ജെഇഇ മെയിൻ, അറിയാം പ്രവേശന സാധ്യതകൾ
Mail This Article
എൻഐടികളടക്കം ദേശീയതലത്തിൽ മികവേറിയ സ്ഥാപനങ്ങളിലെ എൻജിനീയറിങ് / ടെക്നോളജി, ആർക്കിടെക്ചർ / പ്ലാനിങ് ബിരുദപ്രവേശനത്തിന് 10 ലക്ഷത്തോളം കുട്ടികൾ മത്സരിച്ച ജെഇഇ മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2 സെഷനുകളിലും പങ്കെടുത്തവരുടെ മെച്ചമായ പ്രകടനം പരിഗണിച്ചാണു റാങ്ക് തീരുമാനിച്ചത്.
റാങ്ക് വന്നതോടെ ഏതു സ്ഥാപനത്തിൽ, ഏതു പ്രോഗ്രാമിൽ പ്രവേശനം കിട്ടുമെന്ന് അറിയാൻ കുട്ടികൾക്കു തിടുക്കമാകും. അതു കൃത്യമായി പ്രവചിക്കാൻ കഴിയില്ല. എങ്കിലും മുൻവർഷങ്ങളിൽ ഓരോ സ്ഥാപനത്തിലും ഓരോ വിഭാഗത്തിലും പ്രവേശനം കിട്ടിയവരുടെ അവസാന റാങ്ക് നോക്കിയാൽ ഏകദേശരൂപം കിട്ടും. സീറ്റുകളുടെ സംഖ്യ, കുട്ടികളുടെ മാറുന്ന താൽപര്യങ്ങൾ, ജോലിസാധ്യത, പ്രോഗ്രാമുകളെപ്പറ്റി പ്രചരിക്കുന്ന വിലയിരുത്തൽ മുതലായ ഘടകങ്ങൾ കാരണം മുൻവർഷങ്ങളിലെ റാങ്കുകൾ ഇത്തവണ അതുപോലെ ആവർത്തിക്കുകയില്ല.
ജോസയും തുടർന്നു സിഎസ്എബിയുമാണ് കുട്ടികളെക്കൊണ്ടു ചോയ്സ്–ഫില്ലിങ് നടത്തിച്ച്, സീറ്റ് അലോട്ട് ചെയ്യുന്നത്. ജോസ (JoSAA: ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി, https://josaa.nic.in), സിഎസ്എബി (CSAB: സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്, https://csab.nic.in). ജെഇഇ അഡ്വാൻസ്ഡ് ഫലം വന്നതിനുശേഷം ജൂൺ 19നു മാത്രമേ പൊതുകൗൺസലിങ് തുടങ്ങൂ.
ഐഐടി, എൻഐടി, ഐഐഐടി, മറ്റു സെൻട്രലി ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലേക്കെല്ലാം 2022 ൽ 6 റൗണ്ടുകളിൽ ‘ജോസ’ അലോട്മെന്റ് നടന്നു.
ഓരോ സ്ഥാപനത്തിലെയും ഓരോ കോഴ്സിലെയും ഓപ്പണിങ് റാങ്കും ക്ലോസിങ് റാങ്കും ജോസയുടെ വെബ്സൈറ്റിൽ അറിയാം. ഇതിൽ വീണ്ടും വിഭജനമുണ്ട്. എൻഐടികളിൽ HS (ഹോം സ്റ്റേറ്റ്), OS (അദർ സ്റ്റേറ്റ്സ്). ഇവയിലോരോന്നിലും OPEN (ഓപ്പൺ – ഇതിൽ എല്ലാ സംവരണവിഭാഗക്കാരെയും പരിഗണിക്കും), OPEN Female only, OPEN PwD (ഓപ്പൺ ഭിന്നശേഷി), EWS (സാമ്പത്തികപിന്നാക്കം), EWS Female only, OBC NCL (പിന്നാക്കം) OBC NCL Female only (പിന്നാക്കവനിത), OBC NCL PwD, SC (പട്ടികജാതി), SC PwD (പട്ടികജാതി ഭിന്നശേഷി), ST (പട്ടികവർഗം), SC PwD (പട്ടികവർഗ ഭിന്നശേഷി) തുടങ്ങി മുപ്പതോളം ഉപവിഭാഗങ്ങളിൽവരെ റാങ്കുകൾ വരും. HS–OS വിഭജനം ഐഐടികളിലില്ല. ഓരോ സ്ഥാപനത്തിലും 20% എങ്കിലും പെൺകുട്ടികൾ വരത്തക്കവിധം അധികസീറ്റുകൾ അനുവദിക്കുന്ന വ്യവസ്ഥയുമുണ്ട്്. ഇതിലും സംവരണം പാലിക്കും.
