ADVERTISEMENT

ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷണം നേടിയ ഒരു കടുവയുടെ കഥ കേട്ടാലോ?ഇന്ത്യയെയും നേപ്പാളിനെയും നടുക്കിയ ഈ ഭയങ്കരി 7 വർഷങ്ങളോളം കാടുകളിൽ വിഹരിച്ചു. 436 പേരെയാണ് ഇതു കൊലപ്പെടുത്തിയത്. ഇതാണ് ചംപാവതിലെ കടുവ. നേപ്പാളിലെ റൂപാലിലാണ് പെൺകടുവ ആദ്യമായി ആക്രമണം തുടങ്ങിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്തായിരുന്നു ഇത്. അന്ന് ഇന്ത്യയിൽ ബ്രിട്ടിഷ് വാഴ്ചക്കാലമായിരുന്നു.

പതുങ്ങിയിരുന്ന് ഇരയുടെ മേൽ ചാടി വീണ് മൂർച്ചയേറിയ നഖങ്ങളും പല്ലുകളും ഉപയോഗിച്ച് ഇരയെ കൊല്ലും. തുടർന്ന് വലിച്ചുനീക്കി ഇരയുടെ ശരീരം ഭക്ഷിക്കും. ഇതായിരുന്നു കടുവയുടെ ആക്രമണരീതി. ആക്രമണം നടന്നയിടങ്ങളിൽ കടുവ അവശേഷിപ്പിച്ച രക്തപ്പാടുകൾ കണ്ടാണ് ഇതു കടുവയുടെ ആക്രമണമാണെന്നു നേപ്പാളിലെ ഗ്രാമീണരും സൈന്യവും വിലയിരുത്തിയത്. കടുവയുടെ ശല്യം നാൾക്കുനാൾ കൂടി വന്നു. എന്തെങ്കിലും ചെയ്തില്ലെങ്കിൽ വലിയ ദുരന്തത്തിലേക്കാകും കടുവയുടെ പ്രവൃത്തികൾ നയിക്കുകയെന്നു മനസ്സിലാക്കിയ നേപ്പാൾ സൈന്യം കടുവയെ ഓടിച്ചുകളയാനായി വലിയ ശ്രമങ്ങൾ തുടങ്ങി. പട്രോളിങ്ങുകളും വലിയ ശബ്ദമുണ്ടാക്കി കാടരിച്ചുള്ള പ്രവർത്തനങ്ങളും വിജയം കണ്ടു. കടുവ ശാരദാ നദി കടന്നു നേപ്പാളിൽ നിന്നു ഇന്ത്യയിലേക്കു പ്രവേശിച്ചു.

ഉത്തരാഖണ്ഡിലെ പ്രകൃതിരമണീയമായ കുമയൂൺ ജില്ലയിലേക്കായിരുന്നു കടുവയുടെ കടന്നുവരവ്. ഇവിടത്തെ ചംപാവത് ഗ്രാമം തട്ടകമാക്കിക്കൊണ്ട് കടുവ തന്റെ വേട്ട പുനരാരംഭിച്ചു. ഒരു ദിവസം 32 കിലോമീറ്റർ വരെ യാത്ര ചെയ്ത് വേട്ടകൾ നടത്താൻ കടുവയ്ക്കു ശേഷിയുണ്ടായിരുന്നത്രേ.

വളരെ ബുദ്ധിമതിയായിരുന്നു ഈ നരഭോജിമൃഗം. ദൂരെസ്ഥലങ്ങളിൽ ചെന്ന് മനുഷ്യനെ കൊന്നു തിന്നശേഷം പെട്ടെന്നു തന്നെ അവിടം വിട്ട് അടുത്തമേഖലയിലേക്കു മാറുന്നതിനാൽ ഇതിനെ പിടിക്കുക ശ്രമകരമായ ദൗത്യമായി മാറി. പകൽവെളിച്ചത്തിലായിരുന്നു ആക്രമണങ്ങൾ എല്ലാം തന്നെ. കുമയൂണിൽ മുഴുവൻ, പ്രത്യേകിച്ചു ചംപാവതിലും പരിസരമേഖലകളിലും കടുവയെക്കുറിച്ചുള്ള ഭീതി അധികരിച്ചു. പുരുഷൻമാർ കടുവയെപ്പേടിച്ചു പുറത്തിറങ്ങാതായി. ജോലി ചെയ്യാൻ ആളില്ലാതെയായതോടെ പ്രദേശത്തിന്റെ സാമ്പത്തികസ്ഥിതി തകർന്നു.

