ജൈവ തടയണകൾ നിർമിച്ച് വിമല കോളജിലെ വിദ്യാർഥിനികൾ
Mail This Article
തൃശൂർ ∙ വിമല കോളജ് പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് റിസർച്ച്, ഭൂമിക ഒരു നല്ല നാളേയ്ക്കായ് എന്ന സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി നെന്മേനി– കൊല്ലങ്കോട് ജൈവ തടയണകൾ നിർമിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. വീടുകൾ സന്ദർശിച്ച് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. വെള്ളരിമേട്, സീതാർകുണ്ട് എന്നിവിടങ്ങളിൽ 5 ജൈവ തടയണകൾ ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി, നെന്മേനി ഫോറസ്റ്റ് ഡിവിഷൻ, കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസ് എന്നിവരുടെ സഹകരണത്തിൽ നിർമിച്ചു.
തടയണയ്ക്ക് ഭൂനിരപ്പിൽ നിന്ന് 1മീറ്റർ ഉയരമുണ്ട്. 10000-25000 ലിറ്റർ ജലം സംഭരിക്കും. മഴ സമയത്ത് വന്യജീവികൾക്ക് ദാഹജലം സംഭരിക്കാനും വന്യജീവി ആക്രമണങ്ങളെ ഒരു പരിധി വരെ തടയാനും ജൈവ തടയണകൾ സഹായിക്കും. 55 വിദ്യാർഥിനികളും 2 അധ്യാപകരും സംഘത്തിലുണ്ടായിരുന്നു. സമാപന ചടങ്ങിൽ ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് എം.പ്രഹ്ലാദൻ, കോഡിനേറ്റർ എ.ജി.ശശികുമാർ, ആർ.സന്തോഷ്, എസ്.ഗുരുവായൂരപ്പൻ, പി.അരവിന്ദാക്ഷൻ, ജിലു വർഗീസ്, സിസ്റ്റർ ടെസീന, പി.ഇമ്മട്ടി, എ.എം.അനാമിക, റിയ പോളി എന്നിവർ പ്രസംഗിച്ചു.