ADVERTISEMENT

എക്‌സിക്യൂട്ട് മാനേജറായി ജോലി ചെയ്യുന്ന ഭര്‍ത്താവ്. സണ്ടര്‍ലാന്‍ഡ് സര്‍വകലാശാലയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദപഠനത്തിനു ശേഷം ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ ട്രെയ്‌നി എയര്‍ ഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന ഭാര്യ. അഞ്ചു വര്‍ഷം കൊണ്ടു ലണ്ടന്‍ നഗരത്തില്‍ നേടിയെടുത്ത ഉന്നത നിലവാരം പുലര്‍ത്തുന്ന ജീവിതസൗകര്യങ്ങള്‍. ഇന്ത്യയിലെ ഒരു ശരാശരി വ്യക്തിയില്‍ അസൂയ ജനിപ്പിക്കുന്ന ഇത്തരം കാര്യങ്ങളെല്ലാം വേണ്ടെന്നു വച്ചാണു ഗുജറാത്തി ദമ്പതികളായ രാംഡേയും ഭാരതി ഖുതിയും തങ്ങളുടെ ഇന്ത്യന്‍ ഗ്രാമത്തിലേക്കു മടങ്ങുന്നത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചു കൊണ്ട്, ജൈവകൃഷി ജീവിതമാര്‍ഗ്ഗമാക്കി, ഗ്രാമത്തിന്റെ സ്വച്ഛതയിലും ശാന്തിയിലും ജീവിക്കുക എന്നതായിരുന്നു ലക്ഷ്യം. 

ഇവരുടെ തീരുമാനം അറിഞ്ഞവരെല്ലാം ഒരേ സ്വരത്തില്‍ അതു വന്‍ അബദ്ധമാണെന്നു വിധിയെഴുതി. എന്നാല്‍ നഗരവത്ക്കരണത്തിന്റെ ഇക്കാലത്തും എങ്ങനെ സുസ്ഥിരവും ശാന്തവും ആരോഗ്യകരവുമായ ഗ്രാമീണ ജീവിതം നയിക്കാം എന്നതിന്റെ പാഠപുസ്തകമാവുകയാണ് അഞ്ചു വർഷത്തിനിപ്പുറം ഇവര്‍. ജൈവകൃഷി നടത്തി, മണ്‍പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത്, പ്രാദേശിക ഉത്സവങ്ങളില്‍ പങ്കെടുത്ത് അല്ലലില്ലാതെ തങ്ങളുടെ ഗ്രാമീണ ജീവിതം ആഘോഷമാക്കുകയാണ് ഈ ദമ്പതികള്‍. തങ്ങളുടെ ജീവിതം ഒപ്പിയെടുത്ത് കൊണ്ട് ഇവര്‍ ആരംഭിച്ച യൂടൂബ് വ്‌ളോഗായ ''ലീവ് വില്ലേജ് ലൈഫ് വിത്ത് ഓം ആന്‍ഡ് ഫാമിലി''ക്ക് നാലരലക്ഷത്തിലധികം വരിക്കാരാണുള്ളത്. 

Ramde-Bharati-Khuti-son

പോര്‍ബന്തര്‍ ജില്ലയിലെ ബേരാന്‍ ഗ്രാമത്തിലാണ് രാംഡേ ഖുതി ജനിച്ചതും വളര്‍ന്നതുമെല്ലാം. തന്റെ ഗ്രാമീണ വേരുകളാണ് ലണ്ടനിലെ സുഖസൗകര്യങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോളും രാംഡേയെ മടക്കിക്കൊണ്ടു വന്നത്. വിവാഹം കഴിഞ്ഞു ആറു മാസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ലണ്ടനിലേക്കു പോകുന്നത്. ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡിലായിരുന്നു ഇവരുടെ വീട്. ലണ്ടനില്‍ നല്ല നിലയില്‍ ജീവിതം ആരംഭിച്ചെങ്കിലും ഇവര്‍ അവിടുത്തെ പൗരന്മാരാകുന്നതിനെ കുറിച്ചു ചിന്തിച്ചു കൂടിയില്ല. 2014ല്‍ മകന്‍ ഓം പിറന്നതോടെയാണ് തങ്ങളുടെ ഭാവിയെ കുറിച്ച് ഇവര്‍ ഗൗരവമായ പുനര്‍വിചിന്തനം നടത്തിയത്. രാംഡേയുടെ മാതാപിതാക്കളുടെ ആരോഗ്യം ഇക്കാലയളവില്‍ വഷളായി. നാട്ടിലേക്കു തിരിച്ചെത്തി ഇവരെ നോക്കണമെന്ന ആഗ്രഹം ഈ ദമ്പതികള്‍ക്കുണ്ടായി. 

നാട്ടിലേക്കു മടങ്ങിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു ലണ്ടനില്‍ പഠിച്ചു നേടിയ ജോലിയും വീടും സൗകര്യങ്ങളുമെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന ചിന്ത ഇവരെ വലച്ചു. പക്ഷേ അതിലും വലുതായിരുന്നു സ്വന്തം ഗ്രാമം എന്ന ആകര്‍ഷണം. ഒടുവില്‍ ഗ്രാമത്തിന്റെ വിളി ഇവര്‍ കേട്ടു. മകനുമായി തിരികെ ഇന്ത്യയിലേക്ക്. 

2015ല്‍ അങ്ങനെ അവര്‍ ബേരാന്‍ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. 200ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ചെറിയൊരു ഗ്രാമമാണ്‌

ബേരാന്‍.കുടുംബത്തിനു കൃഷി പുത്തരിയായിരുന്നില്ലെങ്കിലും രാസവളം ഉപയോഗിച്ചുള്ള കൃഷിയായിരുന്നു അവര്‍ പിന്തുടര്‍ന്ന് വന്നിരുന്നത്‌. ഇതിനൊരു മാറ്റം വരുത്തി ജൈവരീതിയിലേക്ക് തിരിയാന്‍ രാംഡേയും ഭാരതിയും തീരുമാനിച്ചു. 

കുടുംബത്തിന് സ്വന്തമായിട്ടുണ്ടായിരുന്ന ഏഴു ഏക്കര്‍ സ്ഥലത്തു അവര്‍ നിലക്കടലയും ജീരകവും മല്ലിയും എള്ളും ചോളവും കാലികള്‍ക്കായുള്ള പുല്ലും വളര്‍ത്താന്‍ ആരംഭിച്ചു. എല്ലാം പൂര്‍ണ്ണമായും ജൈവരീതിയില്‍. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും പകരം ജൈവവസ്തുക്കള്‍ ഉപയോഗിച്ചു. പോത്തുകളെ വാങ്ങി പരമ്പരാഗത ഡയറി ഫാം വീട്ടിലാരംഭിച്ചു. 

ഇരുവരും അങ്ങനെ മുഴുവന്‍ സമയ കൃഷിക്കാരായി മാറി. അപ്പോഴാണ് ഇതൊക്കെ ഉള്‍പ്പെടുത്തി ഒരു വിഡിയോ ലോഗ് ആരംഭിക്കുന്നതിനെ പറ്റി ഭാരതി ചിന്തിച്ചത്. ഗ്രാമങ്ങളിലെ ജീവിതം ബുദ്ധിമുട്ടേറിയതും പിന്നാക്കവുമാണെന്ന കാഴ്ചപ്പാടാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ശരിയായി രീതിയില്‍ കൃഷിയും വിപണനവുമെല്ലാം നടത്തിയാല്‍ അതൊരു മനോഹരമായ ജീവിതമാണെന്ന് തങ്ങളുടെ ജീവിതത്തിന്റെ വിഡിയോകളിലൂടെ തെളിയിക്കാനാണ് ഭാരതി ശ്രമിച്ചത്. അങ്ങനെ 2017ല്‍ ''ലീവ് വില്ലേജ് ലൈഫ് വിത്ത് ഓം ആന്‍ഡ് ഫാമിലി'' ആരംഭിച്ചു. വന്‍ സ്വീകരണമാണ് ഈ കുടുംബ വ്ലോഗിന് ലഭിച്ചത്. 

യൂടൂബിലെ വരിക്കാരെ കൂടാതെ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഈ ന്യൂജെന്‍ കര്‍ഷക കുടുംബത്തിന് നിരവധി ഫോളോവേഴ്‌സുണ്ട്. വിഡിയോകളില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം പലപ്പോഴും മകന്‍ ഓമും പ്രത്യക്ഷപ്പെടുന്നു. ഗുജറാത്തിലെ തന്നെ ഏറ്റവും ടോപ്പ് വ്ലോഗിങ്ങ് ചാനലുകളില്‍ ഒന്നാണ് ഇവരുടേത്. രാജ്യമെമ്പാടും ഇവര്‍ക്ക് ആരാധകരുമുണ്ട്. 

ജൈവകൃഷിയിലൂടെ വര്‍ഷം ഏഴു മുതല്‍ എട്ട് ലക്ഷം രൂപ വരെ ഇവര്‍ വരുമാനമുണ്ടാക്കുന്നു. വ്ലോഗില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമുള്ള വരുമാനം കൂടി ചേരുമ്പോള്‍ യുകെയിലെ ജോലിയേക്കാൾ സമ്പത്ത് സ്വന്തം നാട്ടില്‍ ഇവരുണ്ടാക്കുന്നു. ഈ വര്‍ഷം ഔദ്യോഗിക ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടെ തങ്ങളുടെ വില്‍പന വ്യാപിപ്പിക്കാനാണ് ഇവരുടെ ഉദ്ദേശ്യം. ആദ്യമൊക്കെ ഇവരെ സംശയത്തോടെ വീക്ഷിച്ചവര്‍ക്കും ഈ ദമ്പതികള്‍ ഇന്ന് റോള്‍ മോഡലുകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com