13 വർഷം, 100 ശതമാനം ഹാജർ; ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ മലപ്പുറം സ്വദേശി അക്ഷയ

Mail This Article
യുകെജി മുതൽ പ്ലസ് ടു വരെ 13 വർഷത്തെ സ്കൂൾ കാലത്ത് ഒരു ദിവസംപോലും ക്ലാസ് മുടക്കാതെ 100% ഹാജർ നേടി മലയാളി വിദ്യാർഥിനി അക്ഷയ വിസ്മയമാകുന്നു. അസുഖങ്ങളെയും ആലസ്യത്തെയുമൊക്കെ തോൽപിച്ച് അക്ഷയ സ്വന്തമാക്കിയ ഈ അപൂർവ നേട്ടം ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും ഇടംനേടി. രാമനാട്ടുകര അടിവാരത്തിൽ മണികണ്ഠന്റെയും മലപ്പുറം വേങ്ങര സ്വദേശി നിഷയുടെയും മകളായ എം.എൻ.അക്ഷയ ഇപ്പോൾ മഞ്ചേരി പുൽപറ്റയിലാണ് താമസം.
പ്രണയമാണ് ക്ലാസ് മുറിയോട്
പിതാവിന്റെ ജോലി ആവശ്യത്തിനായി കുടുംബം കോയമ്പത്തൂരിൽ സ്ഥിരതാമസം ആക്കിയതിനാൽ അവിടെയായിരുന്നു അക്ഷയയുടെ ബാല്യം. എൽകെജി മുതൽ 5–ാം ക്ലാസ് വരെ കോയമ്പത്തൂർ പുലിയകുളം വിദ്യാനികേതൻ സ്കൂളിൽ പഠിച്ചു. ചെറുപ്പം മുതൽ സ്കൂളിൽ പോകാൻ അത്യുത്സാഹം കാണിച്ചിരുന്ന അക്ഷയയെ മാതാപിതാക്കളും പ്രോത്സാഹിപ്പിച്ചു. പിന്നീട് മണികണ്ഠൻ കുടുംബ സമേതം മലപ്പുറം മഞ്ചേരിയിലേക്കു താമസം മാറിതോടെ 6 മുതൽ 10 വരെയുള്ള പഠനം മഞ്ചേരി നോബിൾ പബ്ലിക് സ്കൂളിലായിരുന്നു. വിദ്യാനികേതൻ സ്കൂളിലെ അറ്റൻഡൻസ് സർട്ടിഫിക്കറ്റുകളുമായി മഞ്ചേരി സ്കൂളിൽ ചേരാനെത്തിയ അക്ഷയയുടെ ആവശ്യം എല്ലാ ദിവസവും സ്കൂളിൽ വന്നാൽ തനിക്ക് സർട്ടിഫിക്കറ്റ് നൽകണം എന്നതായിരുന്നു. ഹാജർ സർട്ടിഫിക്കറ്റ് നൽകുന്ന കീഴ്‌വഴക്കമില്ലെന്നു പറഞ്ഞ സ്കൂൾ അധികൃതർ പക്ഷേ, ഒരു വർഷം മുടങ്ങാതെ ക്ലാസിൽ വന്ന അക്ഷയയുടെ ആവേശം കണ്ട് സർട്ടിഫിക്കറ്റ് നൽകാൻ തയാറായി. പിന്നീട് കരിപ്പൂർ എയർപോർട്ട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കുമ്പോഴും ഒരു ദിവസം പോലും അക്ഷയ പഠനം മുടക്കിയില്ല. ഈ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ചാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ് അധികൃതർ സർട്ടിഫിക്കറ്റ് നൽകിയത്. 76 ശതമാനം മാർക്കോടെയാണ് പ്ലസ് ടു പാസായത്.

പനിയും മറ്റുചില പഠിപ്പുമുടക്കികളും
സ്കൂളിൽ പോകാൻ മടിയില്ലാത്ത കുട്ടികളെപ്പോലും നിർബന്ധിച്ചു വീട്ടിലിരുത്തുന്ന വില്ലനാണല്ലോ പനി. 13 വർഷത്തിനിടെ, ഒരു രാത്രിയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനിപോലും മകൾക്ക് വന്നില്ല എന്നത് അനുഗ്രഹമാണെന്ന് മണികണ്ഠൻ പറയുന്നു. കരാട്ടെ താരമായ മണികണ്ഠൻ പരിശീലിപ്പിച്ച ചിട്ടയായ ജീവിതരീതിയും ആയുർവേദ മരുന്നുകളുമാണ് രോഗങ്ങളെ ജയിക്കാൻ അക്ഷയയ്ക്ക് തുണയായത്. ആരോഗ്യ സംരക്ഷണത്തിനായി സസ്യാഹാരവും കൃത്യമായ വ്യായാമവും പിന്തുടർന്നു. മലപ്പുറം ജില്ലാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണവും സംസ്ഥാന തലത്തിൽ വെള്ളിയും നേടി കായിക രംഗത്തും കഴിവു തെളിയിച്ചിട്ടുണ്ട് അക്ഷയ. ഖോഖൊ, കരാട്ടെ, ബാഡ്മിന്റൻ, കബഡി എന്നിവയും വഴങ്ങും.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ഖോഖൊ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് കണ്ണിനു പരുക്കേറ്റതാണ് ‘ക്ലാസ് ജീവിതത്തിലെ’ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് അക്ഷയ ഓർക്കുന്നു. പഠിപ്പു മുടക്കരുതെന്ന വാശിയിൽ മരുന്നുവച്ചു കെട്ടിയ കണ്ണുമായി പിറ്റേന്ന് സ്കൂളിലെത്തി. അതിന് അധ്യാപകരുടെ വഴക്കുകേട്ടതാകട്ടെ അച്ഛൻ മണികണ്ഠനും. ചടങ്ങുകൾക്കു ക്ഷണിക്കാനെത്തുന്ന ബന്ധുക്കളോട് അക്ഷയ മുഖത്തുനോക്കി പറയും: ‘അവധിദിവസമാണെങ്കിൽ വരാം. അല്ലെങ്കിൽ എനിക്ക് സ്കൂളിൽ പോകണം’. 2019 ഒക്ടോബറിൽ കോയമ്പത്തൂരിലുള്ള മുത്തച്ഛൻ മരിച്ചപ്പോഴും അവധിയെടുക്കാതെ സങ്കടം ഉള്ളിലൊതുക്കി അക്ഷയ യൂണിഫോം അണിഞ്ഞു. അടുത്ത അവധി ദിവസമാണ് കോയമ്പത്തൂരിലേക്കു വണ്ടികയറിയത്. ഇപ്പോൾ യുപി മീററ്റിലെ ശോഭിത് യൂണിവേഴ്സിറ്റിയിൽ ബിടെക് ബയോ ഇൻഫർമാറ്റിക് ഒന്നാം വർഷ വിദ്യാർഥിയായ അക്ഷയയ്ക്ക് ആവന്നത്ര പഠിക്കണമെന്നും പഠിക്കുന്നത്രയും കാലം ക്ലാസ് മുടക്കരുതെന്നുമാണ് ആഗ്രഹം. അക്ഷയയുടെ ആഗ്രഹം അത്ര ശക്തമായതുകൊണ്ടാവണം ഈ തലമുറ കണ്ട ഏറ്റവും വലിയ പഠിപ്പുമുടക്കിയായ കോവിഡ് പോലും അക്ഷയ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം മാത്രം എത്തിയത്.
English Summary: Achievers - India Book of Records Winner M. N. Akshaya for cent percent attendance