ADVERTISEMENT

ജൻമദിന സമ്മാനമായി ജാഗ്വാറിനു പകരം ബിഎംഡബ്ല്യു കാർ നൽകിയതിൽ ക്ഷുഭിതനായി ഹരിയാനയിൽ ഒരു യുവാവ് ആ കാർ നദിയിലൊഴുക്കിയ സംഭവം ഈയിടെ കേട്ടപ്പോൾ എനിക്കു മുഹമ്മദ് അലി ശിഹാബിനെ ഓർമ വന്നു. എന്റെ നാട്ടുകാരനായതുകൊണ്ടു മാത്രമല്ല മലപ്പുറത്തുകാരൻ ശിഹാബിനെ ഞാൻ ഓർത്തത്; ആഗ്രഹിക്കുന്നതിലേറെ മക്കൾക്ക് ഒരുക്കിക്കൊടുക്കുന്ന മാതാപിതാക്കളുള്ള കാലത്ത്, അനാഥത്വത്തിന്റെ കയ്പിൽനിന്ന് ഐഎഎസിന്റെ പടവുകൾ കയറിയതുകൊണ്ടാണ്. 

ശിഹാബിന്റെ ആത്മകഥയായ ‘വിരലറ്റം’ അദ്ദേഹത്തിന്റെ കൈയൊപ്പോടെ എനിക്കു ലഭിച്ചത് അപ്രതീക്ഷിതമാണ്. ഹൃദയത്തോടു ചേർത്തുവയ്ക്കാൻ തോന്നിയ രചനാവൈഭവം. സിനിമാക്കഥകളെപ്പോലും വെല്ലുന്ന ജീവിതത്തോടു പടവെട്ടി ഉന്നതങ്ങളിലെത്തിയ അതിജീവനത്തിന്റെ നേരനുഭവം. ആരെയും അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളുടെ തീവ്രത. 

പതിനൊന്നാം വയസ്സിൽ അനാഥത്വത്തിലേക്കു വഴുതിവീണ ശിഹാബ്, മലയാളം ഓപ്ഷനൽ വിഷയമാക്കിയാണു സിവിൽ സർവീസ് പരീക്ഷയെ നേരിട്ടത്. ഇന്റർവ്യൂവിൽ പങ്കെടുത്തതും മലയാളത്തിൽത്തന്നെ. ആദ്യ ശ്രമത്തിൽത്തന്നെ 226–ാം റാങ്ക്, നാഗാലാൻഡ് കേഡറിൽ ഐഎഎസ്. വളരാനും വിജയിക്കാനും ഉന്നതങ്ങളിലെത്താനും സൗകര്യങ്ങളുടെ ആർഭാടങ്ങൾ വേണ്ട എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണു ശിഹാബ്.  

ഇന്ന് നമ്മുടെ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നതും അതിനപ്പുറവും ഒരുക്കിക്കൊടുക്കുകയാണു മാതാപിതാക്കൾ. കുട്ടികൾക്ക് എന്തു നൽകണം, എങ്ങനെ നൽകണം എന്നു പല മാതാപിതാക്കൾക്കും അറിയില്ല. അവർ കുട്ടികളുടെ ആവശ്യങ്ങൾക്കുമപ്പുറം സാധിച്ചുകൊടുത്തു മേനി ചമയുന്നു.  സ്‌നേഹം വിലകൊടുത്തു വാങ്ങുന്ന സംസ്‌കാരം. ഇതിലൂടെ കുട്ടികളിലുണ്ടാകുന്ന സാമൂഹിക മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അവരിൽ വളരുന്ന സ്വഭാവ വൈചിത്ര്യങ്ങൾ അറിയുന്നില്ല. 

‘മക്കളെ തല്ലി വളർത്തണം, തൈ വെട്ടി വളർത്തണം’ എന്നും ‘ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ട് അടിക്കണം’ എന്നുമൊക്കെ പഴമക്കാർ പറയാറുണ്ട്. എന്നാൽ, ഇന്നു കുട്ടികളുടെ മേലുള്ള ഇത്തരം ശാസനകൾ കുറ്റമായിത്തുടങ്ങി. ശിക്ഷിച്ചാൽ കുടുങ്ങുമെന്ന നിയമത്തിന്റെ പിൻബലം കൂടിയായപ്പോൾ മാതാപിതാക്കളും അധ്യാപകരും ശിക്ഷകളിൽനിന്നു പിന്മാറി. തല്ലിത്തന്നെ വളർത്തണമെന്നില്ല. പക്ഷേ, മാതാപിതാക്കളുടെ സ്നേഹപൂർണമായ വാക്കുകളിലൂടെ, കുട്ടികളുടെ ചില ആവശ്യങ്ങൾ തൽക്കാലം നിരസിക്കുന്നതിലൂടെയൊക്കെ അവർ ചെയ്ത കുറ്റത്തിന്റെ ആഴം കുട്ടിയെ ബോധ്യപ്പെടുത്താൻ കഴിയണം. 

സുഖലോലുപതയിൽ വളർത്തുന്നതിനു പകരം ആരോഗ്യപരമായ സാമൂഹികബോധം കുട്ടികളിൽ വളർത്തണം. നല്ലതും ചീത്തയും ശരിയും തെറ്റും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കണം. നല്ലൊരു വ്യക്തിത്വത്തിന് ഉടമയായി ജീവിക്കാൻ പരിചയിപ്പിക്കണം. ജീവിതത്തിന്റെ ലക്ഷ്യം തീർച്ചപ്പെടുത്തി, അതിനുവേണ്ടി പരിശ്രമിച്ചാൽ ആയിരമല്ല, പതിനായിരമല്ല, ലക്ഷക്കണക്കിനു ശിഹാബുമാരെ നമുക്കിവിടെ സൃഷ്ടിക്കുവാൻ കഴിയും, തീർച്ച. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com