കഴിഞ്ഞ വർഷത്തെ ചില ക്ലോസിങ് റാങ്കുകൾ ഉദാഹരണത്തിനു കൊടുക്കുന്നു. (ഐഐടിക്കു തനതു റാങ്കാണ്) ഓരോ വിഭാഗത്തിലെയും കാറ്റഗറി റാങ്കുകളാണ് ‘ജോസ’യുടെ പട്ടികയിൽ. അതിനാൽ ഓപ്പൺ 9190, പിന്നാക്കത്തിലെ 3679 എന്നിവ താരതമ്യപ്പെടുത്താവുന്നവയല്ല. സ്വന്തം റാങ്ക് എൻടിഎയുടെ സൈറ്റിൽനിന്ന് അറിഞ്ഞിട്ടു സാധ്യത വിലയിരുത്തുക. ആദ്യറൗണ്ടിൽ സിലക്‌ഷനില്ലാത്തവർക്ക് തുടർന്നുള്ള റൗണ്ടുകളിൽ അവസരം കിട്ടാം. പട്ടികകളിൽ ഒന്നും ആറും റൗണ്ടുകളിലെ റാങ്ക്‌വ്യത്യാസങ്ങൾ ശ്രദ്ധിക്കുക.
പുതിയ അറിയിപ്പുകൾക്കായി വെബ്‌സൈറ്റുകൾ കൂടക്കൂടെ നോക്കണം.
ഈ വർഷത്തെ ഐഐടി പ്രവേശനം
ജെഇഇ മെയിൻ ബിഇ/ബിടെക് പേപ്പറിലെ മികച്ച രണ്ടരലക്ഷം പേർക്ക് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡിന് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം. https://jeeadv.ac.in. രണ്ടരലക്ഷം സീറ്റുകൾ സംവരണപ്രകാരം വകയിരുത്തുന്നതിങ്ങനെ: ഓപ്പൺ 96,187, ഓപ്പൺ ഭിന്നശേഷി 5063, സാമ്പത്തികപിന്നാക്കം 23,750, സാമ്പത്തികപിന്നാക്ക ഭിന്നശേഷി 1250, പിന്നാക്കം 64,125, പിന്നാക്ക ഭിന്നശേഷി 3375, പട്ടികവിഭാഗം 35,625, പട്ടികവിഭാഗ ഭിന്നശേഷി 1875, പട്ടികവർഗം 17,812, പട്ടികവർഗ ഭിന്നശേഷി 938. തുല്യ സ്കോറുകാർ വരുമെന്നതിനാൽ പ്രവേശനം കിട്ടുന്നവരുടെ മൊത്തം സംഖ്യ രണ്ടരലക്ഷത്തെക്കാൾ തെല്ലു കൂടുതലായിരിക്കും.
100 പെര്‍സന്‍റൈലിൽ തെലങ്കാനക്കരുത്ത്
ജെഇഇ മെയിൻ പരിക്ഷയിൽ 100 പെർസന്റൈൽ നേടിയവരിൽ 11 പേർ തെലങ്കാനയിൽ നിന്നാണ്. ആന്ധ്രപ്രദേശ്‍, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 5 പേർ വീതവും യുപിയിൽനിന്ന് 4 പേരും 100 പെർസന്റൈൽ നേടി. 94.473 പെർസന്റൈലുമായി ലക്ഷദ്വീപിൽ ലുക്മാനുൽ ഹക്കീം ആദ്യ സ്ഥാനത്തെത്തി. കേരളത്തിലെ പെൺകുട്ടികളിൽ എറണാകുളം സ്വദേശി അമൃത വിനേദ് ഒന്നാം സ്ഥാനം നേടി.
പരീക്ഷയിൽ കൃത്രിമം കാട്ടിയെന്നു സംശയിക്കുന്ന 15 പേരുടെ ഫലം തടഞ്ഞു. ജനുവരി, ഏപ്രില്‍ മാസങ്ങളിലായി നടന്ന ജെഇഇ മെയിൻ സെഷൻ 1,2 പരീക്ഷകൾ 11,13,325 പേരാണ് എഴുതിയത്. ഇതിൽ 3,38,963 പേർ പെൺകുട്ടികളും 3 പേർ ട്രാൻസ്ജെൻഡർ വിഭാഗക്കാരുമാണ്.
Content Summary : Understand the entrance possibility of JEE main