പരീക്ഷാകേന്ദ്രം അനുവദിച്ചത് എൻആർകെ മീറ്റിന് പിന്നാലെ; നാട്ടിൽ പോകാതെ കീം എഴുതാം

Mail This Article
ചെന്നൈ ∙ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (കീം) പ്രവേശന പരീക്ഷ ഇനി ചെന്നൈയിൽ തന്നെ എഴുതാം. നഗരത്തിൽ നടത്തിയ എൻആർകെ മീറ്റിനു പിന്നാലെയാണ് ഇവിടെ പരീക്ഷാകേന്ദ്രം അനുവദിച്ചത്.മലയാളി സംഘടനകളും മാതാപിതാക്കളും ഒട്ടേറെ വർഷങ്ങളായി ആവശ്യം ഉയർത്തുന്നുണ്ടെങ്കിലും കീമിന് ഇവിടെ പരീക്ഷാകേന്ദ്രം ലഭിക്കാറില്ലായിരുന്നു. അതിനാൽ, കഴിഞ്ഞ മാസം നടത്തിയ എൻആർകെ മീറ്റിൽ ഉയർന്ന ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതും കീം പരീക്ഷാകേന്ദ്രം വേണമെന്നതായിരുന്നു. സിടിഎംഎ അടക്കമുള്ള സംഘടനകളും ഇതു സംബന്ധിച്ച് നിവേദനം നൽകി.
കേരളത്തിനു പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന നഗരത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കാൻ ഇടപെടുമെന്ന് നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും ഉറപ്പുനൽകിയിരുന്നു. അതിന്റെയെല്ലാം ഫലമായാണ് ഒടുവിൽ നഗരത്തിൽ പരീക്ഷാകേന്ദ്രം യാഥാർഥ്യമാകുന്നത്.
ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ബഹ്റൈൻ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ തയാറാണെന്നും അവിടങ്ങളിൽനിന്നു മതിയായ അപേക്ഷ ലഭിച്ചാൽ ആ നഗരങ്ങളിൽ തന്നെ പരീക്ഷ നടത്തുമെന്നുമാണ് വിഷയം സംബന്ധിച്ച് നോർക്ക റൂട്സ് നൽകിയ കത്തിനു കേരള പ്രവാസികാര്യ വകുപ്പ് സെക്രട്ടറി മറുപടി നൽകി.
സ്വാഗതം ചെയ്ത് രക്ഷിതാക്കൾ
കീം പരീക്ഷയ്ക്ക് ചെന്നൈയിൽ കേന്ദ്രം അനുവദിച്ചത് സന്തോഷം നൽകുന്നതാണെന്ന് അറുമ്പാക്കത്ത് താമസിക്കുന്ന മിഥു മരിയ ജോയ് പറഞ്ഞു. മകനു വേണ്ടി കീം പരീക്ഷയ്ക്ക് അപേക്ഷിക്കവേ, ചെന്നൈ എന്ന ഓപ്ഷൻ കണ്ടപ്പോൾ തന്നെ പ്രതീക്ഷയുണ്ടായെന്ന് മിഥു പറഞ്ഞു. ആദ്യ ഓപ്ഷനായി ചെന്നൈയാണ് നൽകിയത്. അപേക്ഷകർ എത്രയുണ്ടാകും, ചെന്നൈ തന്നെ പരീക്ഷാകേന്ദ്രമായി ലഭിക്കുമോ തുടങ്ങിയവയാണ് ഇപ്പോഴത്തെ ആശങ്കയെന്നും മിഥു കൂട്ടിച്ചേർത്തു.
ഉത്തരമില്ലാതെ ആശങ്ക
പരീക്ഷാകേന്ദ്രം ലഭിച്ചതിൽ ആഹ്ലാദമുണ്ടെങ്കിലും വിവരങ്ങൾ കൃത്യമായി അറിയിക്കാതിരുന്നത് ശരിയല്ലെന്നു മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, എൻജിനീയറിങ് അടക്കമുള്ള കോഴ്സുകൾക്ക് കേരളത്തിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ദീർഘകാലമായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
എന്നാൽ ചെന്നൈയിൽ പരീക്ഷാകേന്ദ്രമുണ്ടെന്ന് അറിയാതെ പോയതു കീമിന് അപേക്ഷിക്കുന്നതിൽനിന്ന് പലരെയും പിന്തിരിപ്പിച്ചെന്ന് പരാതിയുയർന്നു. ചെന്നൈയിൽ സെന്റർ ലഭിക്കുമെന്ന് അറിയഞ്ഞതിനാൽ കീമിന് അപേക്ഷിക്കാനായില്ലെന്ന് പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് സയാൻ പറഞ്ഞു. എൻജിനീയറിങ് പഠനത്തിന് ലൊയോള കോളജ്, വിഐടി തുടങ്ങിയ സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് ഇനിയുള്ള സാധ്യത.
നേറ്റിവിറ്റി പോലുള്ള സാങ്കേതിക പ്രശ്നങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ അധികൃതർ തയാറാകണമെന്ന് അശോക് നഗറിൽ താമസിക്കുന്ന നിഷ പ്രസൂൻ പറഞ്ഞു. ‘പ്ലസ് ടുവിലേക്ക് കടന്ന മകൻ അതുൽ കൃഷ്ണൻ ഇപ്പോൾ തന്നെ എൻജിനീയറിങ് എൻട്രൻസിന് പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അതുൽ ജനിച്ചതും പഠിച്ചതും ചെന്നൈയിലായതു കൊണ്ട് നേറ്റിവിറ്റി ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയുണ്ട്’– അവർ പറഞ്ഞു.