രാമക്കൽമേട്ടിൽ ഇന്ത്യൻ ക്ലോക്ക് വൈൻ പൂക്കാലം
Mail This Article
രാമക്കൽമേട്∙ രാമക്കൽമേട്ടിൽ വിനായകൻ അയ്യാകുന്നേലിന്റെ വീടുമുറ്റത്ത് ക്രിസ്മസ് കാലത്ത് വിനോദ സഞ്ചാരികളെ ആകർഷിച്ച് ഇന്ത്യൻ ക്ലോക്ക് വൈൻ പൂവിട്ടു. മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്ന മൈസൂർ ട്രംപറ്റ് വൈൻ ചെടിയുടെ മറ്റൊരിനമാണ് ഈ വള്ളിപ്പൂച്ചെടി. നമ്മുടെ സമതലങ്ങളിൽ ഇന്ത്യൻ ക്ലോക്ക് വൈൻ നന്നായി വളരുകയും പൂവിടുകയും ചെയ്യും.
വെള്ളയും വയലറ്റും പൂക്കളുള്ള തുൻബെർജിയ ചെടിയുടേതു പോലെയാണ് ഇതിന്റെ ഇലകൾ. തുൻബെർജിയ ജനുസിൽ പെടുന്നതാണ് ഈയിനവും. ഈ വള്ളിച്ചെടി കമ്പ് നട്ട് അനായാസം വളർത്തിയെടുക്കാം. ഒരടിയോളം ആഴമുള്ള കുഴിയിൽ നടീൽ മിശ്രിതം നിറച്ച് അതിൽ തൈ നടാം. ചെടി വള്ളി വീശിയാൽ മുകളിലേക്കു മാത്രം വളരാൻ അനുവദിക്കുക. ഉദ്ദേശിക്കുന്ന പ്രതലത്തിൽ എത്തിയാൽ ശാഖകൾ ഉണ്ടായി പടർന്നു വളരാൻ അനുവദിക്കണം.
മഴ കഴിഞ്ഞുള്ള അനുകൂല കാലാവസ്ഥയിൽ ചെടി പല തവണ പൂവിടും. പൂങ്കുലകളിൽ പൂക്കൾ ഒന്നൊന്നായി ആണ് വിരിയുക. മൈസൂർ ട്രംപറ്റ് വൈൻ ചെടിയിൽ നിന്നു വ്യത്യസ്തമായി ഈ ചെടിയുടെ പൂക്കൾ ചെറുതും മങ്ങിയ മെറൂൺ നിറവുമുള്ളവയാണ്. പൂക്കൾ മുഴുവനായി വിരിയുന്ന പ്രകൃതമുള്ളവയല്ല. ഒന്നരയാഴ്ചക്കാലം പൂങ്കുലകൾ ചെടിയിൽ കൊഴിയാതെ നിൽക്കും. തേനീച്ചയും തേൻകുരുവിയും ഈ പൂക്കളിൽ തേനടുക്കാൻ എത്തും.