ADVERTISEMENT

തണ്ണിത്തോട് ∙ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങാൻ വൈകുന്നു. മികച്ച വരുമാനം ലഭിക്കുമ്പോഴും പോരായ്മകൾ യഥാസമയം പരിഹാരിക്കാൻ അധികൃതർക്കാകുന്നില്ല. നാഥനില്ലാക്കളരി പോലെയാണ് പ്രവർത്തനങ്ങൾ. നിരന്തരം പരാതികളുയരുമ്പോൾ മാത്രമാണ് പഴി തീർക്കാൻ എന്തെങ്കിലും നടപ്പാക്കുന്നതെന്ന് ആക്ഷേപമുണ്ട്. നടപ്പാക്കുന്നതിൽ പലതും ഫലപ്രദമാകുന്നുമില്ല.

കടവിൽ നിന്ന് കുട്ടവഞ്ചിയിലേക്ക് സഞ്ചാരികൾക്ക് കയറാൻ സൗകര്യത്തിനാണ് മുളയുടെ ചങ്ങാടം കെട്ടി നിർത്തിയിരിക്കുന്നത്. കല്ലാറ്റിലേക്ക് മണ്ണീറ തോട് ചേരുന്ന ഭാഗത്താണ് ചങ്ങാടം ഉറപ്പിച്ചിരിക്കുന്നത്. കല്ലാറ്റിൽ ജലനിരപ്പ് ഉയർന്നുനിൽക്കുമ്പോഴും സഞ്ചാരികളുടെ തിരക്കേറുമ്പോഴും കുട്ടവഞ്ചിയിലേക്ക് കയറാൻ ചങ്ങാടം അനിവാര്യമാണ്.

എന്നാൽ 2 വർഷത്തിലേറെയായ ചങ്ങാടം 6 മാസം മുൻപ് തന്നെ നാശാവസ്ഥയിലാണ്. 4 നിരകളിലായി 25 മുളകൾ വീതം വരിഞ്ഞുകെട്ടി ഉറപ്പിച്ചാണ് ചങ്ങാടം നിർമിച്ചിരിക്കുന്നത്. ഓണം സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ മുളകൾ പൊടിഞ്ഞുതുടങ്ങിയിരുന്നു. മുകളിലത്തെ നിരയിലെ മുളകൾ മിക്കവാറും പൊടിഞ്ഞ് പൊട്ടിയിട്ടുണ്ട്. പൊട്ടിയ കുറെ മുളകൾക്കിടയിൽ പുതിയ മുള തിരുകിക്കയറ്റിവച്ചിരിക്കയാണ്.

ചങ്ങാടത്തിലൂടെ കുട്ടവഞ്ചിയിലേക്ക് കയറുന്ന സഞ്ചാരികൾ സൂക്ഷിച്ചില്ലെങ്കിൽ പൊട്ടിയ മുളകൾക്കിടയിൽ കാൽപാദം കുടുങ്ങുമെന്നതാണ്  സ്ഥിതി. സഞ്ചാരികളിൽ  പലരും പരാതിപ്പെട്ടിട്ടും അധികൃതർക്ക് കുലുക്കമില്ല. സവാരിക്ക്  ശേഷം തുഴച്ചിലുകാർ കുട്ടവഞ്ചി ചുമന്ന് കരയിലേക്ക് കയറുമ്പോഴും പൊട്ടിയ മുളകൾക്കിടയിൽ കാൽപാദം കുടുങ്ങും.

സവാരി കേന്ദ്രത്തിൽ നിന്ന് കടവിലേക്കുള്ള പാതയിൽ കല്ല് പാകിയിട്ടുണ്ട്. കല്ലുകൾക്കിടയിലെ കോൺക്രീറ്റ് ഇളകി വിടവ് രൂപപ്പെട്ടിട്ടുണ്ട്. കൊച്ചുകുട്ടികളുടെ കാൽപാദം ഈ വിടവുകൾക്കിടയിൽ വീണ് പരുക്കുണ്ടാകാം. ഇവയൊന്നും ശ്രദ്ധിക്കാനും പരാതികളുയരുമ്പോഴെങ്കിലും പരിഹരിക്കാനും ഉത്തരവാദപ്പെട്ടവർക്ക് കഴിയുന്നില്ല.

കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ട് 9 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ പലതും നടപ്പാക്കിയിട്ടില്ല. കുട്ടവഞ്ചികൾ സൂക്ഷിക്കാനുള്ള ഷെഡ് നിർമിക്കാനോ ഇരുനിലയിൽ നിർമിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ മുറികൾ സഞ്ചാരികൾക്ക് തങ്ങാൻ നൽകി വരുമാനമുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല.

വനംവകുപ്പിന്റെ കോന്നി വനവികാസ ഏജൻസിയുടെ കീഴിൽ എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ ചുമതലയിലാണ് കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തിക്കുന്നത്. സവാരിയിൽ നിന്ന് എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിക്ക് നിശ്ചിത വിഹിതം ലഭിക്കുമെങ്കിലും ഫണ്ട് സ്വരൂപിച്ച് വയ്ക്കുന്നതല്ലാതെ പ്രയോജനപ്രദമായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com