പുലിയെത്തേടി പുഴയിലേക്കും; പരക്കെ തിരഞ്ഞിട്ടും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല

Mail This Article
ചാലക്കുടി ∙ നഗരപരിസരത്തു നിന്ന് പുലിയുടെ സിസിടിവി ദൃശ്യം ലഭിച്ചതിനെ തുടർന്നുള്ള ആശങ്കകൾക്ക് അറുതിയായില്ല. പുഴയിലും കരയിലുമൊക്കെ തിരഞ്ഞെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നു വനംവകുപ്പ് അറിയിച്ചു. പുലിയെ കണ്ടെന്ന രീതിയിൽ പരിഭ്രാന്തരായി പലരും വിളിച്ചെങ്കിലും ആ ഭാഗങ്ങളിലെ പരിശോധനകളിലും പുലിയുടെ കാൽപാടുകളടക്കമുള്ള സൂചനകൾ ലഭിച്ചില്ലെന്നു ഡിഎഫ്ഒ എം.വെങ്കിടേശ്വരൻ അറിയിച്ചു.
എസ്എച്ച് കോളജ്, പടിഞ്ഞാറെ ചാലക്കുടി, മോനപ്പിള്ളി, മുരിങ്ങൂർ മണ്ടിക്കുന്ന് എന്നിവിടങ്ങളിൽ പുലിയെ കണ്ടെന്നാണു നാട്ടുകാർ അറിയിച്ചത്. കണ്ണമ്പുഴ ക്ഷേത്രം റോഡിലെ വീട്ടുപറമ്പിൽ 24നു പുലി ഇറങ്ങിയെന്നാണു ദൃശ്യങ്ങളിൽ വ്യക്തമായത്. ഈ വീട്ടുപറമ്പിലും കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം തെക്കേടത്തു മന വളപ്പിലും നേരത്തെ പുലിയുടെ കാൽപാടുകൾ കണ്ടിരുന്നു. എന്നാൽ മറ്റൊരിടത്തും കാൽപാടുകൾ കണ്ടില്ല. പുലിക്കായി കൂടും നിരീക്ഷിക്കാൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ആറങ്ങാലിക്കടവിൽ നിന്ന് എത്തിച്ച ഫൈബർ ബോട്ട് ഉപയോഗിച്ചാണു പുഴയുടെ ഇരുകരകളിലും തിരച്ചിൽ നടത്തിയത്. തെർമൽ ക്യാമറ ഉപയോഗിച്ചായിരുന്നു പരിശോധന. പുഴയോരത്തെ കാടുകളിലോ മരങ്ങൾക്കു മുകളിലോ പുലി പതുങ്ങിയിരിക്കാനുള്ള സാധ്യത യുള്ളതിനാലാണ് ഈ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം രൂപീകരിച്ച കമ്മിറ്റി സംഭവസ്ഥലം പരിശോധിച്ച ശേഷമാണു പുലിയെ പിടികൂടാനായി കൂടു സ്ഥാപിച്ചത്.
പുലി വഴി
വനമേഖലയിൽ നിന്ന് 17 കിലോമീറ്റർ ദൂരെയുള്ള സ്ഥലമാണ് ചാലക്കുടി പട്ടണം. ഇവിടെ നിന്ന് പുലി ടൗണിൽ എത്തണമെങ്കിൽ ദേശീയപാത മുറിച്ചു കടന്നെത്തണം. പുഴ മാർഗവും എത്താം. ടൗണിന്റെ പടിഞ്ഞാറൻ മേഖലയിലേക്ക് എത്തണമെങ്കിൽ റെയിൽവേ ലൈൻ മറി കടക്കണം. പുഴയോര കാടുകളും വ്യക്തികളുടെ കാടുമൂടി കിടക്കുന്ന പറമ്പുകളും പുലിക്കു പതുങ്ങിയിരിക്കാൻ സൗകര്യമുള്ള സ്ഥലങ്ങളാണ്. മരങ്ങളുടെ മുകളിലും പുലി തങ്ങാൻ സാധ്യതയുണ്ട്. 14നു കൊരട്ടി ചിറങ്ങര മംഗലശേരിയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ വിളിക്കൂ. ഫോൺ: 9188407329 (ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ).