ്യം മൂലമാണ് ഈ അപൂര്‍വ പ്രതിഭാസം ഉണ്ടാകുന്നത്. ശുദ്ധജലത്തിന് ഉപ്പുവെള്ളത്തെ അപേക്ഷിച്ച് ഭാരം കൂടുതലായതിനാല്‍ അത് മറ്റൊരു പാളിയായി ജലാശയത്തിനടിയില്‍ ഒരു ഭൂഗര്‍ഭ നദി സൃഷ്ടിക്കുന്നു.

ചുണ്ണാമ്പുകല്ലുകള്‍ക്കിടയില്‍ ആഴമുള്ള പോടുകള്‍ ഉണ്ട്, ഭൂഗര്‍ഭജലം മായന്‍ പദമാണ് സേനോട്ടേ. മെക്സിക്കോയില്‍ ഇത്തരത്തിലുള്ള നിരവധി ജലാശയങ്ങളുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണ് ലോകത്ത് ഇത്തരത്തിലുള്ളവയില്‍ പലതും. നൂറ്റാണ്ടുകളായി യുക്കാറ്റാനിലെ കുടിവെള്ളത്തിന്‍റെ പ്രാഥമിക ഉറവിടമാണ് ഇവ. മായന്‍ വിശ്വാസം അനുസരിച്ച് ചില തടാകങ്ങള്‍ പവിത്രമായും കരുതിപ്പോരുന്നു. ഇവയില്‍ പലതിലും മായന്‍ ഗോത്രം മനുഷ്യക്കുരുതി പോലെയുള്ള ആചാരങ്ങളും നടത്തിയിരുന്നു. ഇത്തരത്തിലുള്ള തടാകങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടെങ്കിലും ഓഫ്‌ഷോർ ഡൈവിങ്ങിന് ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനുകള്‍ മെക്സിക്കോയിലാണ് ഉള്ളത്.
ഏഞ്ചലിറ്റ എന്നാല്‍ “ചെറിയ മാലാഖ” എന്നാണര്‍ത്ഥം. മേഘങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു വരുന്ന മാലാഖയെ ഓര്‍മിപ്പിക്കും ഈ നദി. ശുദ്ധജലത്തിനും ഉപ്പുവെള്ളത്തിനും ഇടയിലുള്ള സള്‍ഫേറ്റ് പാളികളുടെ സാന്നിധ്യം ജലത്തെ അതാര്യമാക്കുകയും ജലത്തിനടിയില്‍ രൂപപ്പെട്ട മേഘങ്ങള്‍ പോലെ കാണപ്പെടുകയും ചെയ്യുന്നു. ജലതിനടിയില്‍ ഏകദേശം 60-100 അടി ആഴത്തിലാണ് ഈ പുകമറ രൂപപ്പെടുന്നത്. ഏഞ്ചലിറ്റ നദി കിടക്കുന്നതാവട്ടെ, ഏകദേശം 200 അടി ആഴത്തിലാണ്. വെള്ളത്തിനുള്ളില്‍ പലയിടത്തും ദൃശ്യത കുറവായതിനാല്‍ അണ്ടര്‍വാട്ടര്‍ ടോര്‍ച്ചുകള്‍ ഉപയോഗിച്ചാണ് സഞ്ചാരികള്‍ ഇതിനടിയിലേക്ക് നീന്തുന്നത്. താഴെയുള്ള അന്ധകാരത്തില്‍ നിന്നും മുകളിലെ പ്രകാശത്തിലേക്ക് പൊങ്ങിവരുമ്പോള്‍, മേഘങ്ങള്‍ക്കിടയില്‍ നിന്ന് വെയിലിലേക്ക് യാത്ര ചെയ്യുന്ന പോലെയുള്ള മായിക അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.

കൃത്യമായി പറഞ്ഞാല്‍, മെക്സിക്കൻ സംസ്ഥാനമായ ക്വിന്റാന റൂയിൽ, യുക്കാറ്റൻ ഉപദ്വീപിന്റെ തെക്കുകിഴക്കൻ തീരത്ത്, കാൻകുൻ ബീച്ചിലേക്ക് പോകുന്ന റോഡില്‍ നിന്ന് അല്‍പ്പം മാറി കാട്ടിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വിചിത്രവും മനോഹരവുമായ ഡൈവ് സ്പോട്ടുകളില്‍ ഒന്നായ സേനോട്ടേ ഏഞ്ചലിറ്റ ഒളിഞ്ഞിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ അതിമനോഹരമായ അനുഭവമായി തോന്നുമെങ്കിലും സേനോട്ടേ ഏഞ്ചലിറ്റയിലൂടെയുള്ള ഡൈവിങ് അത്ര എളുപ്പമല്ല. പരിചയസമ്പന്നരായ സാഹസിക മുങ്ങൽ വിദഗ്ധർക്ക് മാത്രമേ ഇവിടെയുള്ള ഡൈവിങ് വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിക്കുകയുള്ളൂ.
English Summary: Scuba Diving in Cenote Angelita Mexico