'എന്റെ കുഞ്ഞുങ്ങൾ ജീവിതത്തിന്റെ അവിഭാജ്യഘടകം,അവരാണ് എന്റെ ലോകം'; തുറന്നു പറഞ്ഞ് പേളി മാണി

Mail This Article
നടിയായും അവതാരകയായും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് പേളി മാണി. ഭർത്താവ് ശ്രീനിഷിനും മക്കളായ നില, നിതാര എന്നിവർക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിച്ചു വരികയാണ് പേളി. താരത്തിന്റെ വിഡിയോകളിൽ മക്കളുടെ സാന്നിധ്യവും സ്ഥിരം ഉണ്ടാകാറുണ്ട്. കുട്ടികളുള്ളപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ആളുകൾ തന്നോട് ചോദിക്കാറുണ്ടെന്നും എന്നാൽ, കുട്ടികളില്ലാതെ എങ്ങനെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് താൻ ചിന്തിക്കുന്നതെന്നും പേളി പറഞ്ഞു. നിലയ്ക്കും നിതാരയ്ക്കും ഒപ്പമുള്ള ചിത്രത്തിന് ഒപ്പം പങ്കുവെച്ച കുറിപ്പിലാണ് കുട്ടികളില്ലാത്ത സമയത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് പേളി വ്യക്തമാക്കിയത്.
'രണ്ടു കുട്ടികളെയും വെച്ച് കാര്യങ്ങൾ എങ്ങനെ ചെയ്യുന്നുവെന്ന് ആളുകൾ ചോദിക്കുമ്പോഴെല്ലാം ഞാൻ എന്നെക്കുറിച്ച് തന്നെയാണ് ചിന്തിക്കുന്നത്, അവരില്ലാതെ ഞാൻ ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ചിന്തിക്കുന്നത്. എന്റെ കുഞ്ഞുങ്ങൾ എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറി, അത് എനിക്ക് ഹൃദയം നിറഞ്ഞെന്ന തോന്നലാണ് നൽകുന്നത്. ഇതിൽ കൂടുതലൊന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. തീർച്ചയായും വെല്ലുവിളി നിറഞ്ഞ ദിവസങ്ങളുണ്ട്. ഞാൻ അത് കൈകാര്യം ചെയ്യുമ്പോൾ എനിക്ക് കൂടുതൽ ശക്തയായ എന്നെത്തന്നെ കാണാൻ കഴിയുന്നു. അവരാണ് എന്റെ ലോകം, ഞാൻ നന്ദിയുള്ളവളാണ്. നിലയും നിതാരയും. എല്ലാ അമ്മമാരും ഞാൻ പറഞ്ഞതിനോട് യോജിക്കും' - പേളി മാണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
പേളി മാണി കുറിച്ചതിനോട് അനുകൂലിച്ച് നിരവധി പേരാണ് കമന്റെ ബോക്സിൽ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പേളിയെ ലഭിച്ചതിൽ മാതാപിതാക്കളും കുഞ്ഞുങ്ങളും ഭാഗ്യം ചെയ്തവരാണെന്ന് ചിലർ കുറിച്ചു. പേളിയുടെ കാഴ്ചപ്പാടിനെ പ്രകീർത്തിച്ച ചിലർ എല്ലാ അർത്ഥത്തിലും ആ കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് കുറിച്ചു.