ADVERTISEMENT

ചോദ്യം : എന്റെ മകൾ 9–ാം ക്ലാസിലാണു പഠിക്കുന്നത്. എല്ലാ കാര്യങ്ങളിലും അവൾ മിടുക്കിയാണ്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കും. എല്ലാവരോടും നന്നായിട്ട് ഇടപഴകും. എന്നാൽ, പഠനകാര്യത്തിൽ വളരെ പിന്നാക്കമാണ്. എഴുതുമ്പോൾ നിറയെ അക്ഷരത്തെറ്റുകൾ. കണക്കിൽ വളരെ മോശമാണ്. ഇത് എന്തുകൊണ്ടാണെന്നു വിശദമാക്കാമോ?

ഉത്തരം : കുട്ടികൾ പഠനത്തിൽ പിന്നാക്കമാകുന്നതിന്റെ കാരണങ്ങളിലൊന്നാണ് പഠനവൈകല്യം ഇംഗ്ലീഷിൽ– സ്പെസിഫിക് ലേണിങ് ഡിസോർഡർ എന്ന പദത്തിന് തുല്യമായ പദം എന്ന നിലയിലാണ് പഠനവൈകല്യം എന്ന പദം ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള കുട്ടികൾക്കു ബുദ്ധിക്കുറവ് ഇല്ല. ബുദ്ധിവളർച്ചയുടെ തോത് ശരാശരിയിലോ അതിൽ കൂടുതലോ ആയിരിക്കും. എന്നാൽ, ബൗദ്ധികനിലവാരത്തിന് അനുസരിച്ചു പഠനത്തിൽ മികവു പുലർത്താൻ പറ്റുന്നില്ല. ഇത് മസ്തിഷ്കത്തിലെ ചില പ്രത്യേക വിഭാഗങ്ങളിലെ കോശങ്ങളുടെ പ്രവർത്തനത്തിലുള്ള തകരാറുകളോ വ്യതിയാനങ്ങളോ കൊണ്ടാണ്. എഴുതാനുള്ള വൈകല്യം, വായിക്കുന്നതിലുള്ള വൈകല്യം, കണക്കിലുള്ള വൈകല്യം എന്നിങ്ങനെ മൂന്നു തരത്തിൽ പഠനവൈകല്യം പ്രകടമാകാം. ഈ പ്രശ്നങ്ങൾ ഒറ്റയ്ക്കോ അല്ലെങ്കിൽ മൂന്നും കൂടിയോ ഉണ്ടാകാം. ചില കുട്ടികൾ കണക്കിൽ മിടുക്കു പ്രകടിപ്പിക്കുമ്പോൾ തന്നെ ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രയാസം കാണിക്കുന്നു. മറ്റു ചിലർ എഴുതുന്നതിലും വായിക്കുന്നതിലും മികവ് പ്രകടിപ്പിക്കുമ്പോൾ കണക്കിൽ വളരെ പിന്നാക്കമാകുന്നു. 

എഴുതുമ്പോൾ അക്ഷരത്തെറ്റുകൾ ഉണ്ടാക്കുക, കണ്ണാടിയിൽ കാണുന്നതുപോലെ തിരിഞ്ഞെഴുതുക (Mirror writing),  കൂട്ടക്ഷരങ്ങൾ തെറ്റിയെഴുതുക, ഫുൾസ്റ്റോപ്, കോമ ഒക്കെ ഇടാൻ മറന്നു പോകുക തുടങ്ങിയ പ്രശ്നങ്ങളാണ് എഴുതാൻ വൈകല്യമുള്ള കുട്ടികളിൽ കാണുക. വായിക്കുമ്പോൾ അക്ഷരസ്ഫുടത ഇല്ലാതിരിക്കുക. അർഥം വ്യക്തമാകാത്ത തരത്തിൽ വാക്കുകൾ ചേർത്തു വായിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ വായനാ വൈകല്യമുള്ള കുട്ടികളിൽ കാണാം. പഠനവൈകല്യമുള്ള കുട്ടികളെ ഒറ്റപ്പെടുത്തിയതുകൊണ്ടോ ശിക്ഷിച്ചതു കൊണ്ടോ പ്രയോജനം ഉണ്ടാകുന്നില്ല. മറിച്ച് വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ പ്രൈമറി ക്ലാസുകളിൽ തന്നെ കണ്ടെത്തി റമഡിയൽ പരിശീലനം നൽകുകയാണെങ്കിൽ വലിയ അളവിൽ കുട്ടികളെ സഹായിക്കാൻ കഴിയും. പഠനവൈകല്യങ്ങൾ തിരിച്ചറിയുന്നതിനും റമഡിയൽ പരിശീലനം നൽകുന്നതിനും ഉള്ള സൗകര്യം ഇപ്പോൾ കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും ലഭ്യമാണ്. 

English Summary:

Identifying learning disabilities in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com