ADVERTISEMENT

ക്യാംപസ് പ്ലേസ്മെന്റ് നടപടിക്രമങ്ങൾ പുതിയ കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് ഒരു കമ്പനി ക്യാംപസിലെത്തി ഒന്നോ രണ്ടോ ദിവസം കൊണ്ടു നിയമനങ്ങൾ നടത്തുകയായിരുന്നെങ്കിൽ ഇപ്പോൾ ഒന്നിലേറെ ക്യാംപസുകളിലേക്ക് ഒരേസമയം നിയമനം നടത്തുന്ന വെർച്വൽ ഹയറിങ് രീതിയായിരിക്കുന്നു. മൂന്നോ നാലോ റൗണ്ടുകളിലായി കമ്പനികൾ നിയമന നടപടികൾ പൂർത്തിയാക്കുന്നു.

Read Also : ഉയർന്ന ശമ്പള ഓഫർ 2.40 കോടി രൂപ; ക്യാംപസ് പ്ലേസ്മെന്റ് : മാന്ദ്യത്തിലും കുതിച്ച് ഐഐടികൾ

ആദ്യം റജിസ്റ്റർ ചെയ്ത വിദ്യാർഥികളെയെല്ലാം പങ്കെടുപ്പിച്ചുള്ള വെർച്വൽ യോഗത്തിൽ കമ്പനിയുടെ സ്വഭാവം, പ്രവർത്തനരീതി, ശമ്പള വിവരങ്ങൾ തുടങ്ങിയവ വിശദീകരിക്കും. ആപ്റ്റിറ്റ്യൂഡ് & ഇംഗ്ലിഷ് എബിലിറ്റി ടെസ്റ്റാണ് ആദ്യ റൗണ്ട്. ഷോ‍ർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു കോഡിങ് റൗണ്ട്.

 

ഈ ഘട്ടത്തെ അതിജീവിക്കുന്നതിലാണു മിടുക്ക്. സമയവും കോഡ് നിബന്ധനകളും മനസ്സിൽ വച്ച്, ടെസ്റ്റ് കേസുകൾക്ക് ഉത്തരം കണ്ടെത്താനാകുന്ന ആൽഗരിതം ആവിഷ്കരിക്കണം. നാൽപതിലേറെ കമ്പനികൾ ഐഐഐടിയിൽ വന്നിട്ടുള്ള അനുഭവപരിചയം വച്ചുനോക്കിയാൽ മിക്ക കമ്പനികളും 70% ആണ് ഈ റൗണ്ടിൽ കട്ട്ഓഫ് ആയി നിശ്ചയിക്കാറുള്ളത്. ചില കമ്പനികൾ 50 ശതമാനവും (2 ചോദ്യങ്ങളുണ്ടെങ്കിൽ).

അടുത്തത് ഒരു മണിക്കൂർ വരെ നീളുന്ന ടെക്നിക്കൽ ഇന്റർവ്യൂവാണ്. വിദ്യാർഥിയുടെ ചിന്താരീതി, പ്രശ്നപരിഹാരശേഷി തുടങ്ങിയവയാകും ഇന്റർവ്യൂ ചെയ്യുന്നയാൾ വിലയിരുത്തുക. വാഗ്ദാനം ചെയ്യുന്ന പാക്കേജ് അനുസരിച്ചു ചില കമ്പനികൾ ഇത്തരം 2-3 റൗണ്ടുകൾ നടത്തും. തുടർന്ന് എച്ച്ആർ റൗണ്ട് കൂടി കഴിഞ്ഞാകും നിയമനം.

 

പ്രാക്ടിക്കൽ ആകുക

 

കോവിഡ് അനന്തര സാഹചര്യത്തിൽ ശ്രദ്ധേയമെന്നു തോന്നിയ ചില കാര്യങ്ങൾ:

 

mathew-cd-chunkappura
ഡോ. മാത്യു സി.ഡി. ചുങ്കപ്പുര

1) പാഠപുസ്തക അറിവിനെക്കാൾ പ്രധാനം സ്കിൽ ആണ്. തിയററ്റിക്കൽ ആകുന്നതിനെക്കാൾ പ്രാക്ടിക്കൽ ആകാൻ നോക്കുക.

 

2) തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ആദ്യം ഇന്റേൺഷിപ് നൽകുകയും തുടർന്ന് പൂർണ നിയമനം നൽകുകയുമാണു മിക്ക കമ്പനികളുടെയും രീതി. ഇന്റേൺഷിപ് കാലത്തെ പ്രകടനം അനുസരിച്ചാകും പൂർണ നിയമനം. ആ ഘട്ടത്തിൽ ഒറ്റത്തവണ ബോണസും പ്രതീക്ഷിക്കാം. ശേഷികൾ മെച്ചപ്പെടുത്താൻ ചില കമ്പനികൾ സർട്ടിഫിക്കേഷൻ കോഴ്സുകൾക്കും ചേർക്കും.

