ലഹരി ഉപയോഗം വേര് പലവഴി; തടഞ്ഞേ തീരൂ, അലർജി മരുന്നുമുതൽ പാമ്പിൻവിഷം വരെ

Mail This Article
ന്യൂഡൽഹി ∙ലഹരി ഉപയോഗത്തിനിടെ പിടികൂടിയതാണ് എച്ച്ഐവി, പ്രതിരോധശേഷി നഷ്ടപ്പെട്ടതോടെ ക്ഷയരോഗവും പിന്നാലെയെത്തി. കട്ടിലിൽ നിന്നെഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അമൽ (പേര് യഥാർഥമല്ല). പഠനവും കുടുംബവും ഉൾപ്പെടെ ജീവിതം ആകെ കീഴ്മേൽ മറിഞ്ഞു. ഇപ്പോൾ സൗത്ത് ഡൽഹിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.‘കട്ട്, സാമാൻ ഓർ മാൽ’– ലഹരിയിൽ മതിമറന്നുപോയ കാലത്തുനിന്ന് അമൽ ഓർമിച്ചെടുത്ത കോഡ് വാക്കുകളാണിത്. കട്ട്്: 50 ശതമാനത്തിലേറെ രാസവസ്തുക്കൾ കലർന്ന ലഹരി.
സാമാൻ: 25% രാസവസ്തു.
മാൽ: രാസവസ്തുക്കൾ ചേരാത്ത കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ.യൗവനത്തിൽ തന്നെ ഗുരുതരരോഗം ബാധിച്ച തന്റെ ജീവിതത്തിലേക്കു വിരൽചൂണ്ടി അമലിനു ഒന്നേ പറയാനുള്ളൂ: ‘വെറുതെ പോലും ലഹരിയുടെ കുഴിയിലേക്ക് വീഴരുത്, പിന്നൊരു തിരിച്ചുപോക്കുണ്ടാകില്ല’.
ദേസി ദാരു, സ്മാക്ക്, പാമ്പിൻവിഷം
പണമില്ലാത്തവർ ദേസി ദാരുവിലും കഞ്ചാവിലും അലർജിക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന ഗുളികകളിലും ലഹരി കണ്ടെത്തുന്നു. വമ്പന്മാരാകട്ടെ മുൻനിര മ്യൂസിക് പബ്ബിലും ഡാൻസ് ബാറിലും മറ്റുമെത്തി ഹെറോയിനും ഹാഷിഷും ഐവിയുമുൾപ്പെടെയുള്ള രാസലഹരിയിൽ മുങ്ങുന്നു. ലഹരിവിമുക്ത കേന്ദ്രങ്ങളിലെത്തുന്നവരിൽ ഭൂരിഭാഗം പേരും ഹാഷിലും അലുമിനിയം ഫോയിലും ചേർത്തുണ്ടാക്കുന്ന സ്മാക്ക്, ‘മിയാവ് മിയാവ്’ എന്ന് അറിയപ്പെടുന്ന മെഫിഡ്രോൺ, മദ്യം എന്നിവയുടെ പിടിയിലമർന്നവരാണ്. ലഹരിവിമുക്ത കേന്ദ്രങ്ങളിൽ കുട്ടികളുടെ വാർഡുകൾ കൂടുന്നു എന്നതാണ് മറ്റൊരു ഭീതി.
ഗോൾഡൻ ട്രയാംഗിൾ, ഗോൾഡൻ ക്രസന്റ്
ലഹരിമരുന്നിന്റെ ലോകത്ത് ഗോൾഡൻ ട്രയാംഗിൾ, ഗോൾഡൻ ക്രസന്റ് എന്നിങ്ങനെ ഓമനപ്പേരിൽ അറിയപ്പെടുന്ന രണ്ടു പ്രധാന മേഖലകളിൽനിന്നാണ് തലസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്ന് പൊലീസ് പറയുന്നു. തായ്‌ലൻഡ്, ലാവോസ്, മ്യാൻമർ അതിർത്തികളിലെ റുവാക്, മെകോംങ് നദികളുടെ സംഗമസ്ഥാനത്തുള്ള ലഹരിയിടപാട് പ്രദേശങ്ങളാണ് ഗോൾഡൻ ട്രയാംഗിൾ. കറുപ്പ് ഉൽപാദനത്തിന്റെ ആഗോള വിപണിയെന്ന് അറിയപ്പെടുന്ന അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ മേഖലകളെയാണ് ഗോൾഡൻ ക്രസന്റ് എന്നു വിളിക്കുന്നത്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിലൂടെയാണ് ഇവ ഡൽഹിയിലേക്കെത്തിക്കുന്നത്. മോർഫിൻ, ഹെറോയിൻ തുടങ്ങിയവ വിമാന മാർഗവും ട്രെയിൻ മാർഗവുമാണ് ഗോൾഡൻ ട്രയാംഗിളിൽനിന്ന് ഡൽഹിലേക്കു എത്തിക്കുന്നത്. റെയ്ഡും പട്രോളിങ്ങുമായി പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെങ്കിലും ലഹരിമാഫിയ സജീവമായി തുടരുന്നു.
കൈമലർത്തി പൊലീസ്
ലഹരിമരുന്നു വേട്ടയൊക്കെ നടക്കുന്നുണ്ട്, പക്ഷേ ലോകത്തെല്ലായിടത്തുമുള്ളത് പോലെ ഡൽഹിയിലും ലഹരിമരുന്ന് ഉപയോഗം സുലഭമാണെന്നു പൊലീസ് പറയുന്നു. മാർച്ച് 31ന് 30 കോടി രൂപയുടെ കഞ്ചാവാണു പിടികൂടിയത്.