ADVERTISEMENT

തിരുവനന്തപുരം∙ ജയിലിൽ നിന്നിറങ്ങിയ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ‘പിന്നെപ്പറയാം’ എന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കി. എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകി നാലാംദിവസമാണ് പുറത്തിറങ്ങിയത്. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയിൽ തികച്ചു. രാവിലെ പതിനൊന്നരയോടെയാണ് ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കി അട്ടക്കുളങ്ങര വനിതാ ജയിലിനു പുറത്തിറങ്ങിയത്. അമ്മ പ്രഭ കാത്തു നിന്നു.ചോദ്യങ്ങളുമായി പൊതിഞ്ഞ മാധ്യമപ്രവർത്തകരോടായിരുന്നു ഒറ്റ വാക്കിൽ പ്രതികരണം.

ജയിലിൽനിന്നു നേരെ പോയത് അമ്മയുടെ ബാലരാമപുരത്തെ വീട്ടിലേക്കാണ്. മാധ്യമപ്രവർത്തകരെ ഗേറ്റിൽ തടഞ്ഞു. ‘എല്ലാം പറയാമെന്നും ആദ്യം അവളൊന്നു ശാന്തമാകട്ടെ’യെന്നും അമ്മ പ്രതികരിച്ചു. ശാരീരികമായ അവശതകളുണ്ടെന്നും പ്രഭ പറഞ്ഞു. ഏതാനും ബന്ധുക്കളും ബാലരാമപുരത്തെ വീട്ടിലുണ്ടായിരുന്നു. എൻഐഎ കേസിനൊപ്പം, സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നൽകിയിരുന്നു.

25 ലക്ഷം രൂപ കെട്ടിവയ്ക്കണം, രണ്ട് ആൾജാമ്യം വേണം തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് കഴിഞ്ഞ രണ്ടിന് എൻഐഎ കേസിലെ ജാമ്യം. വ്യവസ്ഥകൾ പാലിക്കാൻ സമയമെടുത്തതിനാലാണു ജയിൽമോചനം നീണ്ടത്. ജാമ്യവ്യവസ്ഥകൾ പൂർത്തീകരിച്ചതിന്റെ രേഖകളും കോടതി ഉത്തരവുകളും അമ്മ രാവിലെ 10നു ജയിലിലെത്തി കൈമാറി. തുടർന്ന് ഒന്നരമണിക്കൂർ കൊണ്ടു നടപടിക്രമങ്ങൾ പൂർത്തിയായി. കൂട്ടുപ്രതി സരിത്തിന് എൻഐഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കരുതൽ തടങ്കൽ കാലാവധി പൂർത്തിയാകാത്തതിനാൽ പുറത്തിറങ്ങാൻ വൈകും.

2020 ജൂൺ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ നയതന്ത്ര ബാഗേജിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചതാണു കേസിനാധാരം.  തുടർന്നു വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണു ഡോളർ കടത്തിന് ഉൾപ്പെടെ കൂടുതൽ കേസുകളെടുത്തത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഉൾപ്പെടെയുള്ളവരാണു പ്രതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com