ഇവിടെ എത്തിയാൽ വീണ്ടും മനുഷ്യനായി പുനര്‍ജനിക്കാം; നേപ്പാളിലെ നിഗൂഢ ക്ഷേത്രം!

Mail This Article
എന്നാണ് നിര്‍മിക്കപ്പെട്ടതെന്നോ ആരാണ് നിര്‍മിച്ചതെന്നോ അറിവില്ലാത്ത പുരാതനമായ കെട്ടിടങ്ങളും ആരാധനാലയങ്ങളുമെല്ലാം നിരവധിയുണ്ട് ഈ ലോകത്ത്. തലമുറകളായി സംരക്ഷിച്ചു പോരുന്ന ഇത്തരം നിര്‍മിതികളില്‍ മിക്കവയും ഇന്ന് സംരക്ഷിത പൈതൃക കേന്ദ്രങ്ങളാണ്. പുരാതനകാലത്തെ ആളുകളുടെ ജീവിതരീതികളിലേക്ക് വെളിച്ചം വീശുന്ന ഇത്തരമിടങ്ങള്‍ ചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കുമെല്ലാം ഉത്തരം കിട്ടാതെ നീളുന്ന സമസ്യകളാണ്. ചുറ്റും നിഗൂഢതയുടെ ആവരണം ഒളിപ്പിച്ചുവച്ച അത്തരമൊരു ക്ഷേത്രമാണ് നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം.
നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് വിശ്വപ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാഗ്മതിനദിയുടെ തീരത്തെ ഈ ക്ഷേത്രത്തില്‍ പശുപതിനാഥഭാവത്തിലുള്ള ശിവനാണ് പ്രതിഷ്ഠ. നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവക്ഷേത്രമായി കണക്കാക്കപ്പെടുന്ന ഇവിടേക്ക് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തരും വിനോദസഞ്ചാരികളും പറന്നെത്തുന്നു. 1979- ൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലും പശുപതിനാഥ ക്ഷേത്രം ഇടംനേടി.
നൂറ്റാണ്ടുകള്‍ പഴക്കം
ഐതിഹ്യങ്ങളും കഥകളുമല്ലാതെ ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ട കാലഘട്ടത്തെക്കുറിച്ച് ഇന്നും കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല. എഡി 400- ലാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 14- ആം നൂറ്റാണ്ടിൽ നേപ്പാൾ രാജാവായിരുന്ന ഭൂപേന്ദ്ര മല്ല പുനർനിർമിച്ചതാണ് ഇന്നുകാണുന്ന ക്ഷേത്രം. പുരാതന കാലത്തെ ഒറിജിനല്‍ ക്ഷേത്രത്തിന്‍റെ പല ഭാഗങ്ങളും ദ്രവിച്ചും നശിച്ചുപോയിരുന്നു. പശുപതിനാഥക്ഷേത്രത്തിനു ചുറ്റുമായി മറ്റു അനവധി ക്ഷേത്രങ്ങളും പിൽക്കാലത്ത് നിർമിക്കപ്പെട്ടു.
പൂജ നടത്തുന്നത് ദക്ഷിണേന്ത്യന്‍ ബ്രാഹ്മണര്‍
ഉത്തരേന്ത്യയിലെ പല പ്രധാനക്ഷേത്രങ്ങളെയും പോലെ, ദക്ഷിണഭാരതത്തില്‍ നിന്നുള്ള ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിലെ പൂജകളും കർമ്മങ്ങളും നിർവഹിക്കുന്നത്. കർണാടകയിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസം നേടിയ വേദ ദ്രാവിഡ ബ്രാഹ്മണ പണ്ഡിതരായ നാലു ഭട്ട ബ്രാഹ്മണര്‍ ആണ് ഇവിടുത്തെ പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്.

