ADVERTISEMENT

തേഞ്ഞിപ്പലം ∙ ചാൻസലർ (ഗവർണർ) രാജേന്ദ്ര വിശ്വനാഥ് അർലേക്കർ‍ സെനറ്റ് യോഗത്തിനെത്തി അംഗങ്ങളെ അഭിസംബോധന ചെയ്തത് പുതിയ തുടക്കം. യൂണിവേഴ്സിറ്റിയുടെ പരമാധികാരിയാണ് ചാൻ‍സലർ. വാഴ്സിറ്റിയെ സംബന്ധിച്ച് പരമാധികാര സഭയാണ് സെനറ്റ്. പക്ഷേ, യൂണിവേഴ്സിറ്റിയെ സംബന്ധിച്ച് 56 വർഷത്തിനിടെ സെനറ്റ് യോഗത്തിലേക്ക് ചാൻ‍സലർ എത്തിയത് ഇതാദ്യം. 

ലഹരിവിരുദ്ധ സന്ദേശ വാചകം എഴുതിയ മേൽക്കുപ്പായം അണിഞ്ഞാണ് ചാൻസലർ എത്തിയത്. സെനറ്റ് അംഗങ്ങളും വിസി ഡോ. പി.രവീന്ദ്രൻ അടക്കമുള്ളവരും ചാൻസലർ എത്തും മുൻപേ ലഹരിവിരുദ്ധ സന്ദേശ മേൽക്കുപ്പായം അണിഞ്ഞിരുന്നു. ലഹരിക്ക് എതിരായ വലിയ സന്ദേശത്തിന്റെ എളിയ തുടക്കം എന്ന നിലയ്ക്ക് യൂണിവേഴ്സിറ്റി അധികൃതരുടെ വകയായിരുന്നു മേൽക്കുപ്പായം. 

ലഹരിവിരുദ്ധ സന്ദേശമെഴുതിയ മേൽക്കുപ്പായമണിഞ്ഞ് പി.അബ്ദുൽ ഹമീദ് എംഎൽഎ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തപ്പോൾ.
ലഹരിവിരുദ്ധ സന്ദേശമെഴുതിയ മേൽക്കുപ്പായമണിഞ്ഞ് പി.അബ്ദുൽ ഹമീദ് എംഎൽഎ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തപ്പോൾ.

ചാൻസലർ‍ ഉച്ചയ്ക്ക് 12.10ന് സെനറ്റ് ഹൗസിൽ പ്രസംഗത്തിന് എത്തിയത് ഇരു കൈകളും കൂപ്പി വണക്കത്തോടെ. അംഗങ്ങൾ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കാനും ശ്രദ്ധിച്ചു. മലയാളത്തിൽ നമസ്കാരം എന്ന് പറ‍ഞ്ഞ ശേഷം ഇംഗ്ലിഷിലേക്കു കടന്ന ചാൻസലർ അര മണിക്കൂർ പ്രസംഗത്തിനു ശേഷം നന്ദി എന്നു മലയാളത്തിൽ അറിയിച്ചാണു നിർത്തിയത്. അംഗങ്ങളുടെ അഭിപ്രായപ്രകടനങ്ങൾക്കും അദ്ദേഹം ചെവികൊടുത്തു. ചാൻസലർ എത്തിയപ്പോഴും മടങ്ങുന്നതിനു മുൻപും സെനറ്റ് ഹൗസി‍ൽ ദേശീയ ഗാനാലാപനം ഉണ്ടായിരുന്നു. 

കോഴിക്കോട്ട് ഇറങ്ങിയ അദ്ദേഹം യൂണിവേഴ്സിറ്റി വിവിഐപി ഗെസ്റ്റ് ഹൗസിൽ എത്തിയപ്പോൾ വിസി ഡോ. പി.രവീന്ദ്രൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിസിക്കും സിൻഡിക്കറ്റ് അംഗങ്ങൾക്കും ഒപ്പം ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ ഉച്ച ഭക്ഷണം കഴിച്ച് ഇറങ്ങവേ എല്ലാവരെയും രാജ് ഭവനിലേക്ക് ക്ഷണിക്കാനും അദ്ദേഹം മറന്നില്ല.

4 മണിക്കൂർ മാത്രമാണ് ചാൻസലർ ക്യാംപസിൽ ചെലവഴിച്ചതെങ്കിലും വിസിയും സിൻഡിക്കറ്റ് അംഗങ്ങളിൽ ചിലരുമടക്കം പലരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാൻ ചാൻസലർ ശ്രദ്ധിച്ചു. ഫാക്കൽ‍റ്റി ഡീൻ, ഡയറക്ടർ, ബ്രാഞ്ച് മേധാവി, വിദ്യാർഥി യൂണിയൻ പ്രതിനിധികൾ എന്നിവരുമായി സെനറ്റ് ഹൗസിൽ ഉച്ചയ്ക്ക് ശേഷം മുഖാമുഖത്തിലും ചാൻ‍സലർ പങ്കെടുത്തു. തുടർന്ന് 3.30ന് ആണ് അദ്ദേഹം ക്യാംപസ് വിട്ടത്.

