തെലങ്കാനയിൽ വൻ റിക്രൂട്മെന്റുമായി കിറ്റെക്സ്; ആദ്യ ഘട്ടത്തിൽ 25,000 പേർ

Mail This Article
കൊച്ചി ∙ കേരളത്തിന്റെ തൊഴിൽ നഷ്ടം തെലങ്കാനയുടെ നേട്ടം. സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ പദ്ധതികൾ തെലങ്കാനയിലേക്കു മാറ്റിയ കിറ്റെക്സ് ഗാർമെന്റ്സ് വാറങ്കലിലുള്ള ഫാക്ടറിയിലേക്ക് 25000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് ആദ്യ ഘട്ടം മാത്രമാണ്. സീതാരാംപൂരിലെ അടുത്ത പ്ലാന്റിലേക്കുള്ള തൊഴിലവസരങ്ങൾ കൂടി വരുമ്പോൾ അരലക്ഷം പേർക്കു തൊഴിൽ ലഭിക്കുമെന്ന് കിറ്റെക്സ് അധികൃതർ പറയുന്നു. അവിടെ കൂടുതൽ ഉൽപാദനം വരുന്നതനുസരിച്ച് കൊച്ചിയിൽ തൊഴിലവസരം കുറയുകയും ചെയ്തിട്ടുണ്ട്.
നേരത്തേ 11000 പേർ കൊച്ചി ഫാക്ടറിയിലുണ്ടായിരുന്നതിൽ ഘട്ടം ഘട്ടമായി 2000 പേരെ കുറച്ചു. വാറങ്കൽ ഫാക്ടറിയിൽ തൊഴിലിന് അപേക്ഷിക്കുന്നവരിൽ മലയാളികളുമുണ്ടെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് പറഞ്ഞു. വാറങ്കലിലെ പ്ലാന്റിൽ ഉൽപാദനം ചെറിയ തോതിൽ ആരംഭിച്ച് ദിവസം 15 ടണ്ണിലെത്തി. പൂർണതോതിലാവുമ്പോൾ തെലങ്കാനയിലെ 2 പ്ലാന്റുകളിൽ ദിവസം 170 ടണ്ണായിരിക്കും ഉൽപാദനം. 22.6 ലക്ഷം വസ്ത്രങ്ങൾ പ്രതിദിനം. കേരളത്തിൽ നിലവിൽ 9 ലക്ഷം വസ്ത്രങ്ങളാണ് പ്രതിദിന ഉൽപാദനം– 35 ടൺ. അതിനൂതന ഇലക്ട്രോണിക് പ്ലാന്റ് ആയതിനാൽ എൻജിനീയർമാരെയും ടെക്നീഷ്യൻമാരെയും വേണ്ടതുണ്ട്. 25000 പേരെ എടുക്കുമ്പോൾ ഏകദേശം 16000 പേർ തയ്യൽ ജോലി ചെയ്യുന്നവരായിരിക്കും. അതിൽ 80% വനിതകളും. രണ്ടു സ്ഥലത്തെ ഫാക്ടറികൾക്കുമായി 3400 കോടിയാണ് മുതൽമുടക്ക്. 550 ഏക്കർ ഭൂമി സൗജന്യ നിരക്കിൽ ലഭിച്ചതിനു പുറമേ, വൈദ്യുതി, ശുദ്ധജലം, തൊഴിൽ– താമസ സൗകര്യ സബ്സിഡി എന്നിവയും ലഭിക്കുന്നു.