4 വർഷങ്ങൾ ഈവിധം ഭീകരതയിൽ കടന്നു. വർഷം 1907 ആയി. ആളുകൾക്ക് എങ്ങനെയെങ്കിലും ഈ കടുവയെ പിടിക്കുകയോ കൊന്നുകളയുകയോ ചെയ്താൽ മതിയെന്നായി. അവർ ജിം കോർബറ്റിന്റെ സഹായം തേടി. ഇന്ത്യയിൽ താമസിച്ചിരുന്നു ബ്രിട്ടിഷ് കുടുംബത്തിൽ ജനിച്ച വ്യക്തിയായിരുന്നു ജിം. ഒരേസമയം പ്രകൃതി സ്‌നേഹിയും അതേസമയം തന്നെ ദുഷ്ടമൃഗങ്ങളുടെ വേട്ടക്കാരനും...അതായിരുന്നു അദ്ദേഹം. സൈന്യത്തിൽ കേണൽ സ്ഥാനം വഹിച്ചിരുന്ന ജിമ്മിന്റെ വേട്ടക്കാരൻ എന്ന നിലയിലുള്ള പ്രശസ്തി വളരെ ദൂരം വ്യാപിച്ചിരുന്നു. ഇത്തരത്തിൽ, നരഭോജിയായ ഒരു മൃഗത്തിനായി അദ്ദേഹം ഏറ്റെടുത്ത ആദ്യകാല വേട്ടയായിരുന്നു ചംപാവതിലെ കടുവയുടേത്. ജിം കോർബറ്റ് ദൗത്യമേറ്റെടുത്ത് നാളുകൾക്കുള്ളിൽ തന്നെ കടുവ തന്റെ അടുത്തൊരു ഇരയെ കൊന്നുതിന്നു.

പ്രേംക ദേവി ആക്രമണത്തിനിരയായ സ്ഥലത്തെ ചോരപ്പാടുകൾ പിൻതുടർന്ന ജിം കോർബറ്റ് താമസിയാതെ അവളുടെ ശരീര അവശേഷിപ്പുകൾ കിടക്കുന്ന സ്ഥലത്തെത്തി. അവ പരിശോധിച്ച അദ്ദേഹം കടുവതന്നെയാണു കുട്ടിയെ കൊന്നതെന്ന് വിധിയെഴുതി. എന്നാൽ അദ്ദേഹത്തെ കാത്ത് വലിയ അപകടം അവിടെത്തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആ കടുവ തന്നെയായിരുന്നു അത്. കടുവ ജിമ്മിന്റെ നേർക്ക് എടുത്തു ചാടി. എന്നാൽ പെട്ടെന്നു തന്നെ മനസ്സാന്നിധ്യം നേടിയ ജിം തന്റെ റൈഫിളിൽ നിന്നു രണ്ടു തവണ വെടിയുതിർത്തു. വലിയ വെടിശബ്ദത്തിൽ ഭയന്ന് തൽക്കാലം കടുവ പിന്തിരിഞ്ഞു. 

പിറ്റേന്നു തന്നെ ചംപാവതിലെ തഹ്‌സിൽദാറെ കണ്ട് ജിം സഹായമഭ്യർഥിച്ചു. 300 ഗ്രാമീണർ അടങ്ങുന്ന ഒരു പട്രോളിങ് സംഘം തഹ്‌സിൽദാറിന്റെ നിർദേശപ്രകാരം ജിമ്മിനോടൊപ്പം ചേർന്നു. കാടരിച്ചുള്ള തിരച്ചിൽ തുടർന്നു. അന്ന് ഉച്ചയോടെ പെൺകടുവ വേട്ടസംഘത്തിനു മുന്നിൽ വെട്ടപ്പെട്ടു. ജിം കോർബറ്റിന്റെ റൈഫിളിൽ നിന്നുള്ള ഉന്നം തെറ്റാത്ത വെടിയിൽ കടുവ മറിഞ്ഞുവീണു ചത്തു. ചംപാവത്തിലെ സമീപകാലത്തുണ്ടായിരുന്ന ഏറ്റവും വലിയ പേടിസ്വപ്‌നം ഒഴിഞ്ഞതിൽ നാട്ടുകാർ ഹർഷാരവം മുഴക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com