മറ്റ് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, പശുപതിനാഥ ക്ഷേത്രത്തിലെ പൗരോഹിത്യം പാരമ്പര്യമല്ല. ശ്രീ ശങ്കരാചാര്യ ദക്ഷിണാംനായ പീഠം ശൃംഗേരിയിൽ നിന്ന് ഋഗ്വേദ പാരായണത്തിൽ വിദ്യാഭ്യാസം നേടിയ ഒരു കൂട്ടം പണ്ഡിതന്മാരിൽ നിന്നാണ് പുരോഹിതന്മാരെ തിരഞ്ഞെടുക്കുന്നത്. ഉഡുപ്പിയിൽ നിന്നുള്ള ഗണേഷ് ഭട്ട്, മംഗളൂരുവിൽ നിന്നുള്ള രാം കരന്ത് ഭട്ട്, സിർസിയിൽ നിന്നുള്ള ഗിരീഷ് ഭട്ട്, ഭട്കലിൽ നിന്നുള്ള നാരായൺ ഭട്ട് എന്നിവരാണ് ഇപ്പോള്‍ ഇവിടുത്തെ പൂജാരിമാര്‍.
വിഗ്രഹം തൊടാനാവുന്നത് നാലുപേര്‍ക്ക് മാത്രം!
പശുപതിനാഥിന്‍റെ ദൈനംദിന ആചാരങ്ങൾക്കായി രണ്ടു കൂട്ടം പുരോഹിതന്മാരാണ് ക്ഷേത്രത്തില്‍ ഉള്ളത്. മുകളില്‍ പറഞ്ഞ ഭട്ട് പൂജാരിമാരാണ് ഒരു കൂട്ടര്‍, ഇതുകൂടാതെ രാജ്ഭണ്ഡാരിമാരും കാണും. വിശ്വാസപ്രകാരം, ഭട്ടമാര്‍ക്ക് മാത്രമേ ലിംഗത്തിൽ തൊടാന്‍ പറ്റൂ. ഭണ്ഡാരിമാർ സഹായികളും ക്ഷേത്രപരിപാലകരുമാണ്, അവർ പൂജാ ചടങ്ങുകൾ നടത്താനോ ദേവനെ തൊടാനോ പാടില്ല. ആകെ 108 രാജഭണ്ഡാരികള്‍ ക്ഷേത്രത്തിലുണ്ട്.
വിസ്മയമുണര്‍ത്തുന്ന വാസ്തുവിദ്യ
നേപ്പാളീസ് പഗോഡ ശൈലിയിലുള്ള വാസ്തുവിദ്യയാണ് പ്രധാന ക്ഷേത്രത്തിന്റേത്. രണ്ട് നിലകളുള്ള മേൽക്കൂരകൾ സ്വർണ്ണ ആവരണത്തോടുകൂടിയ ചെമ്പിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 23 മീറ്റർ 7 സെന്റീമീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള അടിത്തറയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വെള്ളി ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ നാല് പ്രധാന വാതിലുകളും ക്ഷേത്രത്തിനുണ്ട്. അകത്ത് രണ്ട് ഗർഭഗൃഹങ്ങളുണ്ട്. പ്രധാന പ്രതിഷ്ഠയായ മുഖലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് അകത്തെ ഗർഭഗൃഹം, അഥവാ ശ്രീകോവിലിലാണ്, പുറം ശ്രീകോവിൽ തുറന്ന ഇടനാഴി പോലെയുള്ള ഒരു സ്ഥലമാണ്.
വീണ്ടും മനുഷ്യജന്മം തരുന്ന ദേവന്‍!
ഈ ക്ഷേത്രത്തിലെ ശിവലിംഗം കണ്ടു തൊഴുന്നവര്‍ക്ക്- അവര്‍ അങ്ങേയറ്റം പാപങ്ങള്‍ ചെയ്ത ആളുകള്‍ ആയിരുന്നാല്‍പ്പോലും- അടുത്ത ജന്മവും മനുഷ്യനായി പുനര്‍ജനിക്കാനാവും എന്നൊരു വിശ്വാസം നിലവിലുണ്ട്. ഇക്കാരണത്താല്‍ പ്രായമായ ആളുകള്‍ തങ്ങളുടെ ജീവിതത്തിന്‍റെ അവസാന നാളുകള്‍ ചിലവഴിക്കാനായി ഇവിടേക്ക് എത്തുന്നു.
