‘ഡോൺ ക്വിഹോത്തെ’ പാലക്കാട്ടെ അരങ്ങിൽ

Mail This Article
പാലക്കാട് ∙ സ്പാനിഷ് എഴുത്തുകാരൻ മിഗ്വെൽ ഡി സെർവാന്റസിന്റെ അസാധാരണ സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിച്ച കഥാപാത്രം ‘ഡോൺ ക്വിഹോത്തെ’ പാലക്കാട് എത്തുന്നു. കാറ്റാടി യന്ത്രങ്ങളോടു യുദ്ധം ചെയ്തു പരാജയപ്പെട്ട ഡോൺ ക്വിഹോത്തെയുടെ കഥ‘നന്മയിൽ ജോൺ ക്വിഹോത്തെ’ എന്ന നാടക രൂപത്തിൽ 29, 30 തീയതികളിൽ രാത്രി 7ന് പാലക്കാട് ഗവ.വിക്ടോറിയ കോളജ് മൈതാനത്ത് അവതരിക്കും. പാലക്കാട് സ്പോർട്ടീവ് തിയറ്റർ, മിന്നാടം നാടക സംഘം, പൊന്നാനി വിപിഎസ് കളരിസംഘം എന്നിവർ ചേർന്നാണു നാടകം അരങ്ങിലെത്തിക്കുന്നത്.
അസാധ്യമെന്നു പറയുന്ന സ്വപ്നങ്ങളെ തേടി പോയവരെ ക്വിഹോത്തെകൾ എന്നു വിളിച്ചു ലോകം കളിയാക്കി. എന്നാൽ പിന്നീട് ലോകം അവരെ വാഴ്ത്തിയിട്ടുമുണ്ട്. നാടക കലാകാരനായ അലിയാർ അലിയും സംഘവും ചേർന്നു അകാലത്തിൽ വിട്ടുപിരിഞ്ഞ ചിത്രകാരൻ മിഥുൻ മോഹൻ എന്ന സുഹൃത്തിന്റെ സ്വപ്നം സഫലമാക്കുന്നതിനു വേണ്ടിയാണ് നാടകം തയാറാക്കിയിരിക്കുന്നത്. ഷൊർണൂർ സ്വദേശിയായ മിഥുൻ ഒന്നരവർഷം മുൻപാണു വിട പറഞ്ഞത്.
മിഥുൻ തന്റെ ഇഷ്ട കഥാപാത്രമായിരുന്ന ക്വിഹോത്തെയെക്കുറിച്ച് ഇടയ്ക്കിടെ സുഹൃത്തുക്കളോട് സംസാരിക്കുകയും ക്വിഹോത്തയുടെ വിഡിയോ, ഓഡിയോ പ്രസന്റേഷൻ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അലിയാർ അലി ഇതു നാടകമാക്കുന്നതിനെക്കുറിച്ചും മിഥുനോട് സംസാരിച്ചു. എന്നാൽ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുൻപ് മിഥുൻ യാത്രയായി. മിഥുന്റെ അച്ഛൻ സ്വാതി മോഹനും നാടകത്തിൽ അഭിനയിക്കുന്നുണ്ട്.
കളരിത്തറയ്ക്കു സമാനമായ തട്ടൊരുക്കി അതിലാണ് നാടകം അവതരിപ്പിക്കുന്നത്. കളരിയും ചേകവന്മാരും കേരളത്തിന്റെ ഐതിഹ്യങ്ങളും ബിംബങ്ങളുമെല്ലാം നാടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാൽപതോളം കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണു നാടകം തയാറാക്കിയിരിക്കുന്നത്.