നാളികേര വില ഉയരുന്നു, കർഷകന് ആഹ്ലാദം; വെളിച്ചെണ്ണ വില കുതിക്കുന്നത് അടുക്കള ബജറ്റ് താളം തെറ്റിക്കും

Mail This Article
പിറവം∙ ഉൽപാദനക്കുറവും വേനൽ രൂക്ഷമായതോടെ കരിക്കിന്റെ ഉപയോഗം വർധിച്ചതും നാളികേര വിപണിക്കു കരുത്തു പകരുന്നു. ഉപഭോക്താവിനു സന്തോഷം നൽകില്ലെങ്കിലും കർഷകനു ആഹ്ലാദം നൽകുന്ന നിലയിലാണു നാളികേര വില കുതിച്ചുയരുന്നത്. പൊതിച്ച നാളികേരം കഴിഞ്ഞ ദിവസം കിലോഗ്രാമിന് 80 രൂപ നിരക്കിലാണു കർഷക വിപണിയിൽ വ്യാപാരം നടന്നത്. ഇതിനോടകം ലഭിച്ചതിൽ ഉയർന്ന വിലയാണിത്. നാളികേര വിലയുടെ ചുവടു പിടിച്ചു വെളിച്ചെണ്ണ വിലയും കുതിയ്ക്കുന്നത് അടുക്കള ബജറ്റും താളം തെറ്റിക്കും. കിലോഗ്രാമിനു 280 രൂപ വരെയാണു വെളിച്ചെണ്ണ വില.
കഴിഞ്ഞ വർഷം നേരിട്ട രൂക്ഷമായ വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും മൂലം ഉൽപാദനം കുറഞ്ഞതാണു വിലക്കയറ്റത്തിനു കാരണമായി പറയപ്പെടുന്നത്. ഇതിനു പുറമേ മണ്ഡരിയും മറ്റു കീടബാധകളും തിരിച്ചടിയായി. മധ്യകേരളത്തിലെ വിപണിയിലേക്ക് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നു തേങ്ങ എത്തിയിരുന്നു. വേനൽ കടുത്തതോടെ ഇവിടെ നിന്നു കരിക്കു കൂടുതലായി വിറ്റു പോകുന്നതും േതങ്ങയുടെ വരവിനെ ബാധിച്ചു. കരിക്കിനു 50 രൂപ വരെ കർഷകർക്കു ലഭിക്കുന്നുണ്ട്.
അതേ സമയം വില ഉയർന്നിട്ടും നാടൻ നാളികേരം കാര്യമായി വരവില്ല. നേരത്തെ 750 കിലോഗ്രാം വരെ എത്തിയിരുന്ന രാമമംഗലം വിപണിയിൽ കഴിഞ്ഞ ദിവസം 70 കിലോഗ്രാമാണ് എത്തിയത്. പലചരക്കു കടകളിലും മറ്റും വരവു നാളികേരം വിൽപന നടത്താനാവാത്ത സ്ഥിതിയാണെന്നു വ്യാപാരികൾ പറയുന്നു. ചെറിയ തേങ്ങ 3 എണ്ണം വരെ വച്ചാലാണു ഒരു കിലോഗ്രാം തികയുന്നത്. ഇതിൽ പലതും കേടു കൂടിയായതോടെ വാങ്ങുന്നയാളുടെ പരാതി കൂടി കേൾക്കേണ്ടതുണ്ട്.