നാലുവയസ്സുകാരിയെ ആക്രമിച്ച നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം

Mail This Article
ചിറയിൻകീഴ്∙അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ചു ഗുരുതരമായി പരുക്കേൽപിച്ച തെരുവുനായയുടെ ജഡം പുറത്തെടുത്തു വിദഗ്ധ പരിശോധനകൾക്കായി പാലോട് ചീഫ് ഡിസീസ് കാര്യാലയത്തിനു കൈമാറി. ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കൃപാ നഗറിൽ റീജൻ–സരിത ദമ്പതികളുടെ മകൾ റോസ്‌ലിയയെയാണു തെരുവുനായ വീട്ടുമുറ്റത്തുവച്ചു അക്രമിച്ചത്.
വൈകിട്ടോടെ പെൺകുട്ടിയെ ആക്രമിച്ചെന്നു കരുതുന്ന തെരുവുനായയെ സംഭവ സ്ഥലത്തിനടുത്തു പാതയോരത്തു ചത്തനിലയിൽ കണ്ടെത്തുകയും നാട്ടുകാർ കുഴിച്ചുമൂടുകയും ചെയ്തു.സംഭവം പ്രദേശത്തു വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ രാവിലെ അഞ്ചുതെങ്ങ് ഗവൺമെന്റ് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ എസ്.ജസ്നയുടെ നേതൃത്വത്തിൽ നായയുടെ ശവം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തി പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസിലേക്ക് തുടർ പരിശോധനകൾക്കായി അയച്ചത്.
പഞ്ചായത്തംഗം ബി.എൻ,സൈജുരാജ്,മുജീബ്,ഇന്ദു എന്നിവർ നേതൃത്വം നൽകി. നാലുദിവസത്തിനുള്ളിൽ ഫലമറിയാമെന്നു മൃഗാശുപത്രി അധികൃതർ അറിയിച്ചു.