ADVERTISEMENT

കൊച്ചി ∙ ഇന്ത്യയിലെ കപ്പൽ നിർമാണ വ്യവസായ മേഖലയ്ക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ ‘ഷിപ് റിപ്പയർ ക്ലസ്റ്റർ’ സ്ഥാപിക്കാൻ ശ്രമം ആരംഭിച്ചതായി കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ. ഷിപ്‌യാഡിലെ ഡ്രൈ ഡോക്ക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, പുതുവൈപ്പിലെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കാനിരിക്കെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. 

കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ കൊച്ചി വില്ലിങ്ഡൺ ഐലൻഡിലെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിൽ. 
കൊച്ചി ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ സമീപം.
കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ കൊച്ചി വില്ലിങ്ഡൺ ഐലൻഡിലെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിൽ. കൊച്ചി ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ സമീപം.

മാരിടൈം മേഖലയിൽ ആഗോളതലത്തിൽ മുന്നിൽ എത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ ഷിപ്‌യാഡ് നിർണായക പങ്കാണു വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികൾ സജ്ജമായതോടെ 4 വർഷത്തിനകം ഷിപ്‌യാഡിന്റെ വരുമാനം 7000 കോടി രൂപയായി ഉയരും. നേരിട്ടും അല്ലാതെയും 30,000 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഷിപ്‌യാഡിന്റെ വളർച്ച മുതലാക്കി ചെറുകിട വ്യവസായ മേഖലയ്ക്കും വളരാൻ കഴിയും.  ഷിപ്പിങ് – മാരിടൈം മേഖലയിൽ 25 വർഷത്തിനകം 80 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. 

മുംബൈയിൽ നടന്ന ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ 10 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കു ധാരണാപത്രം ഒപ്പുവയ്ക്കാനായി. ഉൾനാടൻ ജലപാതകളുടെ വികസനത്തിനു മുന്തിയ പരിഗണനയാണു നൽകിയത്. നദികളെ ബന്ധിപ്പിച്ചുള്ള വിനോദ സഞ്ചാരത്തിനുള്ള (റിവർ ക്രൂസ്) സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 60,000 കോടി രൂപയാണു നിക്ഷേപിക്കുക. നിലവിലുള്ള 2 ലക്ഷം യാത്രികരുടെ എണ്ണം 15 ലക്ഷമായി വർധിപ്പിക്കുകയാണു ലക്ഷ്യം. രാജ്യത്തെ മേജർ തുറമുഖങ്ങൾ ആകെ കൈകാര്യം ചെയ്യുന്ന ചരക്ക് 830 മില്യൻ മെട്രിക് ടണ്ണിൽ നിന്ന് 1667 മില്യൻ മെട്രിക് ടണ്ണായി വർധിച്ചു.

 മോദി സർക്കാർ അധികാരമേറ്റശേഷം തുറമുഖ, ഷിപ്പിങ് മേഖലയുടെ വികസനത്തിനായി സാഗർമാല പദ്ധതി ആരംഭിച്ചു. 227 പദ്ധതികൾ 1.47 ലക്ഷം കോടി രൂപ ചെലവിട്ടു നടപ്പാക്കി.  കപ്പലുകൾ ബെർത്ത് ചെയ്യാൻ സഹായിക്കുന്ന ടഗ്ഗുകളിൽ ഡീസലിനു പകരം ഹരിത ഇന്ധനം ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. ഷിപ്‌യാ‍ഡിന്റെ പുതിയ പദ്ധതികൾ മന്ത്രി സന്ദർശിച്ചു. ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ, ഷിപ്പിങ് സെക്രട്ടറി കെ.രാമചന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com