അപ്രതീക്ഷിതമായി തെരുവുനായ ആക്രമണം; പലരുടെയും കൈക്കും കാലിനും മുഖത്തും കടിയേറ്റു

Mail This Article
കണ്ണൂർ ∙ അപ്രതീക്ഷിതമായുണ്ടായ തെരുവുനായയുടെ ആക്രമണത്തിന്റെ ഭീതി മാറാതെ ചക്കരക്കൽ മേഖല. തെരുവുനായ കൺമുന്നിൽപെട്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെയാണ് ആക്രമണം തുടങ്ങിയത്. വീട്ടുമുറ്റത്തും അടുക്കളയിലും കയറിയായിരുന്നു ആക്രമണം. വഴിയാത്രക്കാരും ബസ് കാത്തുനിൽക്കുന്നവരും ആക്രമിക്കപ്പെട്ടു. കുരുന്നുകളെയും നായ കടിച്ചുപറിച്ചു. പലരുടെയും കൈക്കും കാലിനും മുഖത്തും കടിയേറ്റു. ജില്ലാ ആശുപത്രിയിൽ മാത്രം 30 പേർ ചികിത്സ തേടി.
∙ ആളുകൾ നിറഞ്ഞ് ആശുപത്രി
രാവിലെ 8 ആകുമ്പോഴേക്കും ജില്ലാ ആശുപത്രി അത്യാഹിതവിഭാഗത്തിന്റെ പരിസരം ആളുകളെക്കൊണ്ടു നിറഞ്ഞു. ആംബുലൻസിലും 108 ആംബുലൻസിലും സ്വകാര്യ വാഹനങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ആശുപത്രി അധികൃതർ പ്രതിരോധ കുത്തിവയ്പിനുള്ള സജ്ജീകരണമൊരുക്കി. കുത്തിവയ്പു നൽകി ഓരോരുത്തരെയും ആശുപത്രിയിൽ ഏറെനേരം നിരീക്ഷണത്തിലാക്കി.
മറ്റു പ്രശ്നങ്ങളിലെന്നു സ്ഥിരീകരിച്ചതോടെ ഇവരെ വീടുകളിലേക്കു വിട്ടു. അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ലോഹിതാക്ഷൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പീയുഷ് നമ്പൂതിരിപ്പാട് എന്നിവർ ആശുപത്രിയിലെത്തി. കടിയേറ്റവർക്കു ആവശ്യമായ മുഴുവൻ ചികിത്സയും ഉറപ്പുവരുത്തുമെന്നും ജില്ലയിൽ ആവശ്യത്തിനു പേവിഷ പ്രതിരോധ വാക്സീനുകൾ ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.
∙ അക്രമം അടുക്കളയിലും
ചക്കരക്കൽ കുളംബസാർ സ്വദേശി കെ.പി.സുമയെ, അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യവേയാണ് തെരുവുനായ ആക്രമിച്ചത്. എന്താണു സംഭവിക്കുന്നതെന്നുപോലും മനസ്സിലായില്ല. തിരിഞ്ഞു നോക്കുമ്പോഴേക്കും നായ ചാടിവീണിരുന്നു. കാലും കയ്യും കടിച്ചുപറിച്ച് ഓടി. ഉടൻ ജില്ലാ ആശുപത്രിയിലേക്ക് ചികിത്സ തേടിയെത്തി. ഹോസ്പിറ്റൽ അഡിമിനിസ്ട്രേഷന് ഇന്റേൺഷിപ് ചെയ്യുന്ന ഇരിവേരിയിലെ സി.കെ.അനഘയെ നായ ആക്രമിച്ചത് ബസ് കാത്തുനിൽക്കുമ്പോഴാണ്. കൈക്കാണു കടിയേറ്റത്.
∙ കടിയേറ്റ് കുരുന്നുകളും
വീട്ടുവരാന്തയിൽ ഇരുന്നു കളിക്കുമ്പോഴാണ് കുളം ബസാർ സ്വദേശി നാലര വയസ്സുകാരൻ വിനായകനെ തെരുവുനായ കടിച്ചത്. കുട്ടിയുടെ പുറത്ത് കടിച്ച് നായ ഓടി. ചക്കരക്കൽ നന്താനത്ത് മൊട്ടയിലെ 9 വയസ്സുകാരി അനിഘയെ തെരുവുനായ ആക്രമിച്ചത് സഹോദരനൊപ്പം മുറ്റത്ത് സൈക്കിളിൽ കളിക്കുമ്പോഴാണ്. പൊടുന്നനെ മുറ്റത്തെത്തിയ നായ കുട്ടിയുടെ കൈ കടിച്ചുപറിക്കുകയായിരുന്നു.