രാവിലെ 10ന് സെനറ്റ് യോഗം തുടങ്ങും മുൻപ് മലപ്പുറത്ത് നിന്ന് പൊലീസ് നായ അപ്പുവിനെ എത്തിച്ച് സെനറ്റ് ഹൗസിലാകെ സൂക്ഷ്മ പരിശോധന നടത്തിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തി‍ൽ ചാൻസലറുടെ സുരക്ഷയ്ക്ക് ക്യാംപസിന്റെ വിവിധ ഭാഗങ്ങളിലായി 190 പൊലീസുകാരെയും വിന്യസിച്ചിരുന്നു. തികച്ചും സമാധാനപരമായിരുന്നു ക്യാംപസിലെ അന്തരീക്ഷം.

സർവകലാശാലാ ബില്ലിന് അംഗീകാരം നൽകരുതെന്ന് ചർച്ചയിൽ ആവശ്യം
തേഞ്ഞിപ്പലം ∙ നിയമസഭയുടെ പരിഗണനയിലുള്ള സർവകലാശാലാ ബില്ലിന് അംഗീകാരം നൽകരുതെന്ന് ചാൻസലർക്ക് മുന്നി‍ൽ സെനറ്റിലെ സികെസിടി അംഗം ഡോ. ആബിദ ഫാറൂഖി. ഇതേ ആവശ്യവും കെപിസിടിഎ മേഖലാ പ്രസിഡന്റ് വി.എം.ചാക്കോയും ചാൻസലർക്ക് മുന്നിൽ ഉന്നയിച്ചു.

സെനറ്റിൽ ചാൻസലർ തന്റെ പ്രസംഗ ശേഷം അംഗങ്ങൾക്ക് അഭിപ്രായം പറയാൻ അവസരം നൽകിയപ്പോഴാണ് ഇരുവരും ബില്ലുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. പ്രോ ചാൻ‍സലർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലാണ് നിയമസഭയുടെ പരിഗണനയിൽ ഉള്ളതെന്ന് ഇവർ പറ‍‍ഞ്ഞു. സർവകലാശാലകളുടെ അക്കാദമിക് അന്തരീക്ഷം തകർക്കുന്ന ബില്ലാണിതെന്നും അവർ ആരോപിച്ചു.

എന്നാൽ, ഇത്തരം അഭിപ്രായ പ്രകടനത്തിന് അനുവാദം നൽകിയതിൽ ഉന്നത വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ ഡോ. ജെ.പ്രസാദ് തന്റെ പ്രസംഗത്തിനിടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാമെന്നായിരുന്നു ചാ‍ൻസലറുടെ നിലപാട്.  എം.പി.നാരായണ മേനോനും വാരിയൻകുന്നത്ത് കു‍‍ഞ്ഞഹമ്മദ് ഹാജിയും ഉയർത്തിപ്പിടിച്ച സ്വാതന്ത്ര്യസമര മതേതര മൂല്യം ഉൾകൊണ്ട് മാത്രമേ കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നോട്ട് പോകാനാകൂവെന്ന് ചരിത്രകാരൻ ഡോ. പി. ശിവദാസൻ പറഞ്ഞ‍ു.

സർവകലാശാലയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുന്ന നിയമഭേദഗതി അംഗീകരിക്കരുതെന്ന് സെനറ്റിലെ കെപിസിടിഎ അംഗങ്ങളായ ഡോ വി.എം.ചാക്കോ, ഡോ. പി.സുൽഫി, ഡോ. മനോജ് മാത്യൂസ്, ഡോ. ആർ‍.ജയകുമാർ, ഡോ. ഇ.ശ്രീലത, ജി.സുനിൽ കുമാർ, കോൺഗ്രസ് അംഗം എം.രാജൻ, സിൻഡിക്കറ്റ് അംഗങ്ങളായ ടി.ജെ.മാർട്ടിൻ, മധു പി.രാമനാട്ടുകര, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപഴ്സൻ നിഥിൻ ഫാത്തിമ എന്നിവർ ചാൻസലറെ കണ്ട് കത്ത് നൽകി. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട എന്ത് വിവരവും തേടാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അവകാശം നൽകുന്ന ബില്ലാണ് നിയമസഭയുടെ പിരഗണനയിലുള്ളത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിയമ ഭേദഗതിയാണ്– സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.

