ജനിച്ചതും മരിച്ചതും ജൂലൈ ഒന്നിന്; ആരാണ് ഡോ.ബിധാൻ ചന്ദ്ര റോയി?

Mail This Article
ഇതു വായിക്കുന്ന എല്ലാവരും ഡോക്ടർമാരെ കണ്ടിട്ടുണ്ട്; അവരുടെ സേവനം ഏറ്റുവാങ്ങിയിട്ടുമുണ്ട്.
രാജ്യത്തെങ്ങുമുള്ള ഡോക്ടർമാരുടെ സേവനത്തിന് നന്ദി പറയാനും ആദരമർപ്പിക്കാനുമായി ഇന്ന് ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു.
ബഹുമുഖപ്രതിഭയായിരുന്ന ഡോ.ബിധാൻ ചന്ദ്ര റോയിയുടെ ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്. അദ്ദേഹം ജനിച്ചതും മരിച്ചതും ജൂലൈ ഒന്നിനായിരുന്നു (1 ജൂലൈ 1882- 1 ജൂലൈ 1962). സ്വാതന്ത്ര്യസമരസേനാനിയും ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ഡോ.ബി.സി. റോയ് ആണ് ആധുനിക ബംഗാളിന്റെ ശിൽപി. ഭാരതരത്ന ലഭിച്ചിട്ടുള്ള ഏക ഡോക്ടറും അദ്ദേഹം തന്നെ. FRCS, MRCP എന്നീ 2 ബിരുദങ്ങളും ലഭിച്ച അപൂർവം ഡോക്ടർമാരിൽ ഒരാൾ.
മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ ഒട്ടേറെ മികച്ച സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും തുടക്കമിടുകയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു അദ്ദേഹം. എല്ലാവർക്കും താങ്ങാനാകുന്ന ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
മിക്ക രാജ്യങ്ങളിലും ദേശീയതലത്തിൽ ഡോക്ടേഴ്‌സ് ദിനം ആഘോഷിക്കാറുണ്ട്. 1933ൽ യുഎസിലാണ് ഈ പതിവ് ആരംഭിച്ചത്. ഇന്ത്യയിൽ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയുടെ ആവശ്യം പരിഗണിച്ച് 1991ലാണ് ജൂലൈ ഒന്ന് ഡോക്ടേഴ്‌സ് ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 'സൗഖ്യത്തിന്റെ കരങ്ങൾ, കരുതുന്ന ഹൃദയങ്ങൾ' എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഇക്കുറി ദിനാഘോഷം. അറിവിനും നൈപുണ്യത്തിനുമൊപ്പം ഒരു ഡോക്ടർക്ക് രോഗികളോട് അനുകമ്പയാർന്ന സമീപനവുമുണ്ടാകണമെന്നതിന് അടിവരയിടുകയാണ് ഈ വിഷയത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡോക്ടർമാർക്കു നന്ദി പറയുന്നതിനൊപ്പം പുതിയ സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഈ ദിനം ഉപകരിക്കണം. കോവിഡ് മഹാമാരി പോലുള്ള സാഹചര്യങ്ങളിൽ സ്വയം മറന്നു വിശ്രമമില്ലാതെ ജോലി ചെയ്ത ആരോഗ്യപ്രവർത്തകരുടെ അനുഭവങ്ങൾ നാം കേട്ടിട്ടുണ്ടല്ലോ. ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, മരുന്നുകളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ സമൂഹത്തെ ബോധവൽക്കരിക്കാനുള്ള അവസരംകൂടിയാണിത്. അതോടൊപ്പം ആരോഗ്യ സംരക്ഷണ മേഖലയുടെ നിലവാരം ഉയർത്താനുള്ള പരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ എല്ലാകോണുകളിൽനിന്നുമുള്ള പിന്തുണയും ഉറപ്പാക്കാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കണം. ഡോ. ബി.സി. റോയിയെപ്പോലെ, മാതൃകയാകാൻ കഴിയുന്ന ഡോക്ടർമാരെ ഇന്നും നമ്മുടെ രാജ്യത്തിനാവശ്യമുണ്ട്. പുതിയ തലമുറയ്ക്ക് വൈദ്യശാസ്ത്രം പഠിക്കാനും പ്രതിബദ്ധതയോടെയും അനുകമ്പയോടെയും അങ്ങേയറ്റം നൈപുണ്യത്തോടെയും ചികിത്സാരംഗത്ത് പുതിയ ചരിത്രം രചിക്കാനും ഈ ഡോക്ടേഴ്‌സ് ഡേ പ്രചോദനം പകരട്ടെ.