അമേരിക്കയ്ക്ക് പ്രിയപ്പെട്ട തമിഴ് ഗ്രാമം; സ്ത്രീകളുടെ കഠിനാധ്വാനത്തിൽ മാറിമറിഞ്ഞ നാട്
Mail This Article
തിരുനല്‍വേലിയിലെ കൂനിയൂര് ഗ്രാമം തമിഴ്നാട്ടിലെ മറ്റേതൊരു ഗ്രാമവും പോലെ തന്നെയാണ്. ചെറിയ കുടിലുകളും പൊടി പിടിച്ച വഴികളും തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങളുമുള്ള ഗ്രാമം. സ്വന്തം ഗ്രാമം വിട്ട് പുറത്തുപോയിട്ടില്ലാത്തവരാണ് ഗ്രാമീണരിലേറെയും. ചെന്നൈ പോലും അവര്‍ക്ക് സ്വപ്നങ്ങളിലെ മഹാനഗരമാണെങ്കിലും ഗ്രാമത്തിന്റെ കീര്‍ത്തി അതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കുകയാണ്; അങ്ങ് അമേരിക്ക വരെ.
കൂനിയൂരിനെ അമേരിക്കയുടെ പ്രിയപ്പെട്ട ഗ്രാമമാക്കിയത് മണ്‍പാത്രവ്യവസായം. ഗ്രാമത്തില്‍ പരമ്പരാഗത തൊഴിലാളികള്‍ നിര്‍മിക്കുന്ന കുടങ്ങളും മറ്റും അമേരിക്കയുള്‍പ്പെടെ വിദേശരാജ്യങ്ങളിലേക്ക് നിരന്തരമായി കയറ്റിയയ്ക്കപ്പെടുന്നു. എല്ലാറ്റിനും കാരണമായത് 52 വയസ്സുകാരി ശാന്തിയും അവരെ വിശ്വസിച്ച് വ്യവസായം തുടങ്ങാന്‍ സഹായം നല്കിയ സന്നദ്ധ സംഘടനയും.
പരമ്പരാഗതമായി പാത്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ശാന്തിയുടെ കുടുംബക്കാര്. ശാന്തിയും ആ ജോലി തന്നെ ചെയ്താണ് കുടുംബം പുലര്‍ത്തുന്നതും പക്ഷേ കാലം മാറിയപ്പോള്‍ വെല്ലുവിളികളും ഏറി. പ്രകൃതിദുരന്തങ്ങളും സ്വാഭാവിക മണ്ണിന്റെ കുറവുമൊക്കെ വരുമാനത്തെ ബാധിക്കാന്‍ തുടങ്ങി. മണ്പാത്രവ്യവസായവുമായി മുന്നോട്ടുപോകുന്നതുതന്നെ ബുദ്ധിമുട്ടായി. ശാന്തിയും ഭര്‍ത്താവും കൂടി വിശ്രമമില്ലാതെ ജോലി ചെയ്തിട്ടും അവര്‍ക്ക് വര്‍ഷം നേടാനായത് അമ്പതിനായിരം രൂപയോളം. രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങിയ ഒരു കുടുംബത്തിന് ആ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥ. മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുകകൂടി ചെയ്തതോടെ ഭാവി അവര്‍ക്ക് ആശങ്കയുടേതായി.
രണ്ടുവര്‍ഷം മുമ്പ് ശാന്തി പ്രതിസന്ധികളില്‍നിന്ന് കരകയറാനായി ശ്രീനിവാസന് സര്‍വീസസ് ട്രസ്റ്റ് എന്ന സംഘടനയെ സമീപിച്ചു. തന്റെ ഗ്രാമത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളികളെ സഹായിക്കാനും വേണ്ടി ടി.വി സുന്ദരം അയ്യങ്കാര്‍ സ്ഥാപിച്ച സന്നദ്ധ സംഘനടന. മണ്‍പാത്ര വ്യവസായത്തെ സഹായിക്കാന്‍ ശാന്തിയുടെ നേതൃത്വത്തില്‍ അവര്‍ സ്ത്രീകളുടെ ഒരു സംഘം രൂപീകരിച്ചു- നര്‍മദ.
സര്‍ക്കാരില്‍ നിന്ന് ലഭിക്കാനിടയുള്ള സഹായങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതും സംഘടനയുടെ ജോലിയായിരുന്നു. രണ്ടുവര്‍ഷം കൊണ്ട് നര്‍മദ പേരും പെരുമയും നേടി. അവരുടെ ഉല്പന്നങ്ങള് ഗ്രാമവും ചെന്നൈയും കടന്ന് അമേരിക്ക വരെ എത്താന്‍ തുടങ്ങി. ഒറ്റയ്ക്കു ജോലി ചെയ്തിരുന്ന ശാന്തിയുടെ കീഴില്‍ 20 തൊഴിലാളികള്‍ പണിയെടുക്കാന്‍ തുടങ്ങി. ഓരോ കുടുംബവും വര്‍ഷം രണ്ടരലക്ഷം രൂപവീതം വാര്‍ഷിക വരുമാനം നേടാനും തുടങ്ങി.
