ADVERTISEMENT

പുത്തൂർ ∙ നിർമാണം പൂർത്തിയായ താഴത്തുകുളക്കട ചെട്ടിയാരഴികത്ത് കടവ് പാലം ഇന്നു വൈകിട്ട് 5നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മുഖ്യാതിഥികളാകും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥ, രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കും.

കല്ലടയാറ്റിൽ ഏനാത്ത് പാലത്തിനു സമാന്തരമായി കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം 11.45 കോടി രൂപ ചെലവിലാണു പൂർത്തിയാക്കിയിരിക്കുന്നത്. പി.അയിഷ പോറ്റി എംഎൽഎ ആയിരിക്കുമ്പോഴാണു പാലത്തിനു തുക അനുവദിപ്പിച്ചതും പണി തുടങ്ങിയതും. കേരള റോഡ് ഫണ്ട് ബോർഡിന് ആയിരുന്നു നിർമാണച്ചുമതല. 128 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ട്.  7.5 മീറ്റർ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റർ കാൽനട പാതയുമാണ്.   മണ്ണടി, താഴത്തുകുളക്കട എന്നീ ഭാഗങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ട ബന്ധത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാകും പുതിയ പാലം. മണ്ണടി ഉച്ചബലിക്കു ചെട്ടിയാരഴികത്തു കടവിലെ കടത്തു കടന്നാണു കാലങ്ങളായി ഭക്തജനങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. 

 ഉച്ചബലി തൊഴാൻ പോകുന്നവർക്കായി താഴത്തുകുളക്കട ക്ഷേത്രമൈതാനത്ത് സംഭാരത്തോണി ഒരുക്കുന്ന പതിവിന് ഇന്നും മാറ്റമില്ല. പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ഇത്തവണ താഴത്തുകുളക്കട തിരുഅമീൻ കുന്നത്തു ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് മണ്ണടിയിൽ നിന്നുള്ള കെട്ടുകാള പാലം കടന്ന് എത്തിയതു പുതുമയായി. പാലത്തിനു വേണ്ടി നാടിന്റെ വിവിധ തലങ്ങളിൽ നിന്നു നടത്തിയ നീക്കങ്ങൾക്കും നൽകിയ നിവേദനങ്ങൾക്കും ഫലമുണ്ടായതിന്റെ ആഹ്ലാദത്തിലാണ് നാട്.

നോട്ടിസിൽ മുഖ്യാതിഥി; പോസ്റ്ററിലും ബോർഡിലും എംപി ഇല്ല
പുത്തൂർ ∙ താഴത്തുകുളക്കട ചെട്ടിയാരഴികത്തു കടവ് പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡുകൾ, പോസ്റ്ററുകൾ എന്നിവയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയെ ഒഴിവാക്കിയതിൽ പ്രതിഷേധം. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഓഫിസിൽ നിന്ന് ഇന്നലെ പുറത്തു വിട്ട നോട്ടിസിൽ അടൂർ എംഎൽഎയും ഡപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറും കൊടിക്കുന്നിൽ സുരേഷ് എംപിയും ആണ് ചടങ്ങിലെ മുഖ്യ അതിഥികൾ. നോട്ടിസിന്റെ കവർ പേജിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിനും കെ.എൻ.ബാലഗോപാലിനും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും ഒപ്പം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും ഉണ്ട്.

പക്ഷേ, മരാമത്ത് വകുപ്പിന്റെ പേരിൽ നാട്ടിലെങ്ങും സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലും പോസ്റ്ററുകളിലും എംപിയുടെ പേരോ ചിത്രമോ ഇല്ലെന്നതാണു വിവാദത്തിനു കാരണം. ഇതു രാഷ്്ട്രീയ പ്രേരിതമായി ചെയ്തതാണ് എന്നാണ് ആരോപണം. പാലത്തിനു ഫണ്ട് അനുവദിപ്പിക്കുകയും പണി തുടങ്ങുകയും ചെയ്തതു മുൻ എംഎൽഎ പി.അയിഷപോറ്റിയുടെ കാലയളവിലാണ്. എന്നിട്ടും അയിഷ പോറ്റിയെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ല. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com