ADVERTISEMENT

വീണ്ടുമൊരു ബാക്ക്പാക്കിങ് യാത്രയുടെ ചിത്രങ്ങളുമായി പ്രണവ് മോഹന്‍ലാല്‍. സിയേറ നെവാഡയില്‍ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിനു മുകളില്‍ കയറുന്നതും മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിലുണ്ട്. സ്പെയിനിൽ Sierra Nevada 🇪🇸 എന്നാണ് പ്രണവ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. മഞ്ഞ് മൂടിയ പർവ്വതനിര എന്നാണ് സിയറ നെവാഡ എന്ന വാക്കിന്റെ അർഥം. സ്പെയിനിലെ ഗ്രാനഡയിലെ അൻഡലൂഷ്യൻ പ്രവിശ്യയിലെ ഒരു പർവതനിരയാണ് ഇത്. കോണ്ടിനെന്റൽ സ്‌പെയിനിലെ ഏറ്റവും ഉയർന്ന പോയിന്റ് ഇവിടെയാണ്. സമുദ്രനിരപ്പിൽ നിന്നു 3,479 മീറ്റർ (11,414 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുൽഹാസെൻ. ഉയർന്ന ഊഷ്മാവിനും സമൃദ്ധമായ സൂര്യപ്രകാശത്തിനും പേരുകേട്ട മെഡിറ്ററേനിയൻ കടലിനോടു ചേർന്നുള്ള യൂറോപ്പിലെ ഏറ്റവും തെക്കൻ സ്കീ റിസോർട്ടുകളിൽ ഒന്നായ ഉയർന്ന കൊടുമുടികൾ സ്കീയിങ്  ചെയ്യാൻ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. അതിന്റെ താഴ്‌വരയിൽ ഗ്രാനഡ നഗരവും കുറച്ചുകൂടി തെക്ക് അൽമേരിയയും മോട്രിലും സ്ഥിതി ചെയ്യുന്നു

Image Credit: pranavmohanlal/instagram
സിയേറ നെവാഡ സ്പെയിനിലെ ഗ്രാനഡയിലെ അൻഡലൂഷ്യൻ പ്രവിശ്യയിലെ ഒരു പർവതനിരയാണ്. Image Credit: pranavmohanlal/instagramImage Credit: pranavmohanlal/instagram

സിയേറ നെവാഡ അമേരിക്കൻ ഐക്യനാടുകളിലും!

സ്പെയിനിൽ മാത്രമല്ല സിയേറ നെവാഡ, അങ്ങ് അമേരിക്കൻ ഐക്യനാടുകളിലും ഇതേ പേരിലൊരു നാടുണ്ട്. പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മധ്യ താഴ്​വരക്കും ഗ്രേറ്റ് ബേസിനും ഇടയിലാണ് ഈ  സിയേറ നെവാഡ സ്ഥിതിചെയ്യുന്നത്. ഈ പർവ്വതനിരകളുടെ ഭൂരിഭാഗവും കലിഫോർണിയ സംസ്ഥാനത്താണ് നിലനിൽക്കുന്നതെങ്കിലും ഇതിന്‍റെ ഭാഗമായ കാർസൺ നിര മാത്രം നെവാഡ സംസ്ഥാനത്താണ് ഉള്ളത്. 

Image Credit: pranavmohanlal/instagram
Image Credit: pranavmohanlal/instagram

നൂറ് ദശലക്ഷം വർഷം പഴക്കമുള്ള ഗ്രാനൈറ്റിലെ ഹിമാനികളിൽ നിന്നും കൊത്തിയെടുക്കപ്പെട്ട യോസെമിററി താഴ്​വര, മൂന്ന് ദേശീയ പാർക്കുകൾ, ഇരുപത് വനപ്രദേശങ്ങൾ, രണ്ട് ദേശീയ സ്മാരകങ്ങൾ എന്നിവയാണ് സിയേറയിലുള്ളത്. ഈ പ്രദേശങ്ങളിൽ യോസെമിററി, സെക്വോയ, കിങ്സ് കാന്യോൺ ദേശീയ ഉദ്യാനങ്ങൾ, ഡെവിൾസ് പോസ്റ്റ്പൈൽ ദേശീയ സ്മാരകം എന്നിവ ഉൾപ്പെടുന്നു. സിയറ നെവാഡയുടെ പ്രാന്തപ്രദേശത്താണ് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ആൽപൈൻ തടാകമായ താഹോ തടാകം ഉള്ളത്. ഏകദേശം 35 കിലോമീറ്റര്‍ നീളവും 20 കിലോമീറ്റര്‍ വീതിയുമുള്ള താഹോ തടാകം മഞ്ഞുമൂടിയ കൊടുമുടികള്‍ക്കിടയിലുള്ള ഒരു താഴ്​വരയിലാണ് സ്ഥിതിചെയ്യുന്നത്. താഹോ തടാകത്തിന് 490 മീറ്ററിലേറെ ആഴമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആഴക്കൂടുതല്‍ കാരണം, ശൈത്യകാലത്ത് പോലും ഇത് തണുത്തുറയുന്നില്ല. 

ഇരുപതാം നൂറ്റാണ്ടോടെ ഒരു ഒഴിവുകാല വിനോദകേന്ദ്രം എന്ന നിലയിൽ താഹോ തടാകം പ്രസിദ്ധി നേടി. ശൈത്യത്തിലും വേനലിലും ഒരു സുഖവാസ കേന്ദ്രമെന്ന നിലയിൽ ഇത് സഞ്ചാരികളെ ആകർഷിക്കുന്നു. ജല കായികാഭ്യാസങ്ങളുടേയും സ്കീയിങ്ങിന്റേയും പ്രധാന വേദി കൂടിയായ താഹോ തടാകം, 1960 ൽ മഞ്ഞുകാല ഒളിമ്പിക്സിന്‍റെ വേദിയായിരുന്നു.

കലിഫോർണിയയിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് വിറ്റ്നി. ഡെനാലി കഴിഞ്ഞാൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഉയരം കൂടിയതും സിയറ നെവാദയിലെ ഏറ്റവും ഉയരം കൂടിയതുമായ ഈ ഈ പർവ്വതശൃംഗത്തിന് 4,421 മീറ്റർ ഉയരമുണ്ട്.

യോസമിറ്റി, സെക്കോയ, കിങ്സ് കാന്യോൺ തുടങ്ങിയ ദേശീയ ഉദ്യാനങ്ങൾ സിയേറയിലെ പ്രധാന കാഴ്ചകളാണ്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഇവ.

അമേരിക്കയിൽ ദേശീയോദ്യാനം എന്ന ആശയത്തിന് തുടക്കം കുറിച്ചത് യോസെമിറ്റിയാണെന്ന് പറയാം. യോസ്സെമിറ്റിയുടെ 95 ശതമാനം കാട്ടുപ്രദേശമാണ്. ആയിരക്കണക്കിന് തടാകങ്ങളും കുളങ്ങളും ഈ ഉദ്യാനത്തിലുണ്ട്. 2,600 കിലോ മീറ്റർ നീളത്തിൽ അരുവികളും 1,300 കി.മീ നീളത്തിൽ ഹൈക്കിങ് പാതകളും‌ം 560 കി.മീ നീളമുള്ള റോഡ് ശൃംഖലയും യോസെമിറ്റിയിലുണ്ട്. മെർസീഡ്, ടുവാളമി എന്നീ മനോഹര നദികൾ യോസെമിറ്റിയിലാണ് ജന്മം കൊള്ളുന്നത്. 

വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ യോസെമിറ്റി വെള്ളച്ചാട്ടം, ഇംഗ്ലീഷ് അക്ഷരമാലയിലെ "U" അക്ഷരത്തിന്‍റെ ആകൃതിയുള്ള യോസെമിറ്റി താഴ്‌വര, സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട എൽ കപ്പിത്താൻ എന്ന കൂറ്റന്‍ കരിങ്കല്‍പ്പാറ, വെർണൽ വെള്ളച്ചാട്ടം, പകുതി മുറിഞ്ഞ ഒരു ഗോളത്തിന്‍റെ ആകൃതിയിലുള്ള ഹാഫ് ഡോം മുതലായവയെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

സെക്കോയ ദേശീയോദ്യാനമാണ് സിയെറയിലെ മറ്റൊരു കാഴ്ച. കിങ്സ് കാന്യൺ ദേശീയോദ്യാനത്തിന്‍റെ തുടർച്ചയെന്നോണം, അതിന്‍റെ തെക്കുഭാഗത്തായാണ് സെക്കോയ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ജയന്‍റ്  സെക്കോയ മരങ്ങൾക്കു പ്രശസ്തമാണ് ഈ ദേശീയോദ്യാനം. ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ ഈ ദേശീയോദ്യാനത്തിലാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പത്ത് മരങ്ങളിൽ അഞ്ചും ഉൾപ്പെടുന്ന ജയന്‍റ് വനപ്രദേശത്താണ് ജനറൽ ഷെർമാൻ വൃക്ഷം വളരുന്നത്.

ഡെവിൾസ് പോസ്റ്റ്പൈൽ ദേശീയ സ്മാരകമാണ് മറ്റൊരു കാഴ്ച. മാമോത്ത് പർവതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഭീമന്‍ ബസാള്‍ട്ട് പാറക്കൂട്ടവും ഒട്ടേറെ ആളുകളെ ആകര്‍ഷിക്കുന്നു.

English Summary:

Actor Pranav Mohanlal shares stunning photos from his backpacking adventure through the majestic Sierra Nevada, capturing iconic landmarks like Yosemite and Lake Tahoe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com