വവ്വാലുകള്‍ നിറഞ്ഞ ഗുഹയില്‍ കയറാം; കാണാം, കാടും തൂക്കുപാലങ്ങളും വെള്ളച്ചാട്ടങ്ങളും!
Mail This Article
സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാൻ ഏറെ പ്രിയപ്പെട്ട പര്‍വതങ്ങളും ബീച്ചുകളുമെല്ലാം ഈ ലോകത്ത് ധാരാളമുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ഈ രണ്ടു ഭൂവിഭാഗങ്ങള്‍ ആണെങ്കിലും വൈവിധ്യമാര്‍ന്ന പ്രദേശങ്ങള്‍ തേടി യാത്ര ചെയ്യുന്ന സഞ്ചാരികളും ധാരാളമുണ്ട്. അക്കൂട്ടത്തില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കാനഡയിലെ ക്യുബെകില്‍ ഡെസ്ബിയന്‍സ് പട്ടണത്തിലുള്ള ട്രൂ ഡി ലാ ഫീ എന്ന് പേരുള്ള ഗുഹാപ്രദേശം. ആദ്യകാഴ്ചയില്‍ ഭീതിയും ഒപ്പം ആവേശവും ജനിപ്പിക്കുന്ന ഈയിടം വവ്വാലുകളുടെ ആവാസകേന്ദ്രമാണ്.
പ്രകൃതിദത്തമായിത്തന്നെ ഗ്രാനൈറ്റ് കൊണ്ട് നിര്‍മിക്കപ്പെട്ട ഗുഹയാണ് ഇവിടെയുള്ളത്. ഇതിനു ചുറ്റുമായി ഒരു പാര്‍ക്കും ഉണ്ട്. കാനഡയിലെ പ്രധാനപ്പെട്ട നദികളില്‍ ഒന്നായ മെറ്റാബെറ്റ്ചോയാനിന്‍റെ വാലറ്റമാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ ജൈവവൈവിധ്യത്തിന്‍റെ ധാരാളിത്തവും ഇവിടെയെങ്ങും കാണാം. ചുറ്റും നിരവധി മനോഹരമായ മലനിരകളും വെള്ളച്ചാട്ടങ്ങളും നിര്‍മാണം നിര്‍ത്തിവെച്ച ഒരു ഹൈഡ്രോ ഇലക്ട്രിക് പ്ലാന്‍റിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങളും കാണാം. സഞ്ചാരികള്‍ക്ക് പ്രദേശം നടന്നു കാണുന്നതിനായി നിരവധി ഹൈക്കിങ് ട്രയലുകളും ഇവിടെ റെഡിയാണ്. ഏകദേശം നാലു കിലോമീറ്റര്‍ ദൂരം ഇങ്ങനെ നടക്കാം.
പാറക്കല്ലുകളിൽ ഘടിപ്പിച്ച, തൂങ്ങിക്കിടക്കുന്ന നടപ്പാലങ്ങളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. അല്‍പ്പം സാഹസികത ഇഷ്ടമുള്ളവര്‍ക്ക് സിപ്പ് ലൈനുകളില്‍ ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്ക് തൂങ്ങിയാടിപ്പോകാം. ഗുഹയ്ക്കുള്ളില്‍ പാര്‍ക്കുന്ന വവ്വാലുകളെ കാണാം. വളരെ ഇടുങ്ങിയതാണ് ഗുഹാമുഖം. എന്നാല്‍, സാധാരണ വവ്വാലുകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ക്കുണ്ടാകാറുള്ള ഒരു ഭീതിദമായ അന്തരീക്ഷമല്ല ഇവിടെയുള്ളത്; പകരം, ആകെയുള്ള പരിസരത്തിന്‍റെ ശാന്തമനോഹരമായ അന്തരീക്ഷമാണ് സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാവുക.
സഞ്ചാരികള്‍ക്കായി "എക്കോ, ദി മെമ്മറി ഓഫ് സ്റ്റോണ്‍സ്" എന്ന പേരില്‍ ഒരു വിഡിയോ ഷോയും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ട്രൂ ഡി ലാ ഫീയുടെ ചരിത്രവും പരിണാമവുമെല്ലാം ഇതിലൂടെ കാണാം. ഗ്രാനൈറ്റ് വശത്തായി ചെത്തിയൊരുക്കിയാണ് ഇതിനുള്ള പ്രൊജക്ഷന്‍ റൂമും മറ്റും സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടം മൊത്തം നടന്നുകാണാനായി ഏകദേശം 3 മണിക്കൂർ സമയമെടുക്കും. ഗുഹക്കുള്ളില്‍ അര മണിക്കൂര്‍ ചിലവഴിക്കാം, ഇതിനായി ഒരു ഗൈഡും സന്ദര്‍ശകര്‍ക്ക് ഒപ്പം കാണും.
കനേഡിയന്‍ സര്‍ക്കാരിന്‍റെ സംരക്ഷണത്തിന്‍ കീഴിലാണ് ഈ പ്രദേശം. സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ ആദ്യം പണം നല്‍കി ടിക്കറ്റ് എടുക്കണം. മാത്രമല്ല, ഉള്ളിലുള്ള വവ്വാലുകളുടെയും മറ്റു ജീവജാലങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ കര്‍ശനമായ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും സന്ദര്‍ശകര്‍ പാലിക്കുകയും വേണം. സഞ്ചാരികള്‍ക്ക് വാക്കിംഗ് ഷൂ നിര്‍ബന്ധമാണ്. ഇപ്പോള്‍ കോവിഡ് മൂലം അടച്ചിട്ടിരിക്കുകയാണ് പാര്‍ക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.cavernetroudelafee.ca/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
English Summary: Trou de la Fe Cave Park Attraction of Canada