ബസുടമകളും തൊഴിലാളികളും പ്രതിഷേധ മാർച്ച് നടത്തി
Mail This Article
കണ്ണൂർ∙ കണ്ണൂർ-തോട്ടട- നടാൽ ഗേറ്റ് വഴി തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലോക്കൽ ബസുകൾക്കു പുതുതായി നിർമിക്കുന്ന എൻഎച്ച് സർവീസ് റോഡിൽ കയറാൻ വഴി ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയപാത വിഭാഗം ഓഫിസിലേക്ക് ബസുടമകളും തൊഴിലാളികളും മാർച്ച് നടത്തി.ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റിയുടെയും ജില്ലാ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ വി.വി.പുരുഷോത്തമൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി. മോഹനൻ, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ പി.കെ.പവിത്രൻ, വി.വി.ശശീന്ദ്രൻ, ടി.എം.സുധാകരൻ, ടി.എം.വേണുഗോപാൽ, എൻ.പ്രസാദ്, കൊണ്ടോട്ടി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
നടാലിൽ നിന്നു ചാല അമ്പലം വരെ വന്ന് സർവീസ് റോഡിൽ പ്രവേശിക്കുക എന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഒരു ട്രിപ്പിന് മാത്രം 6 കിലോമീറ്റർ ദൂരം കൂടുതൽ ഓടിയെത്തുക പ്രയാസമാണെന്നും കൃത്യമായി എല്ലാ ട്രിപ്പുകളും സർവീസ് നടത്താൻ പറ്റാതാകുകയും ചെയ്യുമെന്നും സമരക്കാർ പറഞ്ഞു. എടക്കാട് യുപി സ്‌കൂളിന് മുന്നിലായി അണ്ടർ പാസ് നിർമിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.