അരൂർ–തുറവൂർ ഉയരപ്പാത: ഗതാഗതം തടസ്സപ്പെടുത്താതെ സർവീസ് റോഡ് നിർമാണം
Mail This Article
തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുമ്പോൾ ഗതാഗതസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറ് പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താതെ തന്നെ സർവീസ് റോഡ് നിർമാണം തുടങ്ങി. കുഴികൾ നിറഞ്ഞ ഭാഗത്ത് കോൺക്രീറ്റ് മിശ്രിതം ഉറപ്പിച്ചു. വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഇന്റർ ലോക്ക് ടൈൽ പാകുന്ന ജോലി തുടങ്ങി. തകർന്ന ഭാഗങ്ങളിൽ ജോലി നടക്കുമ്പോൾ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ ഇരുമ്പ് ബാരിക്കേഡിനുള്ളിലുടെ വാഹനങ്ങൾ കടത്തിവിട്ടാണു ജോലി നടക്കുന്നത്. ചന്തിരൂരിൽ വെള്ളക്കെട്ട് നിറഞ്ഞ ഭാഗത്ത് മെറ്റൽ വിരിച്ച് കോൺക്രീറ്റ് ഇന്റർ ലോക്ക് ടൈലുകൾ പാകുന്ന ജോലി തുടങ്ങി.നിലവിൽ വീതികൂട്ടിയ ഭാഗത്തോട് ചേർന്ന് ഒരു മീറ്റർ കൂടി വീതി കൂട്ടുന്ന ജോലി തുറവൂരിൽ നിന്നു തുടങ്ങി. തുറവൂർ ജംക്‌ഷൻ തുടങ്ങി 400 മീറ്റർ ഭാഗത്ത് ഇന്റർലോക്ക് ടൈലുകൾ പാകിയിട്ടുണ്ട്.
ഇതിനോട് ചേർന്നാണ് കോൺക്രീറ്റ് മിശ്രിതം നിരത്തിയത്. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി പ്രദേശം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജോലി തുടങ്ങിയത്.അമിക്കസ് ക്യൂറിയായ അഡ്വ.എസ് വിനോദ് ഭട്ട് കഴിഞ്ഞ 4ന് അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ കിഴക്കുഭാഗത്തെ പാതയിൽ പരിശോധന നടത്തിയിരുന്നു.
പാതയുടെ വീതി കൂട്ടുന്നതിന് പുറമേ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കാനയും ഒരു മീറ്റർ വീതിയിൽ കോൺക്രീറ്റ് നടപ്പാതയും നിർമിക്കുന്ന ജോലി തുടങ്ങുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.എന്നാൽ ശക്തമായ മഴയെ തുടർന്ന് ചിലയിടങ്ങളിൽ റോഡിലെ കോൺക്രീറ്റ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികൾ അടയ്ക്കുന്നതിനുള്ള ജോലിയും തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.