അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഒന്നാമത്; മാളവികയുടെ അടുത്ത ലക്ഷ്യം സിവിൽ സർവീസ്
Mail This Article
സിവിൽ സർവീസ് പരീക്ഷാ പരിശീലനമാണ് മാളവിക ഹരീഷിനെ കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിച്ചത്. നാലു വർഷത്തിലധികമായി സ്വയം പഠിച്ച് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും മികച്ച സ്ഥാ നത്തെത്തി. സിവിൽ സർവീസ്, കെഎഎസ് പ്രിലിംസും ജയിച്ചിരുന്നു. ഹൈദരാബാദ് ഇഫ്ളുവിൽനിന്ന് (ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി) എംഎ ഇംഗ്ലിഷ് കഴിഞ്ഞ ശേഷമാണ് മാളവിക സിവിൽ സർവീസ് മോഹവുമായ പരീക്ഷാപരിശീലനം തുടങ്ങിയത്. തുടക്കത്തിൽ കുറച്ചു നാൾ കോച്ചിങിനു പോയെങ്കിലും കോവിഡ് ലോക്ഡൗണായതോടെ സ്വയം പഠനം തുടങ്ങി.
തൊഴിൽവീഥി ഉൾപ്പെടെയുളള പ്രസിദ്ധീകരണങ്ങൾ പഠനത്തിന് ഉപയോഗപ്പെടുത്തി. ജനറലായുള്ള വിവരശേഖരണത്തിനും മാതൃകാ/സോൾവ്ഡ് പേപ്പറുകൾക്കും ഇത് ഏറെ പ്രയോജനപ്പെട്ടതായി മാളവിക പറയുന്നു. ഓൺലൈനിൽനിന്നു ലഭിക്കുന്ന വിവരങ്ങളും ശേഖരിച്ചു. പിഎസ്‌സി പരീക്ഷകളുടെ പാറ്റേൺ മാറിയത് സിവിൽ സർവീസ് പരിശീലനം നടത്തുന്നവർക്കു നേട്ടമായെന്നാണു മാളവികയുടെ വിലയിരുത്തൽ. ഇതോടെ, പിഎസ്‌സി പരീക്ഷയ്ക്കു മാത്രമായി പ്രത്യേക പരിശീലനം നടത്തേണ്ട. സിവിൽ സർവീസ് പരിശീലനം നടത്തുന്ന ധാരാളം പേർ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഇപ്പോൾ മുൻനിര റാങ്കുകൾ കരസ്ഥമാക്കുന്നത് പുതിയ പരിക്ഷാരീതിയുടെ മെച്ചമായി മാളവിക എടുത്തുപറയുന്നു. തിരുവല്ല കവിയൂർ പടിഞ്ഞാറ്റിൻചേരി ലക്ഷ്മി ഭവനിൽ ഹരീഷ് കുമാറിന്റെയും ശ്രീലതയുടെയും മകളാണു മാളവിക. സഹോദരൻ ശ്രീധർ. കമ്പനി/കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചാലും സിവിൽ സർവീസ് തയാറെടുപ്പ് തുടരാൻ തന്നെയാണു മാളവികയുടെ തീരുമാനം. അതിനിടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ജോലിയിലും കയറാമെന്നു പ്രതീക്ഷയുണ്ട്.