അത്രമേൽ ചേർന്നു നിൽക്കുകയാണ് നസീർ സംക്രാന്തിയും കമലാസനനും...
![kottayam-naseer-samkranthi kottayam-naseer-samkranthi](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2020/9/20/kottayam-naseer-samkranthi.jpg?w=1120&h=583)
Mail This Article
കോട്ടയത്തു കൂടി പാന്റ്സും ഷർട്ടുമിട്ട് നസീർ സംക്രാന്തി യാത്ര ചെയ്യുമ്പോൾ കാഴ്ചക്കാർക്കൊരു സംശയം. കമലാസനൻ ആളൊരു പരിഷ്കാരിയായിട്ടുണ്ടല്ലോ? വെളുത്ത മുണ്ടും ഷർട്ടും ഡയറിയുമൊക്കെ ഉപേക്ഷിച്ചോ... അത്രമേൽ ചേർന്നു നിൽക്കുകയാണ് നസീർ സംക്രാന്തിയും കമലാസനനും.
മിനിസ്ക്രീനിൽ ഒപ്പം ചേർന്നു നടന്ന കമലാസനൻ എന്ന വേഷം നസീർ സംക്രാന്തിക്കു നൽകിയത് മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടിവി പുരസ്കാരമാണ്. 2011 മുതൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിൽ കഴിഞ്ഞ ആറര വർഷമായി നസീർ കമലാസനനായുണ്ട്. 2014 ഏറ്റവും മികച്ച ഹാസ്യപരമ്പരയ്ക്കുള്ള പുരസ്കാരം തട്ടീം മുട്ടീമിനു ലഭിക്കുമ്പോഴും നസീറായിരുന്നു മികച്ച ഹാസ്യനടൻ.
ടിവിയിൽ നിന്ന് സമൂഹമാധ്യമങ്ങൾ അപൂർവമായി ഹാസ്യരംഗങ്ങൾ തേടുമ്പോൾ പലപ്പോഴും ഇടം നേടുന്നത് കമലാസനന്റെ നർമങ്ങളാണ്. നെറ്റിയിലേക്ക് വീണു കിടക്കുന്ന, വെളിച്ചെണ്ണയിൽ കുതിർന്ന ഒറ്റമുടി, വെളുത്ത ഷർട്ട്, മുണ്ട്... എങ്ങനെയും രണ്ട് സ്മോൾ അടിക്കാനുള്ള നിതാന്തമായ ഉത്സാഹം, പിന്നെ തനി നാടൻ സംഭാഷണം.... ഇവയൊക്കെയാണ് നസീറിന്റെ കമലാസനന്റെ ജനപ്രിയതയുടെ അടിത്തറ.
40 സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കമലാസനനെ ഓവർടേക്ക് ചെയ്യാൻ ആർക്കും കഴിഞ്ഞിട്ടില്ല. ‘‘കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ലളിതമായ ആഘോഷം തുടരും’’– ചോറ്റാനിക്കരയിലെ ലൊക്കേഷനിൽ മധുരം പങ്കു വച്ചതിനു ശേഷം ഇന്നലെ രാത്രിയോടെ സംക്രാന്തിയിലെ വീട്ടിലെത്തിയ നസീർ പറഞ്ഞു.