ADVERTISEMENT

 മാലദ്വീപില്‍ വെക്കേഷന്‍ ദിനങ്ങള്‍ അടിച്ചുപൊളിക്കുകയാണ് ബോളിവുഡ് നടിയും ഹേമമാലിനിയുടെ മകളുമായ ഇഷ ഡിയോള്‍. ഭര്‍ത്താവായ ഭരത് തഖ്താനിക്കും മക്കളായ രാധ്യയ്ക്കും മിരായയ്ക്കുമൊപ്പം ആഘോഷത്തിലാണ്. കുട്ടികളുമായി വെള്ളത്തിൽ കളിക്കുന്നതും മാലദ്വീപിലെ മനോഹരമായ പൊന്‍വെയിലില്‍ ചിരിച്ചു നില്‍ക്കുന്നതുമെല്ലാമായ വിഡിയോകളും ചിത്രങ്ങളും ഇഷ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

2002- ൽ പുറത്തിറങ്ങിയ ‘കോയി മേരേ ദിൽ സേ പൂച്ചെ’ എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മറ്റു നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. അജയ് ദേവ്ഗണിനൊപ്പം ‘രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്നസ്’ എന്ന ചിത്രത്തിലാണ് ഇഷ അവസാനമായി അഭിനയിച്ചത്. നടി മാത്രമല്ല, നിർമാതാവ് കൂടിയാണ് ഇഷ ഡിയോൾ.

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നായ മാലദ്വീപ് പലരുടെയും സ്വപ്ന ടൂറിസ്റ്റ് കേന്ദ്രമാണ്. എത്രവട്ടം പോയി വന്നാലും പിന്നെയും പോകാന്‍ തോന്നുന്ന ഒരു മായികത മാലദ്വീപിനുണ്ട്. ഒട്ടേറെ ലക്ഷ്വറി ടൂറിസ്റ്റ് റിസോര്‍ട്ടുകളും ബീച്ചുകളും സമുദ്രവിനോദങ്ങളുമെല്ലാം നിറഞ്ഞ മാലദ്വീപ്, ഇന്ത്യയില്‍ നിന്നുള്ള സെലബ്രിറ്റികളുടെ പറുദീസയാണ്.

പൊതുവെ നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മാലദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഒക്ടോബറില്‍ പൊതുവേ ഓഫ്സീസണാണ് മാലദ്വീപില്‍. ചൂടും വെയിലും വളരെ കൂടുതലാണ് ഈ സമയത്ത് ഇവിടെ. എന്നാല്‍ സർഫിംഗ്, സ്കൂബ ഡൈവിംഗ്, സ്നോർക്കെല്ലിംഗ് മുതലായ ജലവിനോദങ്ങള്‍ക്ക് പറ്റിയ സമയമാണിത്. തിരക്ക് കുറവായതുകൊണ്ട് തന്നെ റിസോര്‍ട്ട് ബുക്കിംഗിനും വിമാനടിക്കറ്റിനുമെല്ലാം മികച്ച ഡീലുകള്‍ ഈ സമയത്ത് ലഭ്യമാണ്. 

ഈ സമയത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണമാണ് വൈകുന്നേരത്തെ അസ്തമയക്കാഴ്ച ആസ്വദിച്ചുകൊണ്ട് കടലിലൂടെയുള്ള യാത്ര. റൊമാന്റിക് വൈകുന്നേരങ്ങള്‍ക്കായി സണ്‍സെറ്റ് ക്രൂസ് യാത്രകള്‍ ഒരുക്കുന്ന ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ രാത്രികളില്‍ ബീച്ചിലൂടെ കടല്‍ക്കാറ്റേറ്റ് നടക്കാനും ഈ സമയം വളരെ നല്ലതാണ്.

English Summary: Esha Deol enjoys Holiday In Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com