ADVERTISEMENT

മാന്നാർ ∙ അറുപത്തിരണ്ടു തവണ രക്തദാനം നടത്തിയ ചെന്നിത്തല സ്വദേശിയായ വല്ലൂർ പുത്തൻവീട്, സന്തോഷ് ചാല (48) നാടിനു മാതൃകയായി. ഗൾഫിൽ വച്ച് തന്റെ പിതാവിന് ഒട്ടകത്തെ മേയ്ക്കുന്ന ആൾ രക്തം നൽകി ജീവൻ രക്ഷിച്ചതിന്റെ കടപ്പാടാണ് സന്തോഷിനെ രക്തദാനത്തിനു പ്രേരിപ്പിച്ചത്. ലഭ്യത വളരെക്കുറവുള്ള ‘ഒ നെഗറ്റീവ്’ ആണ് സന്തോഷിന്റെ രക്തഗ്രൂപ്പ്. മൂന്നു മാസം കൂടുമ്പോൾ മുടങ്ങാതെ രക്തം ദാനം ചെയ്യും.

1990 ൽ പരുമല ഡിബി പമ്പാ കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യമായി രക്തം നൽകിയത്. ഒടുവിൽ ചെന്നിത്തല പ്രായിക്കര സ്വദേശിക്ക് പരുമലയിലെ ആശുപത്രിയിൽ രക്തം നൽകിയാണ് 62 എന്ന സംഖ്യയിലെത്തിയത്. 90 ദിവസം പൂർത്തിയാകുമ്പോൾ ഉറപ്പായും സന്തോഷിനു വിളി വരും. മധ്യതിരുവിതാംകൂറിലെ രകതദാതാക്കളുടെ ഒട്ടുമിക്ക ഗ്രൂപ്പിലും സന്തോഷ് അംഗമാണ്. രാവെന്നോ പകലെന്നോ നോക്കാതെ ഓരോ ഗ്രൂപ്പിന്റെയും വിളി അനുസരിച്ച് രക്തം നൽകുവാൻ സന്നദ്ധനാണ് സന്തോഷ്. ആരോഗ്യമുള്ള കാലത്തോളം ഈ സത്കർമം തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

എ.കെ. മധു

രക്തദാനം: സെഞ്ച്വറി അടിച്ച് മധു

ഹരിപ്പാട്∙ 103 തവണ രക്തം ദാനം ചെയ്തതിന്റെ ആത്മസംതൃപ്തിയിലാണ് കാട്ടിൽ മാർക്കറ്റ് മാധവത്തിൽ എ.കെ. മധു(52). കോവിഡ് മഹാമാരിക്കാലത്തു മാത്രം കേരളത്തിലെ പ്രധാന രക്തദാന ഗ്രൂപ്പുകളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ 2165 പേർക്കു വിവിധ ഗ്രൂപ്പുകളിൽപ്പെട്ട രക്തം സംഘടിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായാണ് മധു കാണുന്നത്.

36 വർഷങ്ങൾക്കു മുൻപ് മാതൃസഹോദരി ഭർത്താവിന്റെ ചികിൽസാർഥം തിരുവനന്തപുരം ആർസിസിയിൽ പോകുകയും രക്തം ആവശ്യമായി വന്നപ്പോൾ അവിടുള്ള ഓട്ടോഡ്രൈവർമാർ പ്രതിഫലം വാങ്ങാതെ രക്തം നൽകിയതാണ് രക്തം ദാനം ചെയ്യാനുള്ള ആദ്യ പ്രേരണ. കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലും തന്റെ എബി പോസിറ്റീവ് ഗ്രൂപ്പ് രക്തം കൃത്യമായ ഇടവേളകളിൽ സൗജന്യമായി നൽകുകയെന്നത് ശീലമാക്കി. കുറച്ചു നാൾ ബഹ്റൈനിലും ദുബായിലും ജോലി നോക്കിയപ്പോൾ അവിടെയും ഇത് തുടർന്നു.

2005 ജൂൺ 26 ന് കുമാരപുരം പഞ്ചായത്തിലെ കാട്ടിൽ മാർക്കറ്റ് എന്ന തന്റെ ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും രക്ത ഗ്രൂപ്പ് സ്വന്തം ചെലവിൽ നിർണയിച്ച് സമ്പൂർണ രക്തസാക്ഷരഗ്രാമമായി പ്രഖ്യാപിക്കാൻ കഴിഞ്ഞു. അങ്ങനെ കേരളത്തിലെ തന്നെ രണ്ടാമത്തെ സമ്പൂർണ രക്ത സാക്ഷര ഗ്രാമമെന്ന ബഹുമതിക്ക് നാട് അർഹമായി.  ആർ. ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ മധുവിന് ലഭിച്ചിട്ടുണ്ട്.ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ ഭാര്യ സിന്ധുവും 12–ാം ക്ലാസ് വിദ്യാർഥി സൂര്യയും 7–ാം ക്ലാസ് വിദ്യാർഥി മാധവും മാതാവ് കമലമ്മയും അടങ്ങുന്നതാണ് മധുവിന്റെ കുടുംബം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com