ബൈക്ക് യാത്രികന് കടന്നൽ കുത്തേറ്റു; നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിലിടിച്ച് യുവാവിനു ഗുരുതര പരുക്ക്
Mail This Article
ചവറ∙ വഴിയാത്രക്കാരെയും വാഹനയാത്രികരെയും കടന്നൽക്കൂട്ടം ആക്രമിച്ചു. ഒട്ടേറെപ്പേർക്കു കുത്തേറ്റു. കടന്നൽ ആക്രമണത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിയിലിടിച്ചു യുവാവിനു ഗുരുതര പരുക്കേറ്റു. തേവലക്കര പാലയ്ക്കൽ സുധീർ മൻസിലിൽ നിന്നു ചവറ പയ്യലക്കാവ് ഇലത്തറ വടക്കേതിൽ വാടകയ്ക്ക് താമസിക്കുന്ന ഷെഫീക്കിനാണ് (30) പരുക്കേറ്റത്. ഇദ്ദേഹത്തെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ എംഎസ്എൻ കോളജ് വിദ്യാർഥികളായ തേവലക്കര പടിഞ്ഞാറ്റക്കര മാവിള ജംക്‌ഷൻ പെരുമ്പാഴത്ത് അജിന മൻസിലിൽ അഫ്സൽ (19), ഉഷസ് ബംഗ്ലാവിൽ മുഹമ്മദ് തൻവീർ (20), ടിപ്പർ ലോറി ഡ്രൈവർ ചവറ പയ്യലക്കാവ് വയൽവാരം പ്രകാശ് (43), ചവറ വൈകുണ്ഠം വീട്ടിൽ വിഷ്ണുനാരായണൻ എന്നിവർ കടന്നൽക്കുത്തേറ്റു ചവറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അപകടം കണ്ട് രക്ഷാപ്രവർത്തനം നടത്താൻ എത്തിയവർക്കും സമീപവാസികളും അടക്കം ഒട്ടേറെപ്പേർക്ക് കുത്തേറ്റു. ചവറ കൊട്ടുകാട്–നല്ലേഴുത്ത് ജംക്‌ഷൻ റോഡിൽ പയ്യലക്കാവ് കാവനാൽ കാവിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.15 മുതലാണ് കടന്നൽക്കൂട്ടത്തിന്റെ ആക്രമണം തുടങ്ങിയത്. കൊട്ടുകാട് മസ്ജിദിൽ നിന്നു ജുമുഅ നമസ്കാരം കഴിഞ്ഞ് ചവറ എംഎസ്എൻ കോളജിലേക്ക് ബൈക്കിൽ പോകുകയായിരുന്ന വിദ്യാർഥികളെയാണ് ആദ്യം കടന്നൽ ആക്രമിച്ചത്.
വിദ്യാർഥികൾ ബൈക്ക് ഉപേക്ഷിച്ച് ഓടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. അവശനിലയിലായ ഇരുവരെയും ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്നു മണിയോടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഷെഫീക്കിനെ കൂട്ടത്തോടെ കടന്നൽ ആക്രമിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ടു എതിരെ വന്ന ടിപ്പർ ലോറിയിലേക്കു ഇടിച്ചു കയറുകയായിരുന്നു. വീണു മുറിവേറ്റു കിടന്ന ഷെഫീക്കിനെ കടന്നൽ പൊതിഞ്ഞതോടെ രക്ഷപ്പെടുത്താൻ എത്തിയ ലോറി ഡ്രൈവർ പ്രകാശിനെ കടന്നൽക്കൂട്ടം ആക്രമിച്ചു. അരക്കിലോമീറ്ററോളം ഓടിയ ഇദ്ദേഹം സമീപത്തെ വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റു കിടന്ന ഷെഫീക്കിനെ ആശുപത്രിയിലേക്ക് മാറ്റാൻ ഓടിയെത്തിയ പലർക്കും കുത്തേറ്റു. രക്തം വാർന്ന കാലുമായി സമീപത്തെ വീട്ടിൽക്കയറി വാതിലടച്ചതോടെ കടന്നൽ വീട്ടുകാരെയും ആക്രമിച്ചു. തുടർന്ന് ആംബുലൻസ് വരുത്തി ഷെഫീക്കിനെ കൊല്ലത്തേക്കു കൊണ്ടുപോകുകയായിരുന്നു. വലതുകാലിനു പരുക്കേറ്റ ഷെഫീക്കിനു അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നു ബന്ധുക്കൾ പറഞ്ഞു. ചവറ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.