തകഴി മ്യൂസിയം നിർമാണത്തിന് തുടക്കം
Mail This Article
തകഴി ∙ ശങ്കരമംഗലത്ത് തകഴി മ്യൂസിയത്തിന്റെ നിർമാണത്തിന് തുടക്കമായി.തകഴി ശിവശങ്കരപ്പിള്ള അന്ത്യ വിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തിനോടു ചേർന്ന് 6.25 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം നിർമിക്കുന്നത്. പൈലിങ്ങിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. 6000 ചതുരശ്ര അടി വിസ്തീർണമുള്ള മ്യൂസിയത്തിന്റെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസെറ്റിക്കാണ്. തകഴിയുടെ കഥാപാത്രങ്ങളും കൃതികളിലെ മുഹൂർത്തങ്ങളും മ്യൂസിയത്തിൽ ഒരുക്കും. മിനി ഓഡിറ്റോറിയം, കഫെറ്റീരിയ എന്നിവയും ഉണ്ടാകും. നിലവിലെ സ്മാരകം അതേ നിലയിൽ തുടരും. മുൻമന്ത്രി ജി.സുധാകരൻ ചെയർമാനായ സമിതിയാണ് സ്മാരകത്തിനുളളത്. സുധാകരന്റെ അധ്യക്ഷതയിൽ ഇന്നലെ സ്മാരകത്തിൽ നിർമാണ കമ്മിറ്റി ചേർന്നു. സ്മാരക സമിതി വൈസ് ചെയർമാൻ പ്രഫ.എൻ.ഗോപിനാഥപിള്ള നിർമാണ കമ്മിറ്റി ചെയർമാനും പി.അരുൺകുമാർ കൺവീനറുമാണ്.