രാമക്കൽമേടിനുള്ള റോഡ് തകർന്നു
Mail This Article
നെടുങ്കണ്ടം ∙ ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന പാമ്പമുക്ക്- പ്രകാശ്ഗ്രാം-കാറ്റാടിപ്പാടം റോഡ് തകർന്ന നിലയിൽ. ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട് കാറ്റാടിപ്പാടം. സഞ്ചാരികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഇവിടേക്ക് ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. രാമക്കൽമേട് കാറ്റാടി പാടത്തേക്ക് ഒന്നിലേറെ റോഡുകൾ ഉണ്ടെങ്കിലും ഗൂഗിൾ മാപ്പ് ആശ്രയിക്കുന്ന വിനോദസഞ്ചാരികൾ പ്രകാശ്ഗ്രാം വഴിയാണ് കാറ്റാടിപ്പാടത്തേക്ക് പോകുന്നത്.
ഈ വഴിയാണ് സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നു കിടക്കുന്നത്. റോഡിലെ കയറ്റമുള്ള ഭാഗങ്ങളിൽ കല്ലുകൾ ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളിൽ അപകടത്തിൽ പെടുന്നതും പതിവാണ്. കൂടാതെ നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. അതേ സമയം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും മാർച്ച് മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നും വാർഡ് മെംബർ പറഞ്ഞു.