തന്ന കയറിന്റെ തുക നൽകുമോ...?കയർ ഫെഡ് നൽകാനുള്ളത് 5.60 ലക്ഷം രൂപ
Mail This Article
മാള ∙ കയർ ഫെഡ് സ്വീകരിച്ച കയറിന്റെ വിലയായ 5.60 ലക്ഷം രൂപ 5 മാസമായി ലഭിക്കാത്തത് കയർ സംഘങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. പുത്തൻചിറ കയർ സംഘത്തിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥ. മാസങ്ങളോളം കെട്ടിക്കിടന്ന കയർ കയർ ഫെഡ് ഏറ്റെടുത്തത് നേരിയ ആശ്വാസം സംഘത്തിനു നൽകിയെങ്കിലും ഇതിന്റെ തുക ലഭിക്കാത്തത് ആശങ്കയ്ക്കു ഇടയാക്കുകയാണിപ്പോൾ.
23 പേരാണ് സംഘത്തിലുള്ളത്. ഇതിൽ 350 മുതൽ 400 രൂപ വരെ ലഭിക്കുന്നവരുണ്ട്. 25 കിലോഗ്രാം കയർ പിരിച്ചാൽ ഒരാൾക്ക് 350 രൂപയാണ് കൂലിയായി ലഭിക്കുന്നത്. മടലടിക്ക് 400 രൂപ വരെ ലഭിക്കും. ഈ തുകയിൽ 110 രൂപ സർക്കാർ വിഹിതവും ബാക്കി തുക സംഘവുമാണ് ജീവനക്കാർക്ക് നൽകുന്നത്. ഇതിൽ സർക്കാർ വിഹിതം താമസമില്ലാതെ ലഭിക്കുന്നുണ്ടെന്നു സംഘം പ്രസിഡന്റ് സർവൻ പറഞ്ഞു. എന്നാൽ, കയർ ഫെഡിൽ നിന്ന് തുക ലഭിക്കാത്തതിനാൽ സംഘത്തിന്റെ വിഹിതമായ തുക നൽകാൻ ആകുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ പ്രവർത്തന മൂലധനം ഒന്നര ലക്ഷം രൂപ സംഘത്തിന് ലഭിച്ചത് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്. കയർ സ്വീകരിക്കുന്നതിന്റെ തുക താമസമില്ലാതെ ലഭിച്ചാൽ മാത്രമാണ് സംഘങ്ങളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പോകൂ. ജില്ലയിൽ 36 സംഘങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ 19 സംഘങ്ങൾ മാത്രമാണ് പ്രവർത്തനം നടത്തുന്നത്. ഭൂരിഭാഗം സംഘങ്ങളും കടുത്ത സാമ്പത്തിക ബാധ്യതയിലായതിനാലാണ് പൂട്ടേണ്ട ഗതികേടിലേക്കെത്തിയത്.