പിഎം ഉഷ പദ്ധതി നടത്തിപ്പിന് സാവകാശം: കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് ഗവർണർ
തേഞ്ഞിപ്പലം ∙ പ്രധാനമന്ത്രി ഉച്ചദാർ‍ ശിക്ഷാ അഭിയാൻ (പിഎം ഉഷ) പദ്ധതിയിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് അനുവദിച്ച 100 കോടി രൂപയുമായി ബന്ധപ്പെട്ട പദ്ധതി നടത്തിപ്പിന് സാവകാശം വേണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. കാലിക്കറ്റ് സർവകലാശാലയിൽ അക്കാദമിക് സമൂഹവുമായും വിദ്യാർഥി പ്രതിനിധികളുമായും മുഖാമുഖം പരിപാടിയിൽ പങ്കെടുക്കവെ ഇത് സംബന്ധിച്ച് ആവശ്യം ഉയർന്നതിനെ തുടർന്നാണ് ഗവർണറുടെ പ്രതികരണം. 

മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ ചെയ്യുന്നവർ‍ക്ക് ക്രെഡിറ്റ് കൈമാറ്റം വേണമെന്നും വയനാട് ചെതലയം ഗോത്രവർഗ പഠന ഗവേഷണ കേന്ദ്രത്തിന് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് ലഭ്യമാക്കണമെന്നും യോഗത്തിൽ ചിലർ ആവശ്യപ്പെട്ടു. സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെയുള്ള സിഡിഎംആർപിയിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് തൊഴിൽ പരിശീലനത്തിന് ഫണ്ട് കണ്ടെത്താൻ‍ നടപടി വേണമെന്നും ആവശ്യമുയർ‌ന്നു. 

ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കുട്ടികൾ കേരളം വിടുന്നതിന്റെ കാരണം കണ്ടത്തണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. എല്ലാ ആവശ്യങ്ങളും ശ്രദ്ധാപൂർവം കേട്ട ഗവർണർ‍ പ്രതീക്ഷ നൽകും വിധമാണ് പ്രതികരിച്ചതെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറ‍ഞ്ഞു. കോട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യ മാലയുടെ ഇംഗ്ലിഷ് പരിഭാഷ ഗവർണർക്ക് വിസി ഡോ. പി.രവീന്ദ്രൻ സമ്മാനിച്ചു. വിസി രവീന്ദ്രൻ, റജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ തുടങ്ങിയവരും പഠന വകുപ്പ് മേധാവികളും സിൻഡിക്കറ്റ് അംഗങ്ങളും ചർച്ചയിൽ‍ പങ്കെടുത്തു.

ഗവർണറുമായുള്ള മുഖാമുഖം വാക്പോരിൽ കലാശിച്ചു
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര അർലേക്കറുമായുള്ള മുഖാമുഖം പരിപാടി അദ്ദേഹവും എസ്എഫ്ഐയും തമ്മിലുള്ള വാക്പയറ്റായി. യൂണിവേഴ്സിറ്റി ക്യാംപസിൽ എസ്എഫ്ഐ നേതൃത്വം അക്രമം അഴിച്ചു വിടുന്നതായി എംഎസ്എഫ് പ്രതിനിധി ഗവർണറെ അറിയിച്ചതാണു തുടക്കം. കുട്ടികൾ ക്യാംപസിൽ എത്തുന്നത് യൂണിയൻ ഉണ്ടാക്കാനല്ല, മറിച്ച് പഠിക്കാൻ വേണ്ടി ആണെന്നായിരുന്നു ഗവർണറുടെ പ്രതികരണം. എന്നാ‍ൽ, അതിലുള്ള വിയോജിപ്പ് എസ്എഫ്ഐ പ്രതിനിധി അറിയിക്കുകയായിരുന്നു. ‌

നല്ല ചർച്ച വഴിതിരിച്ചു വിട്ടതിലുള്ള നീരസം പ്രകടിപ്പിച്ച ഗവർണർ, തുടർന്നു മുഖാമുഖം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. പരിപാടിയുടെ അവസാന നിമിഷത്തിലാണ് വിദ്യാ‍ർഥി രാഷ്ട്രീയം ചർച്ചയായത്. തന്മൂലം മുഖാമുഖം പരിപാടിയെ അത് ബാധിച്ചില്ല. അതേസമയം, ഫാക്കൽറ്റി ഡീന്മാരും വകുപ്പ് മേധാവികളും വിദ്യാർഥി പ്രതിനിധികളും മറ്റുമായി ചാൻസലർ ആശയ വിനിമയം നടത്തുന്ന പരിപാടിയുടെ ആസൂത്രണത്തിൽ പിഴവുണ്ടായതായി സംശയിക്കുന്നുവെന്ന് സിൻഡിക്കറ്റിലെ ബിജെപി അംഗം എ.കെ.അനുരാജ് പിന്നീട് പ്രതികരിച്ചു.

English Summary:

Rajendra Vishwanath Arlekar's historic address to the Thenhipalam University Senate marks a significant milestone in university governance. His presence, the first by a Chancellor in 56 years, underscored the importance of the event and included a powerful anti-drug message.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com