ബ്രേക്കെടുക്കുന്ന സ്റ്റീവ് ജോബ്‌സ്, സംസാരം റിലാക്സാക്കുന്ന ജെഫ്, കൃത്യസമയം പാലിക്കുന്ന മസ്ക്; ജോലി സമ്മർദ്ദം കുറയ്ക്കാൻ 7 മാർഗങ്ങള്‍

Mail This Article
ജോലിസ്ഥലത്തെ അമിത സമ്മര്‍ദം നമ്മുടെ പ്രഫഷനല്‍ വളര്‍ച്ചയെ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യത്തെ തന്നെ ബാധിക്കാം. ജോലിയാകുമ്പോള്‍ പലവിധ വെല്ലുവിളികളൊക്കെ ഉണ്ടാകാം. ഡെഡ്‌ലൈന്‍ പ്രഫഷറുകളും ടാര്‍ഗറ്റുകളും നേരിടാം. പക്ഷേ, ഇതിനിടയിലും കൂളായി ജോലി ചെയ്യാനും സമ്മര്‍ദമകറ്റാനും സഹായിക്കുന്ന ചില വഴികള്‍ ഇതാ.
1. ചെറിയ ബ്രേക്ക് എടുക്കാം
വല്ലാതെ സമ്മര്‍ദം ഏറുന്നതായി കണ്ടാല്‍ ചെയ്യുന്ന ജോലി ഉടനടി നിര്‍ത്തിവച്ച് ചെറിയ ബ്രേക്ക് എടുക്കാം. പുറത്തിറങ്ങി ഒന്നു നടക്കുകയോ ശ്വസനവ്യായാമം ചെയ്യുകയോ ഒക്കെ ചെയ്യാം. ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് തന്റെ പല സുപ്രധാന മീറ്റിങ്ങുകളും നടന്നുകൊണ്ട് ചെയ്യുമായിരുന്നു. സമ്മര്‍ദം അകറ്റാനും സർഗാത്മകത വളര്‍ത്താനും ഇത്തരം നടന്നുകൊണ്ടുള്ള തൊഴില്‍ ചര്‍ച്ചകള്‍ സഹായിച്ചതായി സ്‌റ്റീവ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
2. ജോലികളെ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാം
മുന്‍ഗണന നല്‍കേണ്ട ജോലികള്‍ ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ ചെയ്‌തു തീര്‍ക്കേണ്ട ജോലികളുടെ പട്ടികതയാറാക്കുക. എന്നിട്ട് ഒരു സമയത്ത് ഒരു ജോലി എന്ന നിലയില്‍ ഇവ ഓരോന്ന് ഓരോന്നായി തീര്‍ക്കുക. വലിയ ജോലികളെ മാനേജ് ചെയ്യാവുന്ന ചെറിയ ചെറിയ ജോലികളായി വിഘടിപ്പിച്ച് ഓരോന്നു വച്ച് തീര്‍ത്തു മുന്നേറുക. തന്റെ തൊഴിലിടത്തിലെ ഏറ്റവും പ്രധാന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കാനായി സമര്‍പ്പിതമായ ജോലിസമയങ്ങള്‍ നിശ്ചയിക്കുന്ന പതിവ് ടെസ്‌ല സിഇഒ ഇലോൺ മസ്ക്കിനുണ്ട്. ഇത്തരത്തില്‍ ടാസ്‌കുള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത് സമ്മര്‍ദം കുറയ്‌ക്കും.
3. അടുക്കും ചിട്ടയും
ജോലി ചെയ്യുന്ന ഇടം മാത്രമല്ല ജോലി ചെയ്യുന്ന രീതിയിലും അടുക്കും ചിട്ടയും കൊണ്ടു വരുന്നത് സമ്മര്‍ദം കുറയ്‌ക്കും. ഇത് ഉൽപാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ഓരോ ദിവസവും വര്‍ക്ക് സ്‌പേസ് അടുക്കി വയ്‌ക്കാനായി ഏതാനും സമയം വിനിയോഗിക്കാം. ഫയലുകളും ഡോക്യുമെന്റുകളും അടുക്കി സൂക്ഷിക്കാം. ടാസ്‌കുകളും ഡെഡ്‌ലൈനുകളും ട്രാക്ക് ചെയ്യാനായി ആപ്പുകളെ ആശ്രയിക്കാം. ഇവയെല്ലാം സമ്മര്‍ദത്തെ നല്ലൊരളവില്‍ ലഘൂകരിക്കും.

4. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
മനസ്സിനെ അവിടിവിടെ അലയാന്‍ വിടാതെ ചെയ്യുന്ന ജോലിയില്‍ പരിപൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു നിര്‍ത്താന്‍ ശ്രമിക്കുക. സമ്മര്‍ദം വരുമ്പോള്‍ നിങ്ങളിലേക്കുതന്നെ ശ്രദ്ധയെ ചുരുക്കി ശാന്തമായിട്ട് ഇരിക്കുക.

5. വ്യക്തമായ ആശയവിനിമയം
ആമസോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജെഫ് ബെസോസ് പലപ്പോഴും തന്റെ ജീവനക്കാരെ വ്യക്തമായി ആശയവിനിയമം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. സുതാര്യമായും വ്യക്തമായും കാര്യങ്ങളെ അവതരിപ്പിക്കുന്നത് ആശയക്കുഴപ്പം ഇല്ലാതാക്കാനും അതു അതുവഴിയുള്ള സമ്മർദം കുറയ്‌ക്കാനും സഹായിക്കും. ഏതെങ്കിലും കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ ചോദിച്ചു മനസ്സിലാക്കുക. ചില കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ ഉറപ്പിക്കുന്നതിന് ഫീഡ്‌ബാക്ക് ചോദിക്കാന്‍ മടിക്കരുത്. ജോലിസംബന്ധമായ സന്ദേശങ്ങള്‍ ചുരുക്കി, ലളിതമായി അവതരിപ്പിക്കാനും ശ്രദ്ധിക്കണം.
6. നിത്യവും വ്യായാമം
കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസവും ഏതെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ജോലി സ്ഥലത്തിലെ മാത്രമല്ല, ജീവിതത്തിലെയും സമ്മർദം കുറയ്‌ക്കാന്‍ സഹായിക്കും. കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനും ശ്രമിക്കുക. ഉച്ചഭക്ഷണം കഴിയുമ്പോള്‍ ചെറുതായി ഓഫിസില്‍ കൂടിയാണെങ്കിലും നടക്കാനും മറക്കരുത്. സജീവമായ ജീവിതശൈലി ജോലിസ്ഥലത്തെയും സമ്മർദം അകറ്റും.
7. സഹായം ചോദിക്കാന്‍ മടി വേണ്ട
കടുത്ത തീരുമാനങ്ങളും വെല്ലുവിളി നിറഞ്ഞ ടാസ്‌കുകളുമൊക്കെ വരുമ്പോള്‍ ടീമിനോടും സഹപ്രവര്‍ത്തകരോടും ബോസിനോടുമൊക്കെ സഹായം ചോദിക്കാന്‍ മടി കാണിക്കരുത്. ടീം അംഗങ്ങളുമായി ജോലികള്‍ പങ്കുവച്ച് ചെയ്യുക. ജോലിസമ്മർദം അതിരു വിടുമ്പോള്‍ കമ്പനിയിലെ കൗണ്‍സിലിങ് സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്. മനസ്സു തുറന്ന് കാര്യങ്ങള്‍ സംസാരിക്കാന്‍ കുറഞ്ഞത് ഒരു സുഹൃത്തെങ്കിലും നിങ്ങള്‍ക്ക് ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.