 

3) ശമ്പള ഓഫറുകൾക്കൊപ്പം ‘സിടിസി’ എന്നു പറയുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ‘കോസ്റ്റ് ടു ദ് കമ്പനി’ എന്നതിന്റെ ചുരുക്കപ്പേര്. ജോയിനിങ് ബോണസും റീലൊക്കേഷൻ ബോണസും നികുതിയുമെല്ലാം ചേർത്തുള്ള തുകയാകും സിടിസി. കയ്യിൽ കിട്ടുന്ന ശമ്പളം ഇതല്ല. കയ്യിൽ കിട്ടുന്ന തുകയും സിടിസി പോലെ തന്നെ ആകർഷകമെന്ന് ഉറപ്പു വരുത്തണം.

 

ഉദാഹരണത്തിന് സിടിസി വർഷം 10 ലക്ഷം രൂപയെന്നു കരുതുക. 9 ലക്ഷം ശമ്പളവും ഒരു ലക്ഷം പെർഫോമൻസ് ബോണസുമായിരിക്കും. 4200 രൂപ നിരക്കിൽ നികുതി പിടിച്ചശേഷം മാസം കയ്യിൽ കിട്ടുന്ന തുക 71,200 ആയിരിക്കും.

 

4) സിടിസി മാത്രം നോക്കി കമ്പനിയെ വിലയിരുത്തരുത്. രണ്ടോ മൂന്നോ കൊല്ലത്തിനുശേഷം ഇഎസ്ഒപി (കമ്പനി ഓഹരികൾ ജീവനക്കാർക്കു നൽകുന്ന രീതി), മികച്ച ശമ്പളവർധന തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന കമ്പനികളുണ്ട്.

 

പ്രാരംഭ തയാറെടുപ്പ്

 

1) കമ്പനിയെക്കുറിച്ചു വിശദമായി പഠിക്കുക. ഇന്റർനെറ്റിലെ ഇന്റർവ്യൂ അനുഭവങ്ങളും നോക്കുക.

 

2) രണ്ടോ മൂന്നോ ശ്രദ്ധേയ പ്രോജക്ടുകൾ ചെയ്യുക. ഒരു ടീമിന്റെ ഭാഗമായി നിങ്ങൾക്കു പ്രവർത്തിക്കാനാകുമെന്നതിന്റെ തെളിവാണത്. സ്റ്റാർട്ടപ്പുകളിലോ പറ്റുമെങ്കിൽ വൻകിട കമ്പനികളിലോ 2-3 ഇന്റേൺഷിപ്പുകൾ ചെയ്യുക.

 

3) പ്ലേസ്മെന്റ് ഡ്രൈവിനു മുൻപ് 8 മണിക്കൂറെങ്കിലും സുഖമായി ഉറങ്ങുക.

 

4) ശ്രദ്ധ നഷ്ടപ്പെടുത്താത്തവിധമുള്ള നല്ല അന്തരീക്ഷം ഉറപ്പാക്കുക.

 

 

ഇന്റർവ്യൂ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 

ആപ്റ്റിറ്റ്യൂഡ് റൗണ്ട്: ലോജിക്കൽ റീസണിങ് ചോദ്യങ്ങളുണ്ടാകും. അടിസ്ഥാന ഗണിതവും നമ്മുടെ ചിന്താശേഷിയും പരിശോധിക്കുന്നവ. ഇത്തരം ചോദ്യങ്ങൾ മുൻകൂട്ടി പരിശീലിക്കുക. വേണമെങ്കിൽ നോട്സും തയാറാക്കിവയ്ക്കുക.

കോഡിങ് റൗണ്ട്: നല്ലൊരു പ്രോഗ്രാമിങ് ഭാഷ അറിഞ്ഞിരിക്കണം. സി++, പൈത്തൺ എന്നിവയാണു കൂടുതൽ പേരും ഉപയോഗിക്കുന്നത്. മുൻവർഷങ്ങളിലെ കോഡിങ് ഇന്റർവ്യൂ ചോദ്യങ്ങൾ പരിശോധിക്കുക. കോഡ്ഷെഫ്, കോഡ്ഫോഴ്സ്, ഹാക്കർ എർത്ത്, ലീറ്റ്കോഡ് പോലുള്ള കോഡിങ് പ്ലാറ്റ്ഫോമുകളിൽ നല്ല പരിശീലനവും പ്രൊഫൈലും ഉറപ്പാക്കുക.

 

ടെക്നിക്കൽ റൗണ്ട്: ഡേറ്റാ സ്ട്രക്ചറുകളും ആൽഗരിതങ്ങളും, ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, നെറ്റ്‌വ‍‍‍ർക്കിങ്, എഐ / എംഎൽ പോലെയുള്ളവയുടെ നിർവചനം തുടങ്ങിയവ അറിഞ്ഞിരിക്കണം. 

 

എച്ച്ആർ റൗണ്ട്: അനാവശ്യ തയാറെടുപ്പു വേണ്ട. നിങ്ങൾ എങ്ങനെയോ, അങ്ങനെ തന്നെ പെരുമാറുക.

 

Content Summary : Top 8 Campus Placement Interview Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com