കടപ്പാക്കുഴി പാലം അപകടാവസ്ഥയിൽ; ഭാരവാഹനങ്ങൾക്ക് വിലക്ക് ബോർഡിലുണ്ട്; ഫലമില്ല!

Mail This Article
ശാസ്താംകോട്ട ∙ പൊളിഞ്ഞുവീഴാറായ കടപ്പാക്കുഴി പാലത്തിലൂടെ അമിതഭാരവുമായി സർവീസ് നടത്തുന്ന ലോറികളെ നിയന്ത്രിക്കാൻ ആരുമില്ല. പാലം നവീകരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കാനും നടപടികളില്ല. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ – കടപ്പാക്കുഴി റോഡില്‍ നാലര പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് മുഴുവനും ഇളകി കമ്പി തെളിഞ്ഞ നിലയിലാണ്. ഐത്തോട്ടുവ, നെൽപ്പുരക്കുന്ന്, കണ്ണയ്ങ്കാട്ട് കടവ്, കിടപ്രം ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകൾ കടന്നുപോകുന്നത് ഇതുവഴിയാണ്. ജില്ലാ പഞ്ചായത്തിനു ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് അധികൃതർ പാലം പണിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗം ഒരു വർഷം മുൻപ് പാലത്തിൽ പരിശോധന നടത്തി ബലക്ഷയമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്നു 7 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനം സർവീസ് നടത്തിയാൽ നടപടി എടുക്കാൻ ഇൻഫർമേഷൻ സ്ക്വാഡിനെ ചുമതലപ്പെടുത്തി. അപകടാവസ്ഥയിലായ പാലത്തിൽ ഭാരവാഹനങ്ങൾ നിയന്ത്രിക്കണമെന്ന ബോർഡും സ്ഥാപിച്ചു. എന്നാൽ ഇതെല്ലാം മറികടന്നാണ് ക്രഷർ യൂണിറ്റിലേക്കുള്ള ലോറികൾ ഇതുവഴി പോകുന്നത്. ലോറികൾ പോകുമ്പോൾ പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ ഇളകി വീഴുമെന്നു പ്രദേശവാസികൾ പറയുന്നു. നിയമം ലംഘിച്ച് സർവീസ് നടത്തിയ ലോറികൾ അടുത്തിടെ നാട്ടുകാർ തടഞ്ഞിട്ടു. പാലം പുനർനിർമിക്കാൻ അടിയന്തര നടപടി അനിവാര്യമാണെന്നും പദ്ധതി അനുവദിക്കും വരെ പ്രക്ഷോഭം തുടരുമെന്നും പ്രദേശവാസികൾ പറഞ്ഞു.