വ്യത്യസ്ത തരം പാമ്പുകളെക്കുറിച്ചറിയാം, സ്റ്റഫ്ഡ് പൂമ്പാറ്റകളെ കാണാം; പോന്നോളൂ ശാസ്ത്രയാൻ പ്രദർശനം കാണാൻ
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാല ശാസ്ത്രയാൻ പ്രദർശനത്തിൽ വിവിധ കാഴ്ചകളൊരുക്കി വകുപ്പുകൾ. വ്യത്യസ്ത പാമ്പുകളെ പരിചയപ്പെടുത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സമുദ്രജീവികളുടെ വിശേഷങ്ങൾ സന്ദർശകരുമായി പങ്കുവച്ച് സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും ശ്രദ്ധ നേടി.
അലങ്കാരപ്പക്ഷികളുടെ പ്രദർശനവും ശ്രദ്ധേയമായി. സിഡബ്ല്യുആർഡിഎം, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവയുടെ സ്റ്റാളുമുണ്ട്. സർവകലാശാലാ പഠനവകുപ്പുകളും ഒട്ടേറെ സ്റ്റാളുകൾ ഒരുക്കി. മുള ഉൽപ്പന്നങ്ങളുടെ പ്രദർശനം വഴി കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശകരെ ആകർഷിക്കുന്നു. സ്റ്റഫ്ഡ് പൂമ്പാറ്റകളും തുമ്പികളും കീടങ്ങളും ശാസ്ത്രയാൻ സ്റ്റാളിൽ സന്ദർശകർക്ക് കൗതുകമായി.
നൂറുകണക്കിന് ചെറു ജീവികളെ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചത് ജന്തുശാസ്ത്ര വിഭാഗത്തിന്റെ സ്റ്റാളിൽ കാണാം. ജീവനുള്ള പക്ഷികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രദർശനം 18ന് സമാപിക്കും. അന്ന് 10.30ന് പൊലീസ് സേനയുടെ കുറ്റാന്വേഷണ സഹായികളായ 8 നായ്ക്കളുടെ പ്രദർശനം ഒരുക്കും.
വിസി ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പിവിസി ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. റജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. പി.പി. പ്രത്യുമ്നൻ, ഡോ. ടി. വസുമതി, ശാസ്ത്രയാൻ കോ– ഓർഡിനേറ്റർ ഡോ. മുഹമ്മദ് ഷാഹിൻ തയ്യിൽ, പഠനവകുപ്പ് യൂണിയൻ ചെയർമാൻ ജോബിഷ് തുടങ്ങിയവർ പ്രസംഗിച്ചു.