ഭൂകമ്പത്തിന് തൊടാന്‍ പോലുമാവാത്ത ശക്തി

2015 ഏപ്രിൽ 25ന് നേപ്പാളിലുണ്ടായ ഭൂമികുലുക്കം അന്നത്തെ മാധ്യമങ്ങളിലെ വലിയ വാര്‍ത്തയായിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നേപ്പാളിലെ ധാരാളം കെട്ടിടങ്ങളും നിര്‍മ്മിതികളും തകര്‍ത്തു. എന്നാല്‍ പശുപതിനാഥ ക്ഷേത്രത്തിന് അപകടമൊന്നും പറ്റിയില്ല എന്നത് ഭക്തര്‍ വലിയ അതിശയത്തോടെയാണ് കാണുന്നത്.
ഭൂകമ്പത്തിന്‍റെ ഫലമായി ചുവരുകളില്‍ ഏതാനും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു എന്നല്ലാതെ കാര്യമായ കേടുപാടുകള്‍ ഒന്നും പറ്റാതിരുന്നത് ഇവിടെയുള്ള പ്രതിഷ്ടയുടെ ശക്തി മൂലമാണെന്ന് ഭക്തര്‍ കരുതുന്നു.
എല്ലാവര്‍ക്കും എന്‍ട്രി ഇല്ല
ക്ഷേത്രമുറ്റത്തിന് നാല് പ്രവേശന കവാടങ്ങളുണ്ട്. ഇവയില്‍ പ്രധാന കവാടമാണ് പടിഞ്ഞാറേ കവാടം, ബാക്കിയുള്ള മൂന്ന് പ്രവേശന കവാടങ്ങൾ ഉത്സവസമയത്ത് മാത്രമേ തുറക്കൂ. ക്ഷേത്ര സുരക്ഷയും ( ആംഡ് പോലീസ് ഫോഴ്‌സ് നേപ്പാൾ ) പശുപതിനാഥ് ഏരിയ ഡെവലപ്‌മെന്റ് ട്രസ്റ്റുമാണ് അകത്തെ മുറ്റത്തേക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത്. ദക്ഷിണേഷ്യൻ പ്രവാസികളായ ഹിന്ദുക്കളെയും നേപ്പാളി, ടിബറ്റൻ ബുദ്ധമതക്കാരെയും ക്ഷേത്രമുറ്റം വരെ മാത്രമേ അനുവദിക്കൂ. പാശ്ചാത്യ വംശജരായ ഹിന്ദുക്കളെ ക്ഷേത്ര സമുച്ചയത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. സിഖുകാർക്കും ജൈനർക്കും, അവർ ഇന്ത്യൻ വംശജരാണെങ്കിൽ ക്ഷേത്ര സമുച്ചയത്തിൽ പ്രവേശിക്കാം. .
അകത്തെ ക്ഷേത്രമുറ്റം പുലർച്ചെ 4 മുതൽ വൈകിട്ട് 7 വരെ ഭക്തർക്കായി തുറന്നിരിക്കും, പശുപതിനാഥ ക്ഷേത്രം രാവിലെ 5 മുതൽ 12 വരെ രാവിലെ ആചാരത്തിനും ദർശനത്തിനും വൈകുന്നേരം 5 മുതൽ 7 വരെ വൈകുന്നേരത്തെ പൂജകള്‍ക്കുമായി തുറക്കും. മറ്റ് പല ശിവക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഭക്തർക്ക് അകത്തെ ഗർഭഗൃഹത്തിൽ പ്രവേശിക്കാൻ അനുവാദമില്ല, എന്നാൽ പുറത്തുള്ള ഗർഭഗൃഹത്തിന്‍റെ പുറം പരിസരത്ത് നിന്ന് വീക്ഷിക്കാൻ അനുവാദമുണ്ട്.
മഹാ ശിവരാത്രി ബാല ചതുർത്ഥി ഉത്സവം, തീജ് ഉത്സവം എന്നിങ്ങനെ വർഷം മുഴുവനും നിരവധി ഉത്സവങ്ങളും ഇവിടെ അരങ്ങേറുന്നു.
English Summary: The Pashupatinath Temple in Kathmandu Nepal