സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസുകൾ കയറണം

Mail This Article
പുതിയങ്ങാടി ∙ മാടായി പഞ്ചായത്ത് പുതിയങ്ങാടിയിൽ നിർമിച്ച ബസ് സ്റ്റാൻഡ് അനാഥം. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റാൻഡിന് 18 വയസ്സ് തികഞ്ഞിട്ടും ഇപ്പോൾ സർവീസ് ബസുകൾ ഒന്നും സ്റ്റാൻഡിലേക്ക് കയറാറില്ല. മീൻ ലോറികൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തി വരുന്നുണ്ട്. നിലവിൽ മൂന്ന് റോഡുകൾ ചേരുന്ന കവലയിലാണ് ബസുകൾ പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്. പലപ്പോഴും കാൽനട യാത്രപോലും ഇവിടെ അസാധ്യമാകുന്നു.
പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിലേക്ക് ഒട്ടേറെ സ്ഥലങ്ങളിൽനിന്ന് മത്സ്യം കൊണ്ടുപോകാനായി ചെറുകിട മത്സ്യവ്യാപാരികൾ ബസിൽ ഇവിടെ എത്തുന്നുണ്ട്. ബസ് സ്റ്റാൻഡ് തുറന്ന് പ്രവർത്തിച്ചാൽ ഇത് വലിയ ആശ്വാസമാകും. ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടൻ കുറച്ച് കാലം ബസുകൾ സ്റ്റാൻഡിൽ കയറിയിരുന്നുവെങ്കുലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞ് ബസുകൾ കയറാതായത്.
പിന്നീട് ബസ് കാത്തിരിപ്പ് കേന്ദ്രവും അടിസ്ഥാന സൗകര്യവും ഒരുക്കിയെങ്കിലും ബസ് സ്റ്റാൻഡ് അനാഥം തന്നെ. ഇപ്പോൾ സാങ്കേതിക കാരണം പറഞ്ഞ് ബസ് സ്റ്റാൻഡിനെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ പ്രശ്ന പരിഹാരത്തിന് ശാശ്വതമായ നടപടികൾ സ്വീകരിക്കാത്തതും ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാൻ മാടായി പഞ്ചായത്ത് അധികൃതർ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.