ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ കൽപറ്റ, മാനന്തവാടി, ബത്തേരി ടൗണുകളിൽ ഹർത്താലനുകൂലികൾ തടഞ്ഞു. കൽപറ്റ നഗരത്തിലേക്ക് പ്രവേശിച്ച ദീർഘദൂര ബസുകളെ ഹർത്താലനുകൂലികൾ ബൈപാസ് വഴി തിരിച്ചുവിട്ടു.

പ്രതിഷേധക്കാരോടു മോശമായി പെരുമാറിയെന്നാരോപിച്ച് കാർ യാത്രക്കാരനെ സമരക്കാർ തടഞ്ഞിട്ടു. പിന്നീട് വിട്ടയച്ചു. സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫിസുകളിൽ ഹാജർ നില നന്നേ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ജില്ലാ അതിർത്തിയായ ലക്കിടിയിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു. ഇന്നലെ രാവിലെ ഏഴരയോടെയാണു പ്രകടനമായെത്തിയ പ്രവർത്തകർ ലക്കിടിയിലെ പ്രവേശന കവാടത്തിൽ വാഹനങ്ങൾ തടഞ്ഞത്. റോഡിൽ കുത്തിയിരുന്ന് ഹർത്താലനുകൂലികൾ മുദ്രാവാക്യം വിളിച്ചു. ചുരത്തിൽ അൽപസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ദുരന്തബാധിത പഞ്ചായത്തായ മേപ്പാടിയിലും ഹർത്താൽ പൂർണമായിരുന്നു. നിരത്തിലിറങ്ങിയ വാഹനങ്ങളെല്ലാം ഹർത്താലനുകൂലികൾ തടഞ്ഞിട്ടു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ബത്തേരിയിൽ കെഎസ്ആർടിസി 15 ദീർഘദൂര സർവീസുകൾ നടത്തി. പ്രാദേശിക സർവീസുകൾ ഇല്ല. വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും തുറന്നു പ്രവർത്തിച്ചില്ല. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അതേസമയം, രാത്രികാല ഗതാഗത നിരോധനമുള്ളതിനാൽ ദേശീയപാത 766ൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു ഫലത്തിൽ ഹർത്താൽ 21 മണിക്കൂറായി.

മാനന്തവാടിയിലും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെഎസ്ആർടിസി ഇന്നലെ രാവിലെ ചുരുക്കംചില കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നടത്തി.ഗാന്ധി പാർക്കിൽ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. ടൗണിൽ തുറന്ന് പ്രവർത്തിച്ച ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും എൽഡിഎഫ് പ്രവർത്തകർ പൂട്ടിച്ചു. പ്രധാന ടൗണുകളിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. അനിഷ്ട സംഭവങ്ങൾ തടയാനായി വൻ പൊലീസ് സന്നാഹത്തെയും പ്രധാന ടൗണുകളിൽ വിന്യസിച്ചിരുന്നു.

ഹർത്താലിനിടെ പാസ്പോർട്ട് സേവ കേന്ദ്രത്തിന്റെ വാഹനം സമരാനുകൂലികൾ തടഞ്ഞപ്പോൾ. കൽപറ്റ ഹെഡ്പോസ്റ്റ് ഓഫിസിൽ പ്രധാനമന്ത്രി ഓൺലൈനായി പങ്കെടുക്കുന്ന പരിപാടിയിലേക്ക് എത്തിയതായിരുന്നു വാഹനം. ഹർത്താലനുകൂലികൾ മണിക്കൂറുകളോളം വാഹനം റോഡിൽ തടഞ്ഞുവച്ചു. ചിത്രം: മനോരമ
ഹർത്താലിനിടെ പാസ്പോർട്ട് സേവ കേന്ദ്രത്തിന്റെ വാഹനം സമരാനുകൂലികൾ തടഞ്ഞപ്പോൾ. കൽപറ്റ ഹെഡ്പോസ്റ്റ് ഓഫിസിൽ പ്രധാനമന്ത്രി ഓൺലൈനായി പങ്കെടുക്കുന്ന പരിപാടിയിലേക്ക് എത്തിയതായിരുന്നു വാഹനം. ഹർത്താലനുകൂലികൾ മണിക്കൂറുകളോളം വാഹനം റോഡിൽ തടഞ്ഞുവച്ചു. ചിത്രം: മനോരമ

ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് തള്ളിക്കയറി പ്രതിഷേധം
രാവിലെ പതിനൊന്നോടെ യുഡിഎഫ് പ്രവർത്തകർ കൽപറ്റയിലെ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരോട് കേന്ദ്ര, കേരള സർക്കാരികൾ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ചാണു യുഡിഎഫ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ഗേറ്റിനു മുന്നിലെ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ കോംപൗണ്ടിനുള്ളിലേക്ക് തള്ളിക്കയറി. ഒന്നര മണിക്കൂറോളം പ്രവർത്തകർ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൽപറ്റ നിയോജക മണ്ഡലം ചെയർമാൻ ടി.ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, യുഡിഎഫ് കൺവീനർ പി.പി.ആലി, റസാഖ് കൽപറ്റ, ടി.ജെ.ഐസക്, സലിം മേമന, സി.ജയപ്രസാദ്, പി.വിനോദ്കുമാർ, പ്രവീൺ തങ്കപ്പൻ, നജീബ് കരണി, കെ.കെ.ഹനീഫ തുടങ്ങിയവർ ‌പ്രസംഗിച്ചു.

ഹർത്താലിൽ വാഹനം കിട്ടാതെ ബുദ്ധിമുട്ടിലായ ഓസ്ട്രേലിയൻ സ്വദേശി വിറ്റൊ.
ഹർത്താലിൽ വാഹനം കിട്ടാതെ ബുദ്ധിമുട്ടിലായ ഓസ്ട്രേലിയൻ സ്വദേശി വിറ്റൊ.

ഹർത്താലിൽ കുടുങ്ങി വിദേശ സഞ്ചാരികളും
കൽപറ്റ ∙ ഹർത്താലാണെന്നറിയാതെ നഗരത്തിലെത്തി കുടുങ്ങി വിദേശ സഞ്ചാരിയും. ഓസ്ട്രേലിയക്കാരനായ വിറ്റൊയാണു വഴിയിൽ കുടുങ്ങിയത്. മുംബൈ മുതൽ ദക്ഷിണേന്ത്യ മുഴുവൻ ഒറ്റയ്ക്കു കറങ്ങി ഒടുവിലാണ് കേരളത്തിലെത്തിയത്. വയനാടു മുഴുവൻ കണ്ടു തിരിച്ചു പോകാൻ‍ ഇറങ്ങിയതായിരുന്നു. ഹർത്താലാണെന്നറിഞ്ഞതോടെ വൈകിട്ടു 3നു കോഴിക്കോടു നിന്നുള്ള വിമാനം നഷ്ടപ്പെടുമോയെന്ന ആശങ്കയിലായിരുന്നു വിറ്റൊ. എന്നാൽ, തനിക്ക് അൽപം അസൗകര്യം ഉണ്ടായെങ്കിലും അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുക തന്നെ വേണമെന്ന് വിറ്റൊ പറഞ്ഞു. ഏറെനേരത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ദീർഘദൂര സ്വകാര്യബസിൽ വിറ്റോ കോഴിക്കോട്ടേക്കു മടങ്ങി.

English Summary:

The UDF and LDF have called for a hartal in Kalpetta, Wayanad, protesting the Central Government's refusal to grant a special economic package for the devastating Mundakkai-Chooralmala landslide. The hartal saw widespread support, with shops closed and transportation disrupted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com