സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികയ്ക്കുള്ള പുരസ്കാരം നേടി പ്രിയ

Mail This Article
ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 14 വർഷമായി സ്പെഷൽ എജ്യുക്കേറ്ററായി ജോലി ചെയ്യുകയാണ് പ്രിയ. പി. നായർ എന്ന അധ്യാപിക. ആ നന്മ മനസ്സിലുള്ള അംഗീകാരം പുരസ്കാരമായി പ്രിയയെത്തേടി എത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിക്കൊണ്ടാണ് പത്തനംതിട്ട കോഴഞ്ചേരി ബിആര്‍സിയിലെ അധ്യാപികപ്രിയ പി. നായർ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ ഇടംപിടിച്ചത്. ഭിന്നശേഷി കുട്ടികൾക്കായി വര്‍ഷങ്ങളായി നടത്തുന്ന സേവനങ്ങളാണ് പ്രിയയെ പുരസ്കാരത്തിനർഹയാക്കിയത്.
Read Also : മാസ് കമ്യൂണിക്കേഷനിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം
ജനറൽ പിജിയും ബിരുദാനന്തര ബിരുദവുമെല്ലാം യോഗ്യതയുടെ പട്ടികയിലുണ്ടെങ്കിലും ഭിന്നശേഷിയുള്ള കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെ പ്രിയ സ്പെഷൽ ബിഎഡ് എടുക്കുകയായിരുന്നു. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ വീടുകളില്‍ നടത്തിയ ജൈവകൃഷി പദ്ധതി, പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ അനുരൂപീകരണ പാഠപുസ്തകം, പഠന സാമഗ്രികള്‍, കോവിഡ് കാലത്തെ വിഡിയോ ക്ലാസുകള്‍ തുടങ്ങി ഒരുപാട് പദ്ധതികൾ പ്രിയ വിജയകരമായി നടപ്പാക്കി.
ഇതുകൂടാതെ മട്ടുപ്പാവ് കൃഷിയുടെ സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവാണ് പ്രിയ. ഈ അവാര്‍ഡ് തുക ഉപയോഗിച്ച് കോഴഞ്ചേരി ബിഅര്‍സിയിലെ 8 കുട്ടികളുടെ വീട്ടിലാണ് ജൈവകൃഷി തെറാപ്പി പദ്ധതി തുടങ്ങിയത്. എട്ട് കുട്ടികളേയും പഞ്ചായത്തും കൃഷി ഭവനും കുട്ടിക്കര്‍ഷകരാക്കി ഏറ്റെടുത്തു. പ്രിയ തുടങ്ങി വച്ച കൃഷി 11 ബിആര്‍സികളിലെ മുന്നൂറിലധികം കുട്ടികളുടെ വീടുകളില്‍ നടപ്പിലാക്കി.
Content Summary : Priya got a state government special educator award