പാരമ്പര്യത്തില്‍ പൂര്‍ണമായും ഊന്നിനിന്നുകൊണ്ടായിരുന്നു ശാന്തിയുടെയും കൂട്ടുകാരുടെയും മണ്‍പാത്രവ്യവസായം. ഗ്രാമത്തിന്റെ പ്രത്യേകതയായ മികച്ച മണ്ണുതന്നെ ഉപയോഗിച്ചു. വിദേശങ്ങളിലുള്പ്പെടെ ആ പാത്രങ്ങളെ പ്രിയപ്പെട്ടതാക്കിയത് അവരുടെ തനിമ. കൃത്രിമമില്ലായ്മ. ബഹുരാഷ്ട്ര ഉല്പന്നങ്ങളോട് മല്‍സരിക്കാനല്ല മറിച്ച് സ്വന്തം സംസ്കാരത്തിലും തനിമയിലും ഊന്നിനിന്ന് ഗുണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അവരുടെ തീരുമാനം; അതു ഗുണം ചെയ്തു. വ്യവസായം പച്ചപിടിച്ചതോടെ സമീപപ്രദേശങ്ങളില്‍നിന്നും പാത്രനിര്മാണത്തിനുവേണ്ട മണ്ണ് സര്‍ക്കാര്‍ സൗജന്യമായി എത്തിച്ചുകൊടുത്തു. തമിഴ്നാടിനുപുറമെ അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ നര്‍മദയുടെ പാത്രങ്ങള്‍ ഇപ്പോള്‍ എത്തുന്നുണ്ട്.
പുതിയ തൊഴിലാളികള്‍ വന്നാല്‍ ശാന്തി അവര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം കൊടുക്കും. പിന്നെ അവര്‍ സ്വയം പര്യാപ്തതയോടെ ജോലി തുടങ്ങുകയായി. 30-40 രൂപ വരെ ചെലവില്‍ നിര്‍മിക്കുന്ന പാത്രങ്ങള്‍ക്ക് 500 രൂപ വരെ കിട്ടാന്‍ തുടങ്ങി. സ്ത്രീകള്‍ക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും അവര്‍ പഠിച്ചു. ഓരോരുത്തരും മാസം 15,000 രൂപ വരെ നേടുന്നുണ്ട്.
ശാന്തിയുടെ അനന്തരവന് മുത്തുകുമാര്‍ അമേരിക്കയില്‍ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. എല്ലാ അവധിക്കാലത്തും തിരുനല്‍വേലിയില്‍ എത്താറുള്ള മുത്തുകുമാര്‍ മണ്പാത്രവ്യവസായത്തിന്റെ വിവധ ഘട്ടങ്ങള്‍ ഷൂട്ട് ചെയ്ത് അമേരിക്കയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവര്‍ പാത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ മുത്തുകുമാര്‍ ഏജന്റായി പ്രവര്‍ത്തിച്ചുതുടങ്ങി. പ്രത്യേകിച്ചൊരു മാര്‍ക്കറ്റിങ് സ്ട്രാറ്റജിയും ഇല്ലാതെയായിരുന്നു അവരുടെ പ്രവര്‍ത്തനം കേട്ടറിഞ്ഞ്, മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ബിസിനസ് വ്യാപിച്ചതും.
കൂടുതല്‍ ഓര്‍ഡറുകള്‍ എത്തിയതോടെ തൂത്തുക്കുടിയിലുള്ള മുത്തുകുമാറിന്റെ ബന്ധുക്കള്‍ ഒരു ബിസിനസ് മോഡല്‍ സെറ്റ് ചെയ്തു. നര്‍മദയുടെ അമേരിക്കയിലെ മാര്‍ക്കറ്റിങ് ഹെഡാണ് ഇപ്പോള്‍ മുത്തുകുമാര്‍. ഇതുവരെ പതിനയ്യായിരത്തോളം കുടങ്ങള്‍ അവര്‍ അമേരിക്കയില്‍ എത്തിച്ചുകഴിഞ്ഞു. വിദേശത്ത് മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലൂടെ രാജ്യമാകെ തങ്ങളുടെ മണ്‍പാത്ര നിര്‍മാണത്തിന്റെ കീര്‍ത്തി എത്തിക്കുകയാണ് ശാന്തിയുടെ ലക്ഷ്യം. ഒപ്പം ഗ്രാമീണ സ്ത്രീകള്‍ക്ക് മികച്ച വരുമാനമാര്‍ഗവും.