ബഹളം കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടി മറഞ്ഞു. പലേരി വെസ്റ്റ് യുപി സ്കൂൾ വിദ്യാർഥിയാണ് അനിഘ. 8 വയസ്സുകാരൻ മാമ്പയിലെ ബി.മുഹമ്മദിനു തെരുവുനായയുടെ കടിയേറ്റത് മുറ്റത്തു കളിക്കുമ്പോഴാണ്. ചാടിയെത്തിയ നായ മുഹമ്മദിനെ കടിച്ച് ഓടുകയായിരുന്നു. മാമ്പ മാപ്പിള സ്കൂൾ വിദ്യാർഥിയാണ് മുഹമ്മദ്. രാവിലെ ഏഴോടെയാണ് ഈ പ്രദേശത്ത് നായയുടെ പരാക്രമമുണ്ടായത്.
കണ്ണൂർ ∙ സംഭവം ആശങ്കാജനകമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. തെരുവുനായ ആക്രമണത്തിൽ പിഞ്ചുകുട്ടികളും വയോധികരുമുൾപ്പെടെ നിരവധി പേർക്കാണ് പരുക്കേറ്റത്. ആശുപത്രികളിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. അക്രമകാരിയായ നായ മറ്റു മൃഗങ്ങളെയും കടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടി ഉണ്ടാകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു.

ഗുരുതര പരുക്കേറ്റ് രാമചന്ദ്രൻ
ചാല ∙ മുതുകുറ്റിയിലെ മനോരമ പത്രം ഏജന്റ് ടി.കെ.രാമചന്ദ്രന് പത്രവിതരണത്തിനിടെ ഇരിവേരി കാവിനു മുന്നിൽ വച്ച് രാവിലെ 7.30നാണ് കടിയേൽക്കുന്നത്. നായ ദേഹത്ത് ചാടി വീഴുകയായിരുന്നുവെന്ന് രാമചന്ദ്രൻ പറഞ്ഞു. നിലത്ത് വീണപ്പോൾ പലതവണ കടിക്കുകയായിരുന്നു. മൂക്കിനും നെറ്റിക്കുമാണ് കടിയേറ്റത്. മൂക്കിന്റെ പാലം പൊട്ടി. ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രനെ അടിയന്തര ശസ്ത്രക്രിയയ്ക്ക്
വിധേയനാക്കി.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർ
"ഷിനി (44), എ.എം.രമേശൻ (65), എ.വി.രഘു (59), നരിക്കോട് കെ.പി.ശാന്ത (59), ശ്രീജൻ (46), ശാരദ (75), പി.സുമ (47), സുബീഷ് (43), പി.വി.മനോഹരൻ (58), താഹിറ (53), മുഴപ്പാല പ്രസന്ന (73), വിലാസിനി (68), പി.ഷൈജ (42), ആനേനിമെട്ട നസീർ (53), സുരേശൻ (63), റീജ (49), മുഴപ്പാല നന്ദിനി (73), പി.സജിനി (45), ഹുസൈൻ (20), വിഷ്ണു സന്തോഷ് (19), അനഘ (21), ആലം (27), താഴെചൊവ്വ ആലം ഹുസൈൻ (21), വിനായകൻ (4), അനിഖ (10), ഫാത്തിമത്ത് സുൽഫ (13), മുഹമ്മദ് (8), ഇതരസംസ്ഥാന തൊഴിലാളികളായ ഷാജിദ് (18), ഗോപി (42), മധുര രാമസ്വാമി (60). ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയവർ: മുഴപ്പാല ചന്ദ്രി (56), ചെമ്പിലോട് വനജ (60), മുഴപ്പാല ഷാജി (52), മുഴപ്പാല കൈതപ്രം രാജേഷ് (35). മുഴപ്പാല ചിറക്കാത്തെ ഷാജിയെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.