കൃഷി നശിപ്പിച്ചു; ചുനക്കര, താമരക്കുളം, പാലമേൽ, നൂറനാട് പഞ്ചായത്തുകളിൽ ജീവനെങ്കിലും രക്ഷിക്കൂ...

Mail This Article
ചാരുംമൂട്∙ ‘‘കൃഷി ഇറക്കാൻ ഇനിയും ഞങ്ങളില്ല, കാട്ടുപന്നികളിൽ നിന്ന് ജീവനെങ്കിലും രക്ഷിക്കൂ.’’ ചാരുംമൂട് മേഖലയിലെ ജനങ്ങളുടെ വിലാപമാണിത്. വ്യാപകമായ രീതിയിൽ കൃഷി നശീകരണം നടത്തുന്ന പന്നിയുടെ ആക്രമണം പേടിച്ച് പകൽപോലും പുറത്തിറങ്ങാൻ പേടിക്കേണ്ട അവസ്ഥയായിരിക്കുകയാണ്. മേഖലയിലെ ചുനക്കര, താമരക്കുളം, പാലമേൽ, നൂറനാട് പഞ്ചായത്ത് പ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ സന്ധ്യ കഴിഞ്ഞാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്ത് പ്രദേശങ്ങളിലെ ഉൾപ്രദേശങ്ങളിൽ കൂട്ടമായി കാട്ടുപന്നികൾ ആരെയും ഭയമില്ലാതെ റോഡിലൂടെ നടന്നു പോകുന്നത് സ്ഥിരം കാഴ്ചയാണ്.
ഈ സമയം വരുന്ന ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കാട്ടുപന്നികൾ വലിയ ഭീഷണിയായിരിക്കുകയാണ്. വീടുകൾക്കുള്ളിൽ വരെയും കയറി ഇവ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. കഴിഞ്ഞ ദിവസം നൂറനാട് പുലിമേൽ പ്ലാന്തോട്ടത്ത് തൊഴിലുറപ്പ് തൊഴിലാളിയായ രമണിക്ക് (48) കാട്ടുപന്നി ആക്രമണത്തിൽ പരുക്കേറ്റു. കാട്ടുപന്നി വീടിനുള്ളിൽ കയറിയാണ് രമണിയെ ആക്രമിച്ചത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഒന്നര മാസം മുൻപ് കരിമുളയ്ക്കൽ സ്വദേശി ഉത്തമനെയും കാട്ടുപന്നി ആക്രമിച്ചിരുന്നു.
രണ്ടാഴ്ച മുൻപ് നൂറനാട് മറ്റപ്പള്ളി സ്വദേശികളായ രണ്ടു പേർ ബൈക്കിൽ പോകുമ്പോൾ ഇവരുടെ മുന്നിലേക്ക് കാട്ടുപന്നികൾ കുതിച്ചെത്തി. ബൈക്കിൽനിന്ന് വീണ് ഇവർക്കു പരുക്കുകളേറ്റു. കഴിഞ്ഞ ദിവസം രാത്രി ചുനക്കരയിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്ക് നേരെയും കാട്ടുപന്നികൾ ആക്രമണം അഴിച്ചുവിട്ടു. 2018ലെ വെള്ളപ്പൊക്കത്തിൽ അച്ചൻകോവിൽ ആറ്റിലൂടെ നൂറനാട് മറ്റപ്പള്ളിയിൽ എത്തിയ കാട്ടുപന്നികൾ പെറ്റുപെരുകി ഇപ്പോൾ മേഖലയിലെ മുഴുവൻ പഞ്ചായത്തുകളിലും എത്തിയിരിക്കുകയാണ്.
വേടരപ്ലാവ് ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായി റോഡിൽ പ്രത്യക്ഷപ്പെടുന്നതോടെ കാറിൽപ്പോലും സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ ഭീതിതമാണു കാര്യങ്ങൾ. ഏത്തവാഴ, മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി തെങ്ങിൻതൈകൾ തുടങ്ങി പ്രദേശത്തെ കൃഷിയത്രയും കാട്ടുപന്നികൾ നശിപ്പിച്ചുകഴിഞ്ഞു. കൃഷി സംരക്ഷിക്കാൻ സോളർ വേലിയുമായി പഞ്ചായത്തുകൾ മുന്നിട്ടിറങ്ങിയെങ്കിലും കർഷകരുടെ പക്കൽ പണം നൽകാൻ ഇല്ലാത്തതിനാൽ അത് എങ്ങുമെത്തിയിട്ടില്ല. ലൈറ്റ് ഇട്ടും പടക്കം പൊട്ടിച്ചും ചെണ്ട അടിച്ചും പന്നിയെ അകറ്റാൻ കർഷകർ നടത്തിയ ശ്രമങ്ങളും ഫലം കണ്ടിട